ദില്ലി: രാജ്യം ആദ്യമായി വേദിയാവുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളിനെ ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇന്ത്യന്‍ ഫുട്‌ബോളിനു ലഭിച്ച സമ്മാനമെന്നാണ് ലോകകപ്പിനെ കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മറ്റോസ് വിശേഷിപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ നിലവാരത്തില്‍ ആരാധകര്‍ക്ക് അഭിമാനമുണ്ടാവും. ഈ ലോകകപ്പ് കഴിഞ്ഞാല്‍ ടീമിലെ താരങ്ങള്‍ക്കെല്ലാം എന്തു സംഭവിക്കുമെന്ന് അറിയില്ല. അവര്‍ കളി തുടരുക തന്നെ വേണം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് ആദ്യ പടിയായിരിക്കും ഈ ലോകകപ്പെന്നും മാറ്റോസ് അഭിപ്രായപ്പെട്ടു.

ബ്രസീല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫുട്‌ബോളിന്റെ നിലവാരത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്. അണ്ടര്‍ 13, 16 വിഭാഗങ്ങളില്‍ രാജ്യത്ത് കൂടുതല്‍ ടൂര്‍ണമെന്റുകള്‍ വരേണ്ടതുണ്ട്. രാജ്യം മുഴുവന്‍ തിരഞ്ഞാലും ഒരുപക്ഷെ ഇത്തരം ടൂര്‍ണമെന്റുകളിലൂടെ ലഭിക്കുന്ന പ്രതിഭകളെ കണ്ടെത്താന്‍ സാധിക്കില്ലെന്നും കോച്ച് ചൂണ്ടിക്കാട്ടി.

ലോകകപ്പിനുള്ള ടീമിനെ പരിശീലിപ്പിക്കാന്‍ തനിക്ക് ഏറെ സമയം ലഭിച്ചിട്ടില്ലെന്ന് മാറ്റോസ് സമ്മതിക്കുന്നു. യൂറോപ്പിലും മറ്റു രാജ്യങ്ങളിലുമായി നിരവധി മല്‍സരങ്ങള്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് ടീമിനുണ്ടെന്നത് സത്യമാണ്. എന്നാല്‍ കുറച്ചു കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ ടീമിനെ കുറേക്കൂടി മെച്ചപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും കോച്ച് പറഞ്ഞു.