മോസ്‌കോ: കാല്‍പന്ത് കളിയെന്ന് നാം വിളിക്കുന്ന ഫുട്‌ബോള്‍ ഓരോ രാജ്യത്തിനും സംസ്‌കാരത്തിനും വ്യത്യസ്ഥ ലഹരിയും വികാരങ്ങളുമാണ്. 88 വര്‍ഷത്തെ ഫിഫ ലോകകപ്പ് മാമാങ്കം ഫുട്‌ബോളിന്റെ വികാരവും സംസ്‌കാരവും തൊട്ടുണര്‍ത്തിയാണ് ജൈത്രയാത്ര നടത്തിയതും തുടര്‍ന്ന് കൊണ്ടിരിക്കുന്നതും. കാല്‍പന്ത് കളിയോളം ജനപിന്തുണയുള്ള ഗെയിം ലോകത്ത് നിലവിലില്ലായെന്ന് തന്നെ നമ്മുക്ക് ഉറപ്പിച്ചു പറയാനാവും.
മറ്റു ഗെയിമുകള്‍ക്ക് ആസ്വാദകര്‍ കുറവാണന്നല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. പക്ഷേ, ഇത്രത്തോളം സൗഹൃദവും വികാരവും ആനന്ദവും ഉല്‍സഹവും നല്‍കുന്ന കായിക ഇനം ഫുട്‌ബോളാണെന്ന് ജനകോടികള്‍ ഒരേ സ്വരത്തില്‍ പറയുന്നിടത്താണ് കാല്‍പന്ത് കളിയുടെ വിജയം. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രസീല്‍ പല അട്ടിമറികള്‍ക്കും കുതിപ്പിനും ആഹ്ലാദത്തിനും കണ്ണീരിനും വേദിയായത് ഫുട്‌ബോള്‍ പ്രേമികള്‍ ഇന്നും മറക്കാനായിട്ടില്ല. ഫുട്‌ബോളിലെ പുതിയ സുന്ദര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവാന്‍ റഷ്യ ലോകമെമ്പാടുമുള്ള ആരാധകരെ ഒരെ സ്വരത്തില്‍ വിളിക്കുകയാണ്.

ആര്‍ യു റെഡി... ഫുട്‌ബോളെന്ന കൊച്ചു പന്തിലേക്ക് ഇനി ലോകം ചുരങ്ങാന്‍ കേവലം 50 ദിവസം മാത്രം ബാക്കി. 32 ടീമുകള്‍ ഒരു കൊച്ചുപന്തിനു പിന്നാലെ പോവുമ്പോള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ശ്രദ്ധയും സംസാരവും വികാരവുമെല്ലാം ഫുട്‌ബോളിലേക്ക് ചുരുങ്ങുകയാണ്.
റഷ്യയില്‍ ഫുട്‌ബോള്‍ ആവേശത്തിലേക്ക് വിസില്‍ മുഴങ്ങാനിരിക്കെ പ്രഥമ ലോകകപ്പ് മുതല്‍ ഈ കഴിഞ്ഞ ലോകകപ്പ് വരെയുള്ള സംഭവബഹുലമായ നിമിഷങ്ങളിലേക്ക് നമ്മുക്ക് കണ്ണോടിക്കാം... നാളെ ആരംഭിക്കുന്ന 'ഫിഫ ലോകകപ്പ് ചരിത്രത്താളുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം' എന്ന പരന്പരയിലൂടെ....