ഐസ്വാള്‍: ഐ ലീഗ് ഫുട്‌ബോളില്‍ ഐസ്വാള്‍ പഞ്ചാബ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും 3-3 എന്ന സ്‌കോറിനാണ് സമനിലയിലെത്തിയത്. ജയം ഉറപ്പിച്ച ഐസ്വാളിനെതിരെ അവസാന മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റിയിലൂടെ പഞ്ചാബ് അപ്രതീക്ഷിത സമനില സ്വന്തമാക്കുകയായിരുന്നു. സമനിലയോടെ പഞ്ചാബ് 5 കളിയില്‍ നിന്നും 8 പോയന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
ആദ്യ പകുതിക്ക് മുന്‍പ് ഇരുഭാഗത്തുമായി അഞ്ച് ഗോളുകളാണ് പിറന്നത്. ജൊനാഥന്‍(5), റൊചാര്‍സെലെ(18, 41) എന്നിവര്‍ ഐസ്വാളിനായും മാകന്‍ ചോട്ടെ(6), സില്‍വ ജൂനിയര്‍(15) എന്നിവര്‍ പഞ്ചാബിനായും ആദ്യ പകുതിയില്‍ ഗോള്‍ നേടി. മത്സരം ഐസ്വാളിന്റെ പക്ഷത്തേക്ക് നീങ്ങവെ ഇഞ്ചുറി ടൈമില്‍ പഞ്ചാബിന് അനുകൂലമായി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. സില്‍വ ജൂനിയര്‍(90+6) പെനാല്‍റ്റി ഗോളാക്കിമാറ്റി ടീമിന് സമനില നേടിക്കൊടുത്തു.

ഐസ്വാള്‍ താരം റിച്ചാഡ് കസാഗയുടെ കൈയ്യില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. അവസാന മിനിറ്റിലെ പെനാല്‍റ്റി ടീമിന്റെ മുന്നേറ്റത്തിന് തിരിച്ചടിയായി. ഐ ലീഗില്‍ 5 കളികള്‍ പൂര്‍ത്തിയാക്കിയ ഐസ്വാളിന് 6 പോയന്റ് മാത്രമേ നേടാനായിട്ടുള്ളൂ. ജനുവരി 4ന് ടിആര്‍എയുവുമായാണ് പഞ്ചാബിന്റെ അടുത്ത മത്സരം. അതേദിവസം ഐസ്വാള്‍ ഗോകുലം കേരളയേയും നേരിടും.