2020 വിടപറയാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കായിക ലോകത്തെ സംബന്ധിച്ച് പ്രതീക്ഷകളുടെ വര്‍ഷമാണ് 2021. കൊറോണ മഹാമാരിയെത്തുടര്‍ന്ന് മുടങ്ങിപ്പോയതും മാറ്റിവെക്കപ്പെട്ടതുമായ നിരവധി കായിക മത്സരങ്ങളാണ് അടുത്ത വര്‍ഷം നടക്കാനുള്ളത്. ഫുട്‌ബോളിനെ സംബന്ധിച്ച് കാണികളില്ലാതെ കളിക്കേണ്ടി വന്ന സാഹചര്യമാണ് 2020ല്‍ ഉണ്ടായിരുന്നു. എങ്കിലും പ്രതിസന്ധികള്‍ക്കിടയില്‍ മികവ് കാണിക്കാന്‍ താരങ്ങള്‍ക്കായി. 2020 കടന്ന് പോകാനൊരുങ്ങവെ ഈ വര്‍ഷത്തെ ഫുട്‌ബോള്‍ പുരസ്‌കാര ജേതാക്കളെ ഒരിക്കല്‍ കൂടി ഓര്‍ക്കാം.
ബയേണ്‍ മ്യൂണിക്കും റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും അരങ്ങുവാണ വര്‍ഷമായാണ് 2020 കടന്ന് പോകാനൊരുങ്ങുന്നത്. ഫിഫയുടെ മികച്ച താരമായി ലെവന്‍ഡോസ്‌കിയെയാണ് തിരഞ്ഞെടുത്തത്. ലയണല്‍ മെസ്സിയേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും മറികടന്നാണ് ലെവന്‍ഡോസ്‌കിയുടെ നേട്ടം. 2020ലെ ടോപ് ഗോള്‍ സ്‌കോററും അദ്ദേഹമായിരുന്നു. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം ബയേണിന്റെ ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയറിനാണ് ലഭിച്ചത്. അലിസന്‍ ബെക്കറിനെ മറികടന്നാണ് ന്യൂയറിന്റെ നേട്ടം. ബയേണിന് ബുണ്ടസ്ലീഗ,ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സമ്മാനിച്ചതില്‍ നിര്‍ണ്ണായക പങ്കായിരുന്നു ന്യൂയറിന്.

മികച്ച പരിശീലകനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ യര്‍ഗന്‍ ക്ലോപിനാണ് ലഭിച്ചത്.ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കാന്‍ ക്ലോപിന് സാധിച്ചിരുന്നു. ബയേണിന്റെ ഫ്‌ളിക്കിനെ മറികടന്നാണ് ക്ലോപിന്റെ നേട്ടം. മികച്ച ഗോളിനുള്ള പുരസ്‌കാരം ടോട്ടനത്തിന്റെ സണ്‍ഹ്യൂങ് മിന്നിനാണ് ലഭിച്ചത്.
യൂറോപ്പിലെ മികച്ച താരത്തിനുള്ള യുവേഫയുടെ അവാര്‍ഡും ലെവന്‍ഡോസ്‌കിക്കാണ് ലഭിച്ചത്. മെസ്സിയേയും റൊണാള്‍ഡോയേയും മറികടന്നാണ് ലെവന്‍ഡോസ്‌കിയുടെ നേട്ടം. മികച്ച ഗോള്‍ കീപ്പറായി ന്യൂയറെ തിരഞ്ഞെടുത്തപ്പോള്‍ മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരത്തിന് ജോഷ്വാ കിമ്മിച്ചും മികച്ച മിഡ്ഫീല്‍ഡറിനുള്ള പുരസ്‌കാരത്തിന് കെവിന്‍ ഡി ബ്രൂയിനും അര്‍ഹനായി. മികച്ച ഫോര്‍വേഡിനുള്ള പുരസ്‌കാരവും ലെവന്‍ഡോസ്‌കിയ്ക്കായിരുന്നു. മികച്ച പരിശീലകനായി ബയേണിന്റെ ഹന്‍സ് ഡീറ്റര്‍ ഫ്‌ളിക്കിനെയാണ് തിരഞ്ഞെടുത്തത്.
ഫുട്‌ബോളിലെ ഏറ്റവും മികച്ച അംഗീകാരമെന്ന് കരുതപ്പെടുന്ന ബാലന്‍ദ്യോര്‍ ഇത്തവണ പ്രഖ്യാപിച്ചില്ല. കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാരണമാണ് ഇത്തവണ ബാലന്‍ദ്യോര്‍ പുരസ്‌കാരം നല്‍കാതിരുന്നത്. ആറ് തവണ മെസ്സിയും അഞ്ച് തവണ റൊണാള്‍ഡോയും നേടിയ അവാര്‍ഡ് ഇത്തവണ നല്‍കിയിരുന്നെങ്കില്‍ ലെവന്‍ഡോസ്‌കിക്ക് തന്നെ പുരസ്‌കാരം ലഭിച്ചേനെ.
ഗ്ലോബല്‍ സോക്കര്‍ പുരസ്‌കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ നൂറ്റാണ്ടിലെ മികച്ച താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തിരുന്നു. മികച്ച ക്ലബ്ബായി റയല്‍ മാഡ്രിഡിനെ തിരഞ്ഞെടുത്തപ്പോള്‍ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലെവന്‍ഡോസ്‌കിക്കും ലഭിച്ചു.