ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നും മറ്റു യൂറോപ്യന്‍ ടീമുകളില്‍ നിന്നും പ്രായാധിക്യം മൂലം കളിമതിയാക്കുന്ന താരങ്ങള്‍ കൂട്ടത്തോടെ അമേരിക്കന്‍ സോക്കര്‍ ലീഗിലേക്ക് ചേക്കേറുന്നു. മുതിര്‍ന്ന താരങ്ങള്‍ക്ക് ലോകത്ത് മറ്റെവിടെയും ലഭിക്കാത്ത പ്രതിഫലം ലഭിക്കുന്നതാണ് താരങ്ങളെ അമേരിക്കന്‍ ലീഗില്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നത്.
മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം ഉള്‍പ്പെടെ അനേകം യൂറോപ്യന്‍ താരങ്ങള്‍ ഇതിനകം തന്നെ അമേരിക്കന്‍ ലീഗില്‍ കളിച്ചിട്ടുണ്ട്. ഇവരുടെ പാത പിന്തുടര്‍ന്ന് ദിദിയര്‍ ദ്രോഗ്ബ, ഫ്രാങ്ക് ലംപാര്‍ഡ്, സ്റ്റീവന്‍ ജെറാര്‍ഡ് എന്നിവരും അമേരിക്കന്‍ ടീമുകളുമായി കരാറില്‍ ഏര്‍പ്പെട്ടതായാണ് വിവരം. മൂവരും ഈ ആഴ്ചയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന മത്സരം കളിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ചെല്‍സിയെ ആണെന്നും അതുകൊണ്ട് ഇനിയൊരിക്കലും മറ്റൊരു ടീമില്‍ കളിക്കാനില്ലെന്നും ദ്രോഗ്ബ പറഞ്ഞു. അമേരിക്കന്‍ ടീം അധികൃതരുമായി ചര്‍ച്ച ചെയ്യുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ലംപാര്‍ഡും ജെറാര്‍ഡും ഇതിനകം തന്നെ ടീമുകളുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
ലംപാര്‍ഡ് ന്യൂയോര്‍ക്ക് സിറ്റിക്കായും ലിവര്‍പൂള്‍ താരമായിരുന്ന സ്റ്റീവന്‍ ജെറാര്‍ഡ് ലോസ് ആഞ്ചലസ് ഗ്യാലക്‌സിക്കായുമാണ് ബൂട്ടണിയുക. ലംപാര്‍ഡ് കഴിഞ്ഞ സീസണില്‍ തന്നെ ന്യൂയോര്‍ക്ക് സിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിക്കാനെത്തി. ഇനിയൊരിക്കലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കില്ലെന്ന് ലംപാര്‍ഡും പറഞ്ഞുകഴിഞ്ഞു. നാല്‍പതിനടുത്ത് പ്രായമുള്ള മൂവര്‍ക്കം പ്രീമിയര്‍ ലീഗില്‍ ലഭിക്കുന്നത്രയും തുക പ്രതിഫലം അമേരിക്കന്‍ ലീഗിലും ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.