ചെന്നൈ: ഐ ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില. നെറോക്ക എഫ്‌സിക്കെതിരെ 2-2നാണ് ചെന്നൈ സമനിലയില്‍ക്കുടുങ്ങിയത്. അവസാന മത്സരത്തില്‍ ഐസ്വാള്‍ എഫ്‌സിക്കെതിരെയും ചെന്നൈ അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു. കഴിഞ്ഞ സീസണിലേതിന് സമാനമായി മികച്ച രീതിയില്‍ തുടങ്ങാന്‍ ഇത്തവണ ചെന്നൈയ്ക്ക് കഴിഞ്ഞിട്ടില്ല.
ആദ്യ പകുതിയില്‍ യുസ(26), മഷൂര്‍ ഷെരീഫ്(31) എന്നിവര്‍ ചെന്നൈയ്ക്കായി ഗോള്‍ നേടിയെങ്കിലും ലങ്ധം(45+3), ദിയാറ(65) എന്നിവര്‍ ഗോള്‍ മടക്കി. സ്വന്തം മൈതാനത്ത് ആദ്യ പകുതിയില്‍ ചെന്നൈ മികവുകാട്ടി. എന്നാല്‍, രണ്ടാം പകുതിയില്‍ സന്ദര്‍ശര്‍ മേല്‍ക്കൈ നേടി. ഇരു ടീമുകള്‍ക്കും ഗോളടിക്കാനുള്ള ഒന്നിലേറെ അവസരങ്ങളും പാഴായി. മത്സരത്തില്‍ നെറോക്കയുടെ പ്രതിരോധവും മികച്ചുനിന്നു.

സമനിലയോടെ 4 കളികളില്‍നിന്നും 5 പോയന്റോടെ ഏഴാം സ്ഥാനത്താണ് ചെന്നൈ. നെറോക്ക 4 പോയന്റുമായി എട്ടാം സ്ഥാനത്തും നില്‍ക്കുന്നു. 8 പോയന്റുള്ള ഈസ്റ്റ് ബംഗാളാണ് ഒന്നാം സ്ഥാനത്ത്. ഇത്രയും പോയന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഡിസംബര്‍ 26ന് റിയല്‍ കാശ്മീരുമായാണ് ചെന്നൈയുടെ അടുത്ത മത്സരം. ജനുവരി 5ന് നെറോക്ക ഇന്ത്യന്‍ ആരോസുമായും ഏറ്റുമുട്ടും.