ഏഷ്യന്‍ കപ്പ്: ഇന്ത്യ സന്നാഹം മോശമാക്കിയില്ല... ഒമാനെ ഗോള്‍രഹിതമായി കുരുക്കി നീലക്കടുവകള്‍
അബുദാബി: ജനുവരിയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്കു സമനില. റാങ്കിങില്‍ തങ്ങളേക്കാള്‍ മുന്നിലുള്ള ഒമാനെ ഇന്ത്യ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ജയിച്ചതിന്റെ ആവേശത്തിലിറങ്ങിയ ഒമാനെ മികച്ച പ്രകടനത്തിലൂടെയാണ് ഇന്ത്യ സമനിലയില്‍ കുരുക്കിയത്.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയടങ്ങുന്ന ശക്തമായ ടീമിനെയാണ് ഈ മല്‍സരത്തില്‍ ഇന്ത്യ അണിനിരത്തിയത്. ഛേത്രിക്കൊപ്പം ജെജെ ലാല്‍പെഖുല ഇന്ത്യയുടെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. തൊട്ടുപിന്നില്‍ ഉദാന്ത സിങും ഹാളിചരണ്‍ നര്‍സാറെയും പ്രണോയ് ഹല്‍ദറുമുണ്ടായിരുന്നു. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും മലയാളി ഡിഫന്‍ഡര്‍ അനസ് എടത്തൊടിക ആദ്യ ഇലവനില്‍ കളിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിലെ ടീമംഗമായ സന്ദേഷ് ജിങ്കന്‍, സുഭാശിഷ് ബോസ്, പ്രീതം കോട്ടാല്‍ എന്നിവരായിരുന്നു പ്രതിരോധ നിരയിലെ മറ്റു താരങ്ങള്‍. അമരീന്ദര്‍ സിങ് ഗോള്‍വല കാക്കുകയും ചെയ്തു.
കളിയുടെ തുടക്കം മുതല്‍ ആക്രമണാത്മക ഫുട്‌ബോളാണ് ഒമാന്‍ കാഴ്ചവച്ചത്. ഏഴാം മിനിറ്റില്‍ തന്നെ അവരുടെ നല്ലൊരു ഗോള്‍ശ്രമം ഗോളി അമരീന്ദര്‍ സിങ് വിഫലമാക്കുകയായിരുന്നു. ഇന്ത്യ ചില കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും എല്ലാം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു.
രണ്ടാംപകുതിയില്‍ പകരക്കരാനായി ഇറങ്ങിയ മലയാളി താരം ആഷിഖ് കുരുണിയന്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. വിങിലൂടെ ആഷിഖിന്റെ ചില മിന്നല്‍ നീക്കങ്ങള്‍ ഒമാന്‍ പ്രതിരോധനിരയെ സമ്മര്‍ദ്ദത്തിലാക്കി. ആഷിഖിന്റെ മികച്ചൊരു ക്രോസില്‍ നിന്നും ഇന്ത്യക്കു ഗോള്‍ നേടാന്‍ അവസരം ലഭിച്ചെങ്കിലും ബല്‍വന്ത് സിങിന്റ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോയി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications