ചെന്നൈ: ഐ എസ് എല്ലില്‍ സൂപ്പര്‍ പരിശീലകന്‍ എന്ന പരിവേഷം ചെന്നൈയിന്‍ എഫ് സിയുടെ മാര്‍കോ മറ്റെരാസിക്കുണ്ട്. കഴിഞ്ഞ സീസണില്‍ മറ്റെരാസി തന്റെ ടീമിനെ ചാമ്പ്യന്മാരാക്കിയാണ് സൂപ്പര്‍ കോച്ചായി മാറിയത്. സാക്ഷാല്‍ സീക്കോയുടെ പരിശീലക പരിചയ സമ്പത്ത് പോലും ഇറ്റാലിയന്‍ കോച്ച് മറ്റെരാസിക്ക് മുന്നില്‍ വീണുടഞ്ഞുവെന്ന് പറയാം. ഇത്തവണ മറ്റെരാസിക്ക് മറുപടി കൊടുക്കാന്‍ ഡല്‍ഹിയും ഒരു ഇറ്റാലിയനെ പരിശീലകനായി കൊണ്ടു വന്നിരിക്കുന്നു.
മറ്റെരാസിക്കൊപ്പം ഇറ്റലിയന്‍ ടീമില്‍ കളിച്ച ജിയാന്‍ലൂക സംബ്രോട്ട. മറ്റെരാസിയെ പോലെ ഇറ്റലിയുടെ പ്രതിരോധഭടനാണ് സംബ്രോട്ട. 2006 ഫിഫ ലോകകപ്പ് കിരീടം നേടിയ ഇറ്റലിയുടെ പ്രതിരോധ നിരയിലെ ശക്തരായിരുന്നു സംബ്രോട്ടയും മറ്റെരാസിയും. അറ്റാക്കിംഗിനും ഡിഫന്‍സിനും തുല്യപ്രാധാന്യം നല്‍കുന്ന മറ്റെരാസിയുടെ ശൈലി തന്നെയാകും സംബ്രോട്ടയും പയറ്റുക. സെമിഫൈനലാണ് ലക്ഷ്യമെന്ന് മുന്‍ യുവെന്റസ് താരം വെളിപ്പെടുത്തുന്നു. പരിശീലകന്‍ എന്ന നിലയില്‍ സംബ്രോട്ടയുടെ പരിചയസമ്പത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബ് എഫ് സി ചിയാസോയെ കളി പഠിപ്പിച്ചതാണ്. യൂറോപ്പിലെ മികച്ച ലീഗുകളായ ഇറ്റാലിയന്‍ സീരി എ, സ്പാനിഷ് ലാ ലിഗ ക്ലബ്ബുകളില്‍ ഏറെക്കാലം കളിച്ചതാണ് വലിയ പരിചയ സമ്പത്ത്.

ഐ എസ് എല്ലില്‍ ഡല്‍ഹി ഡൈനമോസിന് ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്. സെമിയാണ് ലക്ഷ്യമെങ്കിലും ഓരോ മത്സരത്തിനും അനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്ന് സംബ്രോട്ട. മികച്ച യുവനിര ഡല്‍ഹിക്കുണ്ട്. തന്റെ കോച്ചിംഗ് പദ്ധതികള്‍ക്കനുസൃതമായ താരബലം ഡല്‍ഹി ഡൈനമോസിനുണ്ട്. ഇപ്പോള്‍ സംബ്രോട്ടക്കൊരു സ്വപ്നമുണ്ട്. ഡിസംബര്‍ പതിനെട്ടിന് ഇന്ത്യയില്‍ തന്നെയുണ്ടാകണം. അതിന്റെ അര്‍ഥം ഐ എസ് എല്‍ ഫൈനലില്‍ ഡല്‍ഹി ഡൈനമോസ് എത്തണമെന്നതാണ്.
ഇറ്റാലിയന്‍ ഫുട്‌ബോളിലെ വമ്പന്‍മാരായ യുവെന്റസിന്റെ ഇതിഹാസ താരമാണ് സംബ്രോട്ട. ഇരുനൂറിലേറെ മത്സരങ്ങള്‍ യുവെന്റസില്‍ കളിച്ചു. സ്‌പെയ്‌നില്‍ എഫ് സി ബാഴ്‌സലോണയില്‍ രണ്ട് സീസണ്‍ കളിച്ചു. അതിന് ശേഷം ഇറ്റലിയില്‍ എ സി മിലാനിലേക്ക് ചേക്കേറി.