ഗ്ലോബല്‍ സോക്കര്‍ പുരസ്‌കാരം: നൂറ്റാണ്ടിലെ മികച്ച താരമായി റൊണാള്‍ഡോ, മികച്ച ക്ലബ്ബ് റയല്‍ മാഡ്രിഡ്
ദുബായ്: ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഗ്ലോബല്‍ സോക്കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരം യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കി. 2001 മുതല്‍ 2020 കാലയളവിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് റൊണാള്‍ഡോയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. സ്‌പെയിന്‍, ഇറ്റലി, ഇംഗ്ലണ്ട് എന്നിവടങ്ങളില്‍ കിരീടം നേടിയ താരമാണ് റൊണാള്‍ഡോ. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടിയും ലാലിഗയില്‍ റയല്‍ മാഡ്രിഡിനുവേണ്ടിയും കളിച്ച റൊണാള്‍ഡോ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനുവേണ്ടിയും പന്ത് തട്ടുന്നു.

പോര്‍ച്ചുഗലിനെ 2016 യൂറോ കപ്പ് ചാമ്പ്യന്മാരാക്കിയതും പ്രഥമ നാഷന്‍സ് ലീഗില്‍ കിരീടത്തിലേക്കെത്തിച്ചതും റൊണാള്‍ഡോയുടെ മികവാണ്. 'വലിയ അംഗീകാരമാണെന്ന്' പുരസ്‌കാരം സ്വീകരിച്ച് റൊണാള്‍ഡോ പറഞ്ഞു. നീണ്ട വര്‍ഷങ്ങള്‍ മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. വളരെ അഭിമാനമുണ്ട്. എന്നാല്‍ മികച്ചൊരു ക്ലബ്ബും പരിശീലകനും ടീമുമില്ലാതെ ഇതൊന്നും സാധ്യമാകില്ല. അഞ്ച് തവണ ബാലന്‍ദ്യോര്‍ പുരസ്‌കാരം നേടിയ താരമാണ് റൊണാള്‍ഡോ. യുവന്റസിലേക്ക് മാറിയ ശേഷം പഴയ പ്രതാപത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. റയല്‍ മാഡ്രിഡിന് ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് റൊണാള്‍ഡോ.

മുഖ്യ എതിരാളി ലയണല്‍ മെസ്സിക്ക് ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൂടുതലും ഈ വര്‍ഷം ചര്‍ച്ച ചെയ്യപ്പെട്ടത്. ഫിഫ ബെസ്റ്റ് പുരസ്‌കാരവും യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസ്സിക്കും റൊണാള്‍ഡോയ്്ക്കും നേടാനായില്ല. ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോസ്‌കിയ്ക്കായിരുന്നു ഈ രണ്ട് പുരസ്‌കാരവും ലഭിച്ചത്.

നൂറ്റാണ്ടിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം പെപ് ഗാര്‍ഡിയോള സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ രണ്ട് പ്രീമിയര്‍ ലീഗടക്കം സമ്മാനിച്ച അദ്ദേഹം വീഡിയോ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പുരസ്‌കാരം സ്വീകരിച്ചത്. യര്‍ഗന്‍ ക്ലോപ്,ജോസ് മൗറീഞ്ഞോ തുടങ്ങിയവരെയെല്ലാം മറികടന്നായിരുന്നു പെപിന്റെ നേട്ടം.

ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലെവന്‍ഡോസ്‌കിയ്ക്കായിരുന്നു. ബയേണിനെ ബുണ്ടസ്ലീഗ, ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് അദ്ദേഹം. അവസാന സീസണിലെ ടോപ് സ്‌കോററും ലെവന്‍ഡോസ്‌കിയായിരുന്നു. മികച്ച പരിശീലകനുള്ള പുരസ്‌കാരം ബയേണ്‍ കോച്ച് ഹാന്‍സ് ഫ്‌ളിക്കിനാണ് ലഭിച്ചത്. ഫിഫയുടെ മികച്ച പരിശീലക പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഇത്തവണ ബയേണിന് നിരവധി കിരീടങ്ങളാണ് ഫ്‌ളിക്ക് സമ്മാനിച്ചത്.

ഈ വര്‍ഷത്തെ മികച്ച ക്ലബ്ബായി ബയേണ്‍ മ്യൂണിക്കിനെ തിരഞ്ഞെടുത്തപ്പോള്‍ നൂറ്റാണ്ടിലെ മികച്ച ക്ലബ്ബായി റയല്‍ മാഡ്രിഡിനെയും തിരഞ്ഞെടുത്തു. നൂറ്റാണ്ടിലെ മികച്ച ഏജന്റായി ജോര്‍ജ് മെന്‍ഡിസിനെയും തിരഞ്ഞെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications