റിയോഡിജനീറ: ബ്രസീല്‍ കോച്ച് ദുംഗയ്ക്ക് അടുത്ത തിരിച്ചടി. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നിന്നും മിഡ്ഫീല്‍ഡര്‍ ലൂയിസ് ഗുസ്താവോയും പിന്‍വലിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല്‍ കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഗുസ്താവോ ടീമിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു. നിലവില്‍ ഗുസ്താവയുടെ സാന്നിധ്യം കുടുംബത്തിനൊപ്പമാണ് വേണ്ടതെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദേശീയ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന ഗുസ്താവോയുടെ ആവശ്യം അംഗീകരിക്കുന്നു-ബ്രസീലിയന്‍ കോണ്‍ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
റിക്കാര്‍ ഒലിവേര, ഡഗ്‌ളാസ് കോസ്റ്റ്, റഫിഞ്ഞ, എഡേഴ്‌സണ്‍, കക്ക എന്നിവരെ കൂടാതെയാണ് ബ്രസീല്‍ ടീം ഇത്തവണ കോപ്പ കളിക്കാനെത്തുന്നത്. സൂപ്പര്‍ താരമായ നെയ്മറെ ഒളിംപിക്‌സിനുള്ള ദേശീയ ടീമില്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഒഴിവാക്കിയത്.

ബയേണ്‍ മ്യൂണിക്കിന്റെ മുന്‍ താരമായ ലൂയിസ് ഗുസ്താവോ ഇപ്പോള്‍ വൂള്‍ഫ്‌സ്ബര്‍ഗിനു വേണ്ടിയാണ് കളിക്കുന്നത്. 2011ലാണ് ഈ സാവോപോളോ താരം ആദ്യമായി ദേശീയ കുപ്പായമണിഞ്ഞത്. ആസ്‌ത്രേലിയക്കും ഫ്രാന്‍സിനുമെതിരേയുള്ള സൗഹൃദമത്സരങ്ങളില്‍ ബ്രസീലിനു വേണ്ടി ഗോള്‍ നേടിയിട്ടുണ്ട്.