സാല്‍വദോര്‍: ഗ്രൂപ്പ് ചാംപ്യന്‍മാരുടെ തലയെടുപ്പോടെയെത്തിയ മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വേ ഞെട്ടിക്കുന്ന തോല്‍വിയോടെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ പെറുവാണ് ഉറുഗ്വേയെ ഞെട്ടിച്ചത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നായിരുന്നു പെറുവിന്റെ നാടകീയ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാതിരിക്കാന്‍ കഴിയാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലെത്തിയത്.

ഷൂട്ടൗട്ടില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ഉറുഗ്വേയുടെ വില്ലനായി മാറുകയായിരുന്നു. ആദ്യ കിക്ക് സുവാരസ് പാഴാക്കിയതാണ് ഉറുഗ്വേയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. സുവാരസിന്റെ പെനല്‍റ്റി ഗോള്‍കീപ്പര്‍ ഗല്ലെസെ വിലമാക്കുകയായിരുന്നു. മറ്റുള്ളവരെല്ലാം ലക്ഷ്യം കണ്ടെങ്കിലും സുവാരസിന്റെ പിഴവ് ഉറുഗ്വേയുടെ സെമി പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയായിരുന്നു. മറുഭാഗത്ത് പെറുവിനായി കിക്കെടുത്ത അഞ്ചു പേരും ലക്ഷ്യം കാണുകയും ചെയ്തു. കളിയില്‍ ഉറുഗ്വേയ്ക്കു വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് അവര്‍ക്കു വിനയായി മാറി. കോപ്പയില്‍ ഇതു രണ്ടാം തവണ മാത്രമാണ് ഉറുഗ്വേയെ പെറു വീഴ്ത്തുന്നത്. ഇതിനു മുമ്പ് 1949ല്‍ മാത്രമേ പെറുവിനു ജയിക്കാനായിട്ടുള്ളൂ.
പെറുവിന്റെ വിജയത്തോടെ കോപ്പയുടെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാവുകയും ചെയ്തു. ജൂലൈ മൂന്നിന് നടക്കുന്ന ആദ്യ സെമിയില്‍ ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും കൊമ്പുകോര്‍ക്കും. നാലിന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ നിലവിലെ ജേതാക്കളായ ചിലി പെറുവിനെ നേരിടും. ഉറുഗ്വേയുടെ അപ്രതീക്ഷിത പുറത്താവല്‍ ചിലിയുടെ വിജയസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.