
ബെര്‍ലിന്‍: മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ ജര്‍മനിക്കു പ്രഥമ യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ വീണ്ടുമൊരു തിരിച്ചടി. നേരത്തേ തന്നെ ഗ്രൂപ്പ് ബിയിലേക്കു തരംതാഴ്ത്തപ്പെട്ട ജര്‍മനി ഗ്രൂപ്പ് എ മല്‍സരത്തില്‍ ഹോളണ്ടിനെതിരേ ജയം കളഞ്ഞു കുളിച്ച് സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.
സ്വന്തം മൈതാനത്തു നടന്ന മല്‍സരത്തില്‍ 20 മിനിറ്റാവുമ്പോഴേക്കും 2-0ന്റെ മികച്ച ലീഡുമായി മുന്നേറിയ ജര്‍മനിയെ അവസാന അഞ്ചു മിനിറ്റിനിടെയാണ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഓറഞ്ച് പട സ്തബ്ധരാക്കിയത്. ഈ സമനിലയോടെ ഹോളണ്ട് നാഷന്‍സ് ലീഗിന്റെ സെമി ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു. പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവരാണ് നേരത്തേ സെമിയിലെത്തിയ മറ്റു ടീമുകള്‍. ഹോളണ്ടിന്റെ നാടകീയ സമനിലയോടെ നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു.
ഹോളണ്ടിനെതിരേ ഉജ്ജ്വലമായാണ് ജര്‍മനി തുടങ്ങിയത്. ഒമ്പതാം മിനിറ്റില്‍ തന്നെ ടിമോ വെര്‍ണറുടെ ഗോളില്‍ ആതിഥേയര്‍ അക്കൗണ്ട് തുറന്നിരുന്നു. 10 മിനിറ്റിനകം ലെറോയ് സാനെ ലക്ഷ്യം കണ്ടതോടെ ജര്‍മനി ലീഡുയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഓറഞ്ച് കൂട്ടം വിട്ടുകൊടുത്തില്ല. രണ്ടാം പകുതിയില്‍ അവിസ്മരണീയ തിരിച്ചുവരവാണ് അവര്‍ നടത്തിയത്. 85ാം മിനിറ്റില്‍ ക്വിന്‍സി പ്രോംസിലൂടെ ഡച്ച് ടീം ആദ്യ ഗോള്‍ മടക്കി. 90ാം മിനിറ്റില്‍ ജര്‍മനിയുടെ ഞെട്ടിച്ചു കൊണ്ട് തകര്‍പ്പനൊരു വോളിയിലൂടെ വിര്‍ജില്‍ വാന്‍ഡിക്ക് ഹോളണ്ടിന്റെ സമനില ഗോളും പിടിച്ചുവാങ്ങുകയായിരുന്നു.
അതേസമയം, നാഷന്‍സ് ലീഗ് ഗ്രൂപ്പ് ബിയില്‍ ചെക്ക് റിപ്പബ്ലിക് 1-0ന് സ്ലൊവാക്യയെ തോല്‍പ്പിച്ചപ്പോള്‍ ഡെന്മാര്‍ക്കും അയര്‍ലാന്‍ഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് സിയില്‍ നോര്‍വെ 2-0ന് സൈപ്രസിനെ കീഴടക്കി. ബള്‍ഗേറിയ- സ്ലൊവേനിയ മല്‍സരം 1-1നു അവസാനിച്ചു. ഗ്രൂപ്പ് ഡിയില്‍ ജോര്‍ജിയ 2-1ന് കസാക്കിസ്താനെയും മാസിഡോണിയ 4-0ന് ജിബ്രാള്‍ട്ടറിനെയും പരാജയപ്പെടുത്തി.