
കോഴിക്കോട്: ഐ ലീഗില്‍ രണ്ടും മൂന്നും സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തില്‍ ഗോകുലം കേരള എഫ്‌സിയും ചര്‍ച്ചില്‍ ബ്രദേഴ്‌സും 1-1നു സമനില സമ്മതിച്ചു പിരിഞ്ഞു. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍് നടന്ന കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഗോകുലം സമനിലയും ഒരു പോയിന്റും പിടിച്ചുവാങ്ങിയത്. ഈ സമനിലയോടെ ലീഗില്‍ രണ്ടാംസ്ഥാനത്തേക്കു കയറാനുള്ള അവസരമാണ് ഗോകുലം പാഴാക്കിയത്. 10 പോയിന്റോടെ ചര്‍ച്ചില്‍ രണ്ടാമതും 9 പോയിന്റുമായി ഗോകുലം മൂന്നാമതും തുടരുകയാണ്.
ഗോകുലത്തെ ഞെട്ടിച്ചു കൊണ്ട് കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ചര്‍ച്ചില്‍ അക്കൗണ്ട് തുറന്നിരുന്നു. വില്ലിസ് പ്ലാസയാണ് ചര്‍ച്ചിലിനു വേണ്ടി വലകുലുക്കിയത്. 36ാം മിനിറ്റില്‍ മലയാളി താരം അര്‍ജുന്‍ ജയരാജിന്റെ ഗോളില്‍ ഗോകുലം സമനില പിടിച്ചുവാങ്ങുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ മിനെര്‍വ പഞ്ചാബിനെ തോല്‍പ്പിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് കോച്ച് ബിനോ ജോര്‍ജ് ഗോകുലത്തെ ഇറക്കിയത്. ഗോകുലത്തിന്റെ പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്താണ് അഞ്ചാം മിനിറ്റില്‍ പ്ലാസ ചര്‍ച്ചിലിനെ മുന്നിലെത്തിക്കുന്നത്. തുടര്‍ന്നും ചര്‍ച്ചില്‍ തന്നെ കളിയില്‍ ആധിപത്യം പുലര്‍ത്തുന്നതാണ് കണ്ടത്. ചര്‍ച്ചിലിന്റെ ആക്രമണാത്മക ഫുട്‌ബോളില്‍ ഗോകുലം പലപ്പോഴും നിസ്സഹായരായി.
ലീഡുയര്‍ത്താന്‍ ചര്‍ച്ചില്‍ തുടരെ മുന്നേറ്റങ്ങള്‍ നടത്തുന്നതിനിടെയാണ് കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ അര്‍ജുനിലൂടെ 36ാം മിനിറ്റില്‍ ഗോകുലം ഒപ്പമെത്തിയത്. ക്രിസ്റ്റ്യന്‍ സബാ നല്‍കിയ മനോഹരമായ ത്രൂബോള്‍ ഗോളിക്ക് ഒരു പഴുതും നല്‍കാതെ അര്‍ജുന്‍ വലയിലേക്കു തൊടുക്കുകയായിരുന്നു.