ലണ്ടന്‍: സ്പാനിഷ് യുവതാരം ഹെക്ടര്‍ ബെല്ലെറിന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണലുമായി പുതിയ കരാറില്‍ ഒപ്പു വെക്കും. ഇതോടെ, സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് ഹെക്ടര്‍ ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബാഴ്‌സയുടെ യൂത്ത് അക്കാദമി ലാ മാസിയ താരമായിരുന്നു ഹെക്ടര്‍.
2011 ലാണ് ബാഴ്‌സലോണയില്‍ നിന്ന് ആര്‍സെന്‍ വെംഗര്‍ ഹെക്ടര്‍ ബെല്ലെറിനെ തന്റെ ടീമിലെത്തിക്കുന്നത്. അതിവേഗക്കാരനായ ബെല്ലെറിന്‍ വളരെ പെട്ടെന്ന് തന്നെ ഗണ്ണേഴ്‌സിന്റെ ഫസ്റ്റ് ടീമില്‍ തന്റെതായ ഇടം സ്ഥാപിച്ചു. സ്‌പെയ്‌നിന്റെ അണ്ടര്‍ 21 ടീം അംഗമായ ബെല്ലെറിന്‍ ഇതുവരെ സീനിയര്‍ ടീമില്‍ അരങ്ങേറിയിട്ടില്ല.

ആഴ്‌സണലില്‍ താരം വളരെ സന്തോഷവാനാണ്. കഴിഞ്ഞ സീസണില്‍ ആഴ്‌സണലിന്റെ എല്ലാ മത്സരങ്ങളിലും ഹെക്ടറിന് കളിക്കാന്‍ സാധിച്ചു. കൂടുതല്‍ അവസരം ലഭിക്കുന്നിടത്ത് തുടരാമെന്നായിരുന്നു വലിയ ഓഫറുകള്‍ വന്നപ്പോഴും ഹെക്ടറിനെ ആഴ്‌സണലില്‍ പിടിച്ചു നിര്‍ത്തിയത്. താരത്തിന്റെ ഏജന്റ് ആല്‍ബര്‍ട്ട് ബോട്ടിനെസാണ് ആഴ്‌സണലുമായി പുതിയ കരാറിന് മുന്‍കൈ എടുത്തത്.