കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളിലെ യുവതാരങ്ങളായ ആരോസിന്റെ കൂരമ്പുകൊണ്ട് ഗോകുലം എഫ്‌സി വീണു. ഇതോടെ നാട്ടുകാര്‍ക്കു മുന്നില്‍ ഒരു വിജയമെന്ന ഗോകുലത്തിന്റെ സ്വപ്‌നം സ്വപ്‌നമായിത്തന്നെ അവശേഷിച്ചു. ഇനി തിങ്കളാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്‌സുമായുള്ള ഹോം മത്സരംവരെ ഗോകുലത്തിന് കാത്തിരിക്കാം.
നേരത്തെ ആരോസിന്റെ ഹോം മാച്ചില്‍ ഗോകുലം എഫ്‌സിക്കായിരുന്നു വിജയം (1-0). അന്നത്തെ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ആരോസിനെ സംബന്ധിച്ച് ഈ മത്സരം. കാണികള്‍ പലരും ഗോകുലത്തെ മറന്ന് ആരോസിന് കൈയടിക്കുന്നതായിരുന്നു ഗ്യാലറിയിലെ കാഴ്ച. അണ്ടര്‍ 17 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച മലയാളി താരം കെ.കെ രുഹാലിന്റെ പാസില്‍നിന്നാണ് 77ാം മിനിറ്റില്‍ ആരോസിന്റെ ഗോള്‍ പിറന്നത്. അഭിജിത്ത് സര്‍ക്കാരിന്റെതായിരുന്നു ആ മിന്നും ഗോള്‍. ഇടതു വിങ്ങിലൂടെ പറന്നുകയറിയ രാഹുല്‍ ഗോകുലത്തിന്റെ പ്രതിരോധത്തില്‍ നിലയുറപ്പിച്ച പ്രവാത് ലാകയെ മറികടന്ന് ബോക്‌സിനുള്ളിലേക്ക് കുതിക്കുകയായിരുന്നു. പന്തു തട്ടിയകറ്റാന്‍ ഗോളി ബിലാല്‍ ഖാന്‍ പാഞ്ഞടുത്തു. എന്നാല്‍ ഗോളിയെ കബളിപ്പിച്ച് രാഹുല്‍ പന്ത് അഭിജിത്ത് സര്‍ക്കാരിന് നീട്ടി. സ്‌കോര്‍ 1-0.

ഗോളിനു ശേഷവും ആരോസ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഇടതുവിങ്ങില്‍ രാഹുലും വലതു വിങ്ങില്‍ അനികേത് ജാദവും തുടരെത്തുടരെ ഗോള്‍മുഖം ആക്രമിച്ചു. പിന്‍നിരയില്‍നിന്ന് ഓടിക്കയറി ബോറിസ് സിങ് ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി. മധ്യനിരയില്‍ ക്യാപ്റ്റന്‍ അമര്‍ജിത് സിങും അഭിജിത്ത് സര്‍ക്കാരും തിളങ്ങി.
വിദേശതാരങ്ങള്‍ പരുക്കുമൂലം കളമഴിഞ്ഞതോടെ ഗോകുലത്തിന് ഐലീഗില്‍ ഏതാണ്ട് പ്രതീക്ഷകള്‍ അസ്തമിച്ച മട്ടാണ്. വലിയ പരുക്കേല്‍ക്കാതെ അടുത്ത മത്സരങ്ങളില്‍ പിടിച്ചുനിന്ന് മാന്യമായ വിടവാങ്ങലാണ് ടീം ഇപ്പോള്‍ ആശിക്കുന്നത്.