ബംബോലിം(ഗോവ): പിള്ളേര് തുടങ്ങി, അതിഗംഭീരമായിട്ട്. ഐ ലീഗില്‍ ഇന്ത്യയുടെ ജൂനിയര്‍ ഫുട്‌ബോള്‍ ടീമായ ഇന്ത്യന്‍ ആരോസ് ആദ്യ മത്സരത്തില്‍ ചെന്നൈ സിറ്റി എഫ് സിയെ തകര്‍ത്തു (3-0).
അണ്ടര്‍ 17 ഫിഫ ലോകകപ്പ് ടീമംഗങ്ങളായ അനികേത് ജാദവും ബോറിസ് സിംഗ് താംഗ്ജമുമാണ് സ്‌കോര്‍ ചെയ്തത്. ഇരട്ട ഗോളുകളുമായി അനികേത് മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ ഡിഫന്‍ഡര്‍ ബോറിസ് സിംഗും ഗോളടിച്ച് താരമായി.

പോര്‍ച്ചുഗീസ് കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസിന്റെ കീഴില്‍ അണ്ടര്‍ 17 ലോകകപ്പ് കളിച്ച താരങ്ങളും അണ്ടര്‍ 19 താരങ്ങളുമാണ് ഇന്ത്യന്‍ ആരോസിലുള്ളത്. എ എഫ് സി മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കളിക്കാരും ഇതിലുണ്ട്. ദീര്‍ഘകാലം ഒരുമിച്ചു കളിക്കുന്നതിന്റെ ഒത്തിണക്കം ആരോസ് നിരയില്‍ കാണാം. വിദേശതാരങ്ങളില്ലാതെ ഐ ലീഗ് കളിച്ച ഏക ടീമും ആരോസാണ്.
ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ എന്നീ വമ്പന്‍മാര്‍ക്ക് വരെ ആരോസ് വലിയ ഭീഷണിയായി മാറിയേക്കും.