
ലണ്ടന്‍: എതിര്‍ ടീമിന്റെ പേടിസ്വപ്‌നമായിരുന്ന ഇതിഹാസ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്ക് ഫുട്‌ബോളിനോടു വിട പറയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന്റെ ഗോള്‍വല കാക്കുന്ന അദ്ദേഹം ഈ സീസണിനു ശേഷം കളി നിര്‍ത്തുമെന്നു പ്രഖ്യാപിച്ചു. 11 വര്‍ഷം ചെല്‍സിക്കു വേണ്ടി ഗോള്‍വല കാത്ത ശേഷമാണ് 2015ല്‍ ചെക്ക് പ്രീമിയര്‍ ലീഗിലെ തന്നെ മറ്റൊരു വമ്പന്‍ ക്ലബ്ബായ ആഴ്‌സനലിലെത്തിയത്.

കഴിഞ്ഞ 15 വര്‍ഷമായി പ്രീമിയര്‍ ലീഗില്‍ കളിച്ചു കൊണ്ടിരിക്കുകയാണെന്നും നേടാവുന്ന പ്രധാനപ്പെട്ട ട്രോഫികളെല്ലാം സ്വന്തമാക്കിക്കഴിഞ്ഞതായും ചെക്ക് പറഞ്ഞു. ആഴ്‌സനലിനൊപ്പം ഈ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളിലും കഠിനാധ്വാനം ചെയ്യുമെന്നും ഒരു കിരീടം കൂടി സ്വന്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരിയര്‍ തന്നെ അവസാനിച്ചേക്കാമെന്നു ഫുട്‌ബോള്‍ പ്രേമികള്‍ ആശങ്കപ്പെട്ട പരിക്കിനെ തോല്‍പ്പിച്ചാണ് ചെക്ക് ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായി മാറിയത്. 2006ല്‍ കളിക്കിടെയുണ്ടായ കൂട്ടിയിടിയെ തുടര്‍ന്നു തലയോട്ടിക്കു ഗുരുതരമായി പരിക്കേറ്റ താരം ശസ്ത്രക്രിയക്കു വിധേയനായിരുന്നു. മൂന്നു മാസത്തോളം കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന ചെക്ക് പിന്നീട് തലയെ സംരക്ഷിക്കുന്ന തരത്തിലുള്ള തൊപ്പിയണിഞ്ഞ് മല്‍സരരംഗത്തേക്കു തിരിച്ചുവരികയായിരുന്നു. പ്രൊഫഷണല്‍ കരിയറില്‍ തന്റെ 20ാമത്തെ സീസണാണ് ഇതെന്നും വിരമിക്കാനുള്ള ഉചിതമായ സമയം ഇതു തന്നെയാണെന്നും ചെക്ക് വ്യക്തമാക്കി.