കാഠ്മണ്ഡു: അണ്ടര്‍-18 സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രീലങ്കയെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. കാഠ്മണ്ഡുവില്‍ നടന്ന മത്സരത്തില്‍ ഗുര്‍കിരാത് സിങ് ഇരട്ടഗോള്‍ നേടി. അമന്‍ ചേത്രിയാണ് ഇന്ത്യയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍. സെമിയില്‍ ഇന്ത്യ ഭൂട്ടാനെ നേരിടുമ്പോള്‍ ബംഗ്ലാദേശ് മാലദ്വീവ്‌സിനേയും നേരിടും. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്.
കഴിഞ്ഞദിവസം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയ ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് പരിശീലകന്‍ ഫ്‌ളോയിഡ് പിന്റോ ടീമിനെ ഇറക്കിയത്. ഗോള്‍കീപ്പര്‍ ലാല്‍ബിയക്ലുവ ജോങ്‌തെ ആദ്യ ഇലവനിലെത്തി. കൂടാതെ മുഹമ്മദ് റാഫി, ഗുര്‍കിരാത് സിങ്, ജിയാക്‌സണ്‍ സിങ്, രവി റാണ എന്നിവരും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ടീം അംഗങ്ങളുടെ മാറ്റം കളിയിലും കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കിടെ ആദ്യ പകുതിയില്‍ ഇന്ത്യയ്ക്ക് ഒന്നിലേറെ അവരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കിമാറ്റാനായില്ല. 65-ാം മിനിറ്റിലാണ് ഇന്ത്യ ആദ്യ ഗോള്‍ നേടുന്നത്. ശ്രീലങ്കയുടെ പ്രതിരോധ നിരയുടെ മോശം ക്ലിയറിന്‍സില്‍നിന്നും പന്ത് പിടിച്ചെടുത്ത ഗുര്‍കിരാത് വലകുലുക്കി. പിന്നീട് ഇഞ്ചുറി ടൈമിലാണ് ഇന്ത്യയുടെ മറ്റ് രണ്ട് ഗോളുകള്‍. ഗുര്‍കിരാതിനെ കൂടാതെ ഗിവ്‌സണ്‍ സിങ്ങിന് പകരക്കാരനായി ഇറങ്ങിയ അമന്‍ ഛേത്രയാണ് മൂന്നാം ഗോള്‍ നേടിയത്.