
പാരീസ്: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യ റൗണ്ടില്‍ തന്നെ നാണംകെട്ടു മടങ്ങേണ്ടിവന്ന ജര്‍മനിയുടെ കഷ്ടകാലം തീരുന്നില്ല. യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളിലും മുന്‍ ലോക, യൂറോപ്യന്‍ ജേതാക്കള്‍ക്കു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയാണ്. കഴിഞ്ഞ ദിവസം നടന്ന ക്ലാസിക് പോരാട്ടത്തില്‍ നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനോട് ജര്‍മനി തോല്‍വി സമ്മതിച്ചു. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് രണ്ടു ഗോളുകള്‍ വഴങ്ങി ജര്‍മനി തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.
14ാം മിനറ്റില്‍ ടോണി ക്രൂസാണ് ജര്‍മനിയുടെ അക്കൗണ്ട് തുറന്നത്. ഒന്നാംപകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താനും ജര്‍മനിക്കു കഴിഞ്ഞു. എന്നാല്‍ രണ്ടാംപകുതിയില്‍ ശക്തമായി തിരിച്ചടിച്ച ഫ്രാന്‍സ് 62ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനിലൂടെ സമനില ഗോള്‍ പിടിച്ചുവാങ്ങി. ഫൈനല്‍ വിസിലിന് 10 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പെനല്‍റ്റിയിലൂടെ ഗ്രീസ്മാന്റെ ടീമിന്റെ വിജയഗോളും കണ്ടെത്തുകയായിരുന്നു. നാഷന്‍സ് ലീഗില്‍ മൂന്നു മല്‍സരങ്ങളില്‍ കളിച്ച ജര്‍മനിക്കു ഒന്നില്‍പ്പോലും ജയിക്കാനായിട്ടില്ല. രണ്ടു കളികളില്‍ തോല്‍വിയേറ്റുവാങ്ങിയ ജര്‍മനി ഒന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു. ഫ്രാന്‍സിനെതിരായ പരാജയത്തോടെ ജര്‍മന്‍ കോച്ച് ജോക്വിം ലോയെ പുറത്താക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിട്ടുണ്ട്. ഈ കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം ആറു മല്‍സരങ്ങളിലാണ് ജര്‍മനി തോറ്റത്. ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ക്ക് ഇത്തരമൊരു നാണക്കേട് നേരിടേണ്ടിവരുന്നത്.
നാഷന്‍സ് ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സ് 1-0നു അയര്‍ലാന്‍ഡിനെയും ഉക്രെയ്ന്‍ ഇതേ സ്‌കോറിനു ചെക്ക് റിപ്പബ്ലിക്കിനെയും സിയില്‍ നോര്‍വെ 1-0നു ബള്‍ഗേറിയയെയും പരാജയപ്പെടുത്തി. സ്ലൊവേനിയ- സൈപ്രസ് മല്‍സരം 1-1നു സമനിലയില്‍ പിരിയുകയായിരുന്നു. ഗ്രൂപ്പ് ഡിയില്‍ ജോര്‍ജിയ 3-0നു ലാത്വിയയെയും അര്‍മേനിയ 4-0നു മാസിഡോണിയയെയും ജിബ്രാള്‍ട്ടര്‍ 2-1ന് ലിച്ചെന്‍സ്റ്റെയ്‌നിനെയും കസാക്കിസ്താന്‍ 4-0നു അന്‍ഡോറയെയും പരാജയപ്പെടുത്തി.