ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഓരോ മാസത്തേയും മികച്ച ഗോളിന് ബി ബി സി ഗോള്‍ ഓഫ് ദ മന്ത് പുരസ്‌കാരം നല്‍കാറുണ്ട്. ഡിസംബര്‍ മാസം ഏറ്റവും മനോഹരമായ ഗോള്‍ നേടിയത് രണ്ട് പേരാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി സ്‌കോര്‍പിയന്‍ ഗോള്‍ നേടിയ അര്‍മേനിയന്‍ താരം ഹെന്റിക് മഹിതരിയനും ചെല്‍സിക്കെതിരെ സണ്ടര്‍ലന്‍ഡിനായി പെനാല്‍റ്റി വലയിലെത്തിച്ച അഞ്ച് വയസുകാരന്‍ ബ്രാഡ്‌ലി ലൗറിയും!!!
അഞ്ച് വയസുകാരനെങ്ങനെ ചെല്‍സിയുടെ വലയില്‍ പന്തെത്തിച്ചെന്ന് കരുതി ഞെട്ടുന്നുണ്ടാകും. അര്‍ബുദ ബാധിതനായ ബ്രാഡ്‌ലി ലൗറി് സണ്ടര്‍ലന്‍ഡ് ക്ലബ്ബ് ഒരുക്കിയ സുന്ദര മുഹൂര്‍ത്തമായിരുന്നു ഇത്. ഡിസംബറില്‍ സണ്ടര്‍ലന്‍ഡും ചെല്‍സിയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി കളത്തിലിറങ്ങിയ ബ്രാഡ്‌ലി ചെല്‍സി ഗോളി അസ്മിര്‍ ബെഗോവിചിനെ മറികടന്ന് പന്ത് വലയിലാക്കി.

ബ്രാഡ്‌ലി എന്ന പിഞ്ചോമനക്ക് മുന്നില്‍ ഗോളി അസ്മിര്‍ കീഴടങ്ങിക്കൊടുക്കുകയായിരുന്നു. തന്റെ കിക്ക് ഗോളായപ്പോള്‍ ബ്രാഡ്‌ലിയുടെ സന്തോഷം കാണേണ്ടതായിരുന്നു. ഈ ഗോളാണ് ഡിസംബര്‍ മാസത്തെ മികച്ച ഗോളായ ഹെന്റിക് മഹിതരിയന്റെ ഗോളിനൊപ്പം പ്രത്യേകം പരിഗണിച്ചത്. ഈ ഗോള്‍ വോട്ടിംഗിന് പരിഗണിച്ചപ്പോള്‍ സണ്ടര്‍ലാന്‍ഡ് ഫാന്‍സ് കൂട്ടത്തോടെ വോട്ട് ചെയ്തു.
പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ മറ്റ് ഫാന്‍സ് കൂട്ടവും ബ്രാഡ്‌ലിക്കായി വോട്ട് ചെയ്തു. 2013 മുതല്‍ ന്യുറോബ്ലാസ്‌റ്റോമ എന്ന ഗുരുതരമായ അര്‍ബുദരോഗത്തിന് ചികിത്സയിലാണ് അഞ്ച് വയസുകാരന്‍. ഏത് നിമിഷവും മരണംസംഭവിച്ചേക്കാം. ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഈ കുഞ്ഞാണ് ഇംഗ്ലീഷ് ഫുട്‌ബോളില്‍ ഇപ്പോള്‍ സൂപ്പര്‍ താരം. ബ്രാഡ്‌ലിക്ക് എവര്‍ട്ടന്‍ ക്ലബ്ബ് രണ്ട് ലക്ഷം പൗണ്ട് ചികിത്സക്കായി കണ്ടെത്തി നല്‍കിയിരുന്നു.
കളി കാണാനെത്തിയ ബ്രാഡ്‌ലിക്കൊപ്പം ഫോട്ടോയെടുക്കാന്‍ ചെല്‍സി കളിക്കാര്‍ മത്സരിക്കുകയായിരുന്നു. ഗ്രൂപ്പ് സെല്‍ഫിയില്‍ പുഞ്ചിരിച്ചു കൊണ്ട് ബ്രാഡ്‌ലി നിന്നു. സണ്ടര്‍ലന്‍ഡ് സ്‌ട്രൈക്കര്‍ ഡാമിയന്‍ ഡെഫോ പിഞ്ചോമനയെ ഒക്കത്ത് വെച്ചാണ് നടന്നത്. കളിക്കാര്‍ അവനെ അത്രയേറെ സ്‌നേഹത്തോടെയാണ് കൊണ്ടു നടന്നത്.