മുംബൈ: കായിക ലോകത്തിന് എക്കാലവും ഓര്‍മിക്കാവുന്ന അപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷിയായിരിക്കുകയാണ് മുംബൈയിലെ പ്രശസ്തമായ വാംഖഡെ സ്റ്റേഡിയം. ഫുട്‌ബോള്‍ ചക്രവര്‍ത്തിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ലയണല്‍ മെസ്സിയും ക്രിക്കറ്റിലെ ദൈവമെന്നു ഇന്ത്യക്കാര്‍ വിശേഷിപ്പിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും ഒരുമിച്ച് വാംഖഡെയിലെ ഗ്രൗണ്ടില്‍ അണിനിരന്നത് ചരിത്ര നിമിഷമായി മാറി.
മൂന്നു ദിവസത്തെ ഇന്ത്യാ ടൂറിന്റെ ഭാഗമായിട്ടാണ് മെസ്സിക്കൊപ്പം ഉറുഗ്വേയുടെ ഗോളടിവീരന്‍ ലൂയിസ് സുവാരസ്, അര്‍ജന്റൈന്‍ യുവതാരം റോഡ്രിഗോ ഡി പോള്‍ എന്നിവര്‍ക്കു വാംഖഡെയില്‍ വന്‍ സ്വീകരണമൊരുക്കിയത്. നേരത്തേ കൊല്‍ത്ത്, ഹൈദരാബാദ് നഗരങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ മുംബൈയില്‍ വിമാനമിറങ്ങിയത്.

Photocredit / X
ഇന്ത്യന്‍ ഫുട്‌ബോളിലെ ഗോട്ടെന്നറിയപ്പെടുന്ന സുനില്‍ ഛേത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബോളിവുഡ് നടന്‍മാരായ അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്‌റോഫ് തുടങ്ങി പ്രമുഖരുടെ വലിയൊരു നിര തന്നെ മെസ്സിയെയും കൂട്ടുകാരെയും സ്വീകരികക്കാന്‍ വാംഖഡെയിലെ പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അണിനിരന്നു.
ആരാധകരെ കൈയിലെടുത്ത് മെസ്സി
ബോൡവുഡ് താരങ്ങളുള്‍പ്പെടെ അണിനിരന്ന 7x 7 ഫുട്‌ബോള്‍ മല്‍സമാണ് വാംഖഡെയില്‍ ആദ്യം നടന്നത്. അതിനു ശേഷമായിരുന്നു തിങ്ങിനിറഞ്ഞ വാംഖഡെയിലെ കാണികളുടെ മുന്നിലേക്കു വൈകീട്ട് ആറു മണിയോടെയാണ് ലയണല്‍ മെസ്സി പ്രവേശിക്കുന്നത്. ഇതോടെ അര്‍ജന്റൈന്‍ ജഴ്‌സിയിലെത്തിയ ആരാധകര്‍ മെസ്സി, മെസ്സിയെന്നു ആര്‍പ്പുവിളിക്കുകയും ചെയ്തു.
നിറഞ്ഞ ചിരിയോടെ കാണികള്‍ക്കു നേരെ കൈയുയര്‍ത്തി കാണിച്ചാണ് അര്‍ജന്റീനയുടെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ അവരെ അഭിവാദ്യം ചെയ്തത്. അതിനു ശേഷം ഗ്രൗണ്ടിലുണ്ടായിരുന്ന മഹാരാഷ്ട്രയിലെ പെണ്‍കുട്ടികളായ ഫുട്‌ബോളര്‍മാര്‍ക്കൊപ്പം മെസ്സിയും ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളുമെല്ലാം പന്തു തട്ടിക്കളിക്കുകയും ചെയ്തു.

തുടര്‍ന്ന് ഛേത്രിയുമായി കൂടിക്കാച നടത്തിയ മെസ്സി അദ്ദേഹത്തിനു ഹസ്തദാനം നടത്തി കുശലം പറയുകയും ചെയ്തു. സ്വന്തം കൈയൊപ്പോടു കൂടിയ അര്‍ജന്റൈന്‍ ജഴ്‌സിയും ഛേത്രിക്കു മെസ്സി സമ്മാനിച്ചു. അതിനു ശേഷമായിരുന്നു ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന് അപൂര്‍വ്വ നിമിഷം. മെസ്സിയെ കാണാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഗ്രൗണ്ടിലേക്കു വരികയായിരുന്നു.
പരസ്പരം ഹസ്തദാനം ചെയ്ത് കുശലം പറഞ്ഞതിനു ശേഷം തന്റെ പേരോടു കൂടിയ ഇന്ത്യന്‍ ജഴ്‌സി മെസ്സിക്കു സച്ചിന്‍ സമ്മാനമായി നല്‍കുകയും ചെയ്തു. 2011ലെ ഐസിസി ഏകദിന ലോകകപ്പിലെ ജഴ്‌സി കൂടിയായിരുന്നു ഇത്. അതിനു ശേഷം വംഖഡെയിലെ ചടങ്ങുകള്‍ അവസാനിക്കുകയും ചെയ്തു. ഇനി തിങ്കളാഴ്ച ഡല്‍ഹിയിലാണ് മെസ്സിയുടെ അവസാന പരിപാടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തം.