ലക്ഷ്യം എഎഫ്‌സി കപ്പ് യോഗ്യത... പുതിയ തുടക്കം തേടി ഗോകുലം, ആദ്യ ഹോം മാച്ച് ബഗാനെതിരേ
കോഴിക്കോട്: ഐ ലീഗില്‍ മലയാളികളുടെ അഭിമാന ടീമായ ഗോകുലം കേരള എഫ് സിയുടെ സീസണിലെ ആദ്യ ഹോം മല്‍സരം 27ന്. ഇന്ത്യന്‍ ക്ലബ്ബ് ഫുട്ബാളിലെ അധികായരായ മോഹന്‍ ബഗാന്‍ ടീമാണ് ആദ്യമത്സരത്തിലെ എതിരാളി. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിന് ഫ്ളഡ്ലിറ്റിലാണ് മത്സരം.
ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് കളക്ഷനില്‍ നിന്നും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. നവംബര്‍ നാലിന് ഷില്ലോംഗ് ലജോംഗ് എഫ് സിയുമായും 18ന് മിനര്‍വ പഞ്ചാബുമായും 30ന് ചര്‍ച്ചില്‍ ബ്രദേഴ്സുമായും ഡിസംബര്‍ 15ന് റിയല്‍ കശ്മീര്‍ എഫ്സിയുമായും അടുത്ത വര്‍ഷം ഫെബ്രുവരി പത്തിന് ഐസ്വാള്‍ എഫ്സിയുമായും 16ന് ഇന്ത്യന്‍ ആരോസുമായും മാര്‍ച്ച് മൂന്നിന് നെരോക്ക എഫ് സിയുമായും ഏറ്റുമുട്ടുന്ന ടീമിന്റെ അവസാന മല്‍സരം ഈസ്റ്റ് ബംഗാളുമായാണ്.

പരിശീലകനായി വീണ്ടും ബിനോ ജോര്‍ജ്
കേരള പ്രീമിയര്‍ ലീഗില്‍ ജേതാക്കളായ ടീമില്‍ നേരത്തെയുണ്ടായിരുന്ന വിദേശ പരിശീലകനു പകരം ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടര്‍ കൂടിയായ ബിനോ ജോര്‍ജിനെ വീണ്ടും മുഖ്യ പരിശീലകനാക്കിയാണ് ഗോകുലം ഐ ലീഗില്‍ കളത്തിലിറങ്ങുന്നത്. നിരവധി പരിശീലന മല്‍സരങ്ങള്‍ കളിച്ച ടീമില്‍ മികച്ച പ്രതീക്ഷയുണ്ടെന്ന് ബിനോ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പിഴവുകള്‍ പരിഹരിച്ച് എഎഫ്‌സി യോഗ്യത നേടുകയാണ് ടീമിന് മുന്നിലുള്ള ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
താരങ്ങള്‍ക്ക് പരിചയവും എതിര്‍ ടീമുകളുടെ കുറിച്ചുള്ള ധാരണയുണ്ട്. പൊസിഷന്‍ ഗെയിം മുന്‍ നിര്‍ത്തിയായിരിക്കും ടീമിന്റെ പ്രകടനം. ഏത് പൊസിഷനിലും കളിക്കാനും നിരവധി താരങ്ങള്‍ ടീമിലുണ്ട്. അത് ടീമിന് ഗുണം ചെയ്യുമെന്ന് കോച്ച് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഏക ഒഫീഷ്യല്‍ ഫുട്ബാള്‍ ലീഗായ ഐ ലീഗിന് ജനപ്രീതി വര്‍ധിച്ചുവരുന്നതായും ഐഎസ്എല്ലുമായി ലയനം നടന്നാലും ഗോകുലം തുടര്‍ന്നും കളിക്കുമെന്നും ഗോകുലം ടീം സെക്രട്ടറി പ്രവീണ്‍ പറഞ്ഞു.

13 മലയാളി താരങ്ങള്‍
കഴിഞ്ഞ സീസണില്‍ ആദ്യമായി ഐ ലീഗ് കളിച്ച ഗോകുലം ആദ്യഹോംമത്സരങ്ങളില്‍ പ്രകടനം മോശമായെങ്കിലും എവേ മത്സരങ്ങളില്‍ ഫോം വീണ്ടെടുത്ത് സൂപ്പര്‍ കപ്പിന് യോഗ്യതനേടിയിരുന്നു. 25 കളിക്കാരില്‍ 13 പേരും മലയാളി താരങ്ങളാണ്. ഉഗാണ്ടന്‍ താരം മുഡേമാസയാണ് ക്യാപ്റ്റന്‍. മലയാളി താരം റാഷിദാണ് വൈസ് ക്യാപ്റ്റന്‍. പ്രയാഗ് യുണൈറ്റഡിന് വേണ്ടി കൊല്‍ക്കത്ത ലീഗില്‍ കളിച്ച റാഷിദ് കഴിഞ്ഞ സീസണിലും ടീമിനൊപ്പമുണ്ടായിരുന്നു.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ താരം അന്റോണിയോ ജര്‍മന്‍, ഘാനയുടെ ഡാനിയല്‍ അഡോ, അര്‍ജന്റീനയുടെ എസ്തബന്‍ ഒര്‍ട്ടിസ് എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യം. ഈസ്റ്റ് ബംഗാള്‍ താരം വിപി സുഹൈര്‍, റെയില്‍വേയുടെ സന്തോഷ് ട്രോഫി താരം രാജേഷ്, പൂന എഫ്‌സി താരം കോഴിക്കോട്ടുകാരന്‍ ഗനി അഹമ്മദ് നീഗം എന്നിവരും ഗോകുലം ടീമില്‍ ഉണ്ടാകും.

ജഴ്‌സി പുറത്തിറക്കി
ടീമിന്റെ ജഴ്സി പ്രകാശനവും ചടങ്ങില്‍ നടന്നു. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, ടീം സി ഇ ഒ അശോക് കുമാര്‍, ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി പി ഹരിദാസ്, ഗോകുലം ക്യാപ്റ്റന്‍ മുഡെ മൂസ എന്നിവര്‍ പങ്കെടുത്തു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗോകുലം എഫ്‌സി ട്വിറ്റര്‍ പേജ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications