ദില്ലി: ഐ ലീഗ് ഫുട്‌ബോളില്‍ എസ്വാള്‍ എഫ് സിക്കും നെരോക്ക എഫ്‌സിക്കും ജയം. നെരോക്ക ഇന്ത്യന്‍ ആരോസിനെ 3-2 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് മിനര്‍വ പഞ്ചാബിനെതിരെയാണ് ഐസ്വാളിന്റെ വിജയം. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ അവസാന മിനിറ്റിലാണ് നെരോക്ക ഇന്ത്യന്‍ ആരോസിനെ മറികടന്നത്.

ഇന്ത്യന്‍ ആരോസാണ് കളിയില്‍ ആദ്യം ലീഡെടുത്തത്. ബോറിസ് സിങ് 34-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ആരോസ് മുന്നിലെത്തിയെങ്കിലും നാല് മിനിറ്റിനുശേഷം ഫെലിക്‌സ് ചിഡി നെരോക്കയ്ക്കായി സമനില കണ്ടെത്തി. 62-ാം മിനിറ്റില്‍ രോഹിത് ദാനുവിലൂടെ ആരോസ് വീണ്ടും ലീഡെടുത്തു. എന്നാല്‍ 68-ാം മിനിറ്റില്‍ കസ്തുമി യുസ നെരോക്കയെ ഒപ്പമെത്തിച്ചു. 87-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് കസ്തുമി ഒരിക്കല്‍ക്കൂടി ഗോള്‍ നേടിയതോടെ നെരോക്ക ജയം സ്വന്തമാക്കുകയായിരുന്നു.
സീസണില്‍ മോശം പ്രകടനം നടത്തുന്ന ഐസ്വാള്‍ എഫ്‌സിക്ക് മിനര്‍വയ്‌ക്കെതിരായ ജയം ആശ്വാസമായി. കളിയുടെ 69-ാം മിനിറ്റില്‍ ലാല്‍രിന്‍ചാനയാണ് ഐസ്വാളിന്റെ വിജയഗോള്‍ നേടിയത്. ഇരു ടീമുകളും ശരാശരി പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ മിനര്‍വ ഗോള്‍വസരങ്ങള്‍ തുലച്ച് തോല്‍വി ചോദിക്കുവാങ്ങുകയായിരുന്നു. ജയത്തോടെ ഐസ്വാള്‍ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു. ലീഗില്‍ എട്ടാം സ്ഥാനത്താണ് മിനര്‍വ.