ഇംഫാല്‍: ഐ ലീഗ് ഫുട്‌ബോളിലേക്ക് ആദ്യമായി സ്ഥാനക്കയറ്റം ലഭിച്ച ടിഡിയം റോഡ് അത്‌ലറ്റിക് യൂണിയന്‍(ടിആര്‍എയു) സീസണില്‍ ആദ്യ പോയന്റ് സ്വന്തമാക്കി. പൊരുതിക്കളിച്ച റിയല്‍ കാശ്മീരിനെ 2-2ന് സമനിലയില്‍ തളച്ചാണ് ടീം പോയന്റ് പട്ടികയില്‍ ഇടംപിടിച്ചത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ലീഡെടുത്തെങ്കിലും ടീമിന് ആദ്യ ജയം സ്വന്തമാക്കാനായില്ല.
ആദ്യ ഗോള്‍ നേടിയത് റിയല്‍ കാശ്മീര്‍ ആണ്. മാസണ്‍ റോബെര്‍ട്‌സണ്‍ 28-ാം മിനിറ്റില്‍ ടീമിന് ലീഡ് നേടിക്കൊടുത്തു. 78-ാം മിനിറ്റ് വരെ റിയല്‍ കാശ്മീര്‍ ലീഡ് നിലനിര്‍ത്തി. എമിക്കയാണ് ആതിഥേയര്‍ക്ക് സമനില നേടിക്കൊടുത്തത്. തൊട്ടുപിന്നാലെ 83-ാം മിനിറ്റില്‍ ഒഗുച്ചി ഉച്ചെയുടെ ഗോളില്‍ ടിആര്‍എയു ലീഡെടുക്കുകയും ചെയ്തു. എന്നാല്‍, ഒരു മിനിറ്റിനുശേഷം റോബര്‍ട്‌സണ്‍ ഒരു ഗോള്‍കൂടി നേടി റിയല്‍ കാശ്മീരിനെ ഒപ്പമെത്തിക്കുകയായിരുന്നു.

ലീഗില്‍ റിയല്‍ കാശ്മീര്‍ 2 കളിയില്‍ നിന്നും 2 പോയന്റുമായി 9-ാം സ്ഥാനത്തും 4 കളിയില്‍ നിന്നും 1 പോയന്റുള്ള ടിആര്‍എയു പത്താം സ്ഥാനത്തുമാണ്. 8 പോയന്റുള്ള ഈസ്റ്റ് ബംഗാളാണ് ഒന്നാം സ്ഥാനത്ത്. ഇത്രയും പോയന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ജനുവരി നാലിന് പഞ്ചാബാണ് ടിആര്‍എയുവിന്റെ അടുത്ത എതിരാളി. റിയല്‍ കാശ്മീര്‍ ഡിസംബര്‍ 26ന് ചെന്നൈ സിറ്റിയുമായും ഏറ്റുമുട്ടും.