ആധുനിക ഫുട്‌ബോളിലെ പകരംവെക്കാനില്ലാത്ത പ്രതിഭകളിലൊരാളാണ് നെയ്മര്‍. ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഒപ്പം നില്‍ക്കേണ്ട താരമായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് കരിയര്‍ തകര്‍ന്ന താരമാണ് നെയ്മര്‍. തുടര്‍ച്ചയായി കാലിന് പരിക്കേറ്റ നെയ്മര്‍ക്ക് ഏറെക്കാലം ടീമിന് പുറത്ത് നില്‍ക്കേണ്ടി വന്നു. ബാഴ്‌സലോണയും പിഎസ്ജിയും കടന്ന് സൗദി ക്ലബ്ബിലേക്കെത്തിയ നെയ്മര്‍ക്ക് പരിക്കിനെത്തുടര്‍ന്ന് ഇവിടെ നിന്നും പടിയിറങ്ങേണ്ടി വന്നു.
ഇതിന് ശേഷം ബ്രസീല്‍ ക്ലബ്ബായ സാന്റോസിലേക്ക് മടങ്ങിയെത്തിയ നെയ്മര്‍ അടുത്ത ലോകകപ്പിനായുണ്ടാവുമെന്ന വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കിയത്. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിലും നെയ്മര്‍ ഉള്‍പ്പെട്ടിരുന്നു. ഇതോടെ അദ്ദേഹം ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷ സജീവമാകവെ വീണ്ടും പരിക്ക് നെയ്മറെ ചതിച്ചിരിക്കുകയാണ്. സ്ഥിരമായി പരിക്കേല്‍ക്കുന്ന കാല്‍ക്കുഴക്കാണ് ഇത്തവണയും നെയ്മര്‍ക്ക് പരിക്കേറ്റിരിക്കുന്നത്.
ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ കൊളംബിയ, അര്‍ജന്റീന എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ നെയ്മര്‍ ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നെയ്മര്‍ക്ക് എപ്പോള്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന കാര്യത്തിലും ഇപ്പോള്‍ വ്യക്തതയില്ല. എന്നാല്‍ തന്റെ പരിക്ക് ഗുരുതരമല്ലെന്നും വൈകാതെ തിരിച്ചെത്തുമെന്നും നെയ്മര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നെയ്മര്‍ക്ക് എപ്പോള്‍ തിരിച്ചെത്താനാവുമെന്നത് കാത്തിരുന്ന് തന്നെ കാണണം.
നെയ്മര്‍ ഉള്‍പ്പെടുന്ന ബ്രസീല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനയെ നേരിടുന്നത് കാണാനാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ പരിക്ക് ഈ മോഹം തകര്‍ത്തിരിക്കുകയാണെന്ന് പറയാം. നെയ്മര്‍ക്ക് പകരം എന്‍ഡ്രിക്കിനെ ബ്രസീല്‍ ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. വരുന്ന ലോകകപ്പ് ബ്രസീലിന് അഭിമാന പ്രശ്‌നമാണ്. അവസാന സീസണില്‍ അര്‍ജന്റീനയും കപ്പിലേക്കെത്തിയതോടെ ബ്രസീലിന് വരുന്ന ലോകകപ്പില്‍ കപ്പ് നേടേണ്ടതായുണ്ട്.

തകര്‍പ്പന്‍ ടീം കരുത്ത് ബ്രസീലിനുണ്ട്. അതുകൊണ്ടുതന്നെ ഇടവേളക്ക് ശേഷം കപ്പിലേക്കെത്താമെന്നാണ് ബ്രസീലിന്റെ പ്രതീക്ഷ. നെയ്മറിന്റെ തിരിച്ചുവരവ് ആരാധകര്‍ക്ക് വലിയ ആവേശം നല്‍കുന്നതാണെങ്കിലും ടീമിനത് കാര്യമായ ഗുണം ചെയ്യാന്‍ സാധ്യതയില്ല. നെയ്മറിന്റെ തിരിച്ചുവരവിനെ പ്രകടനം നിലവാരം കാട്ടുന്നതായിരുന്നില്ല. പ്രായവും തുടര്‍ച്ചയായ പരിക്കും താരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
എന്നാല്‍ ഈ വെല്ലുവിളിയെ മറികടക്കാന്‍ കഴിവുള്ളവനാണ് നെയ്മറെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്തായാലും ബ്രസീലിന്റെ ലോകകപ്പ് കിരീട നേട്ടം ആരാധകര്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്ന് നിസംശയം പറയാം. ബ്രസീലിന് ഈ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.