ലിസ്ബന്‍: 2018 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട്, യൂറോപ്യന്‍ മേഖലാ ഗ്രൂപ്പ് മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഹോളണ്ട്, ഹംഗറി ടീമുകള്‍ ഗോര്‍വര്‍ഷത്തോടെ ജയിച്ചു കയറി. പോര്‍ച്ചുഗല്‍ 4-1ന് ലാറ്റ്‌വിയേയും ഹംഗറി 4-0ന് അന്‍ഡോറയെയും ഹോണ്ട് 3-1ന് ലക്‌സംബര്‍ഗിനെയും തകര്‍ത്തപ്പോള്‍ ബെല്‍ജിയം എതിരാളിയായ എസ്‌തോണിയയെ 8-1ന് തരിപ്പണമാക്കിക്കളഞ്ഞു. ബള്‍ഗേറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, സൈപ്രസ് ടീമുകളും യോഗ്യതാ റൗണ്ടില്‍ ജയം കണ്ടു.
പോര്‍ച്ചുഗല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെയും കാര്‍വാലോ, ബ്രൂണോ ആല്‍വസ് എന്നിവരുടെ ഗോളുകളുടെയും ബലത്തിലാണ് 4-1ന് ലാറ്റ്‌വിയയെ തകര്‍ത്തത്. പോര്‍ച്ചുഗല്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡും ഹോം മാച്ചില്‍ ജയം കണ്ടു. ഫറോഐലന്‍ഡിനെ 2-0ന് തോല്‍പ്പിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് നാലാം മത്സരവും ജയിച്ച് പന്ത്രണ്ട് പോയിന്റോടെ എതിരില്ലാതെ നില്‍ക്കുകയാണ്. പോര്‍ച്ചുഗലിന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റാണുള്ളത്.

ഇരുപത്തെട്ടാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോള്‍. അറുപത്തേഴാം മിനുട്ടില്‍ യുസിന്‍സിലൂടെ ലാറ്റ്‌വിയെ ഗോള്‍ മടക്കി. ഈ സമനില ഗോളിന് എട്ട് മിനുട്ട് മുമ്പ് ക്രിസ്റ്റ്യാനോ മത്സരത്തില്‍ ലഭിച്ച രണ്ടാം പെനാല്‍റ്റി പാഴാക്കിയിരുന്നു.
എന്നാല്‍, വില്യം കാര്‍വാലോ തന്റെ കന്നി രാജ്യാന്തര ഗോള്‍ നേടിക്കൊണ്ട് പോര്‍ച്ചുഗലിനെ 2-1ന് മുന്നിലെത്തിച്ചു. എണ്‍പത്തഞ്ചാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ തകര്‍പ്പന്‍ വോളിയിലൂടെ ടീമിനെ 3-1ന് മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിലെ രണ്ടാം മിനുട്ടില്‍ ആവസിന്റെ ഹെഡര്‍ പോര്‍ച്ചുഗലിന്റെ ജയം ആധികാരികമാക്കി (4-1).
ഗ്രൂപ്പ് എച്ചില്‍ എസ്‌തോണിയക്കെതിരെ ബെല്‍ജിയത്തിന് തകര്‍പ്പന്‍ജയമൊരുക്കിയത് ഡ്രൈസ് മെര്‍ട്ടെന്‍സ്, റൊമേലു ലുകാകു എന്നിവരുടെ ഇരട്ട ഗോളുകള്‍. തോമസ് മ്യൂനിയര്‍, എദെന്‍ ഹസാദ്, യാനിക് കരാസ്‌കോ എന്നീ ബെല്‍ജിയം താരങ്ങളും സ്‌കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ 3-1 ആയിരുന്നു സ്‌കോര്‍. എസ്‌തോണിയയുടെ ഏക ഗോള്‍ നേടിയത് ഹെന്റി അനിയറാണ്.
റോബര്‍ട്ടോ മാര്‍ട്ടിനെസ് പരിശീലിപ്പിക്കുന്ന ബെല്‍ജിയം ഗ്രൂപ്പിലെ നാല് കളിയും ജയിച്ചു, ഇരുപത്തൊന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്തു.ഹോളണ്ട് 3-1ന് ലക്‌സംബര്‍ഗിനെ തോല്‍പ്പിച്ചപ്പോള്‍ രണ്ട് ഗോളുകള്‍ നേടിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ അവസരം നഷ്ടപ്പെട്ട മെംഫിസ് ഡിപെ. ലക്‌സംബര്‍ഗിനെതിരെ പകരക്കാരനായി കളത്തിലിറങ്ങിയ ഡിപെ ഹെഡറിലൂടെയും ഫ്രീകിക്കിലൂടെയും ഗോളുകള്‍ നേടി. ബയേണ്‍ മ്യൂണിക് വിംഗര്‍ ആര്യന്‍ റോബനാണ് ഹോളണ്ടിന്റെ മറ്റൊരു സ്‌കോറര്‍.
മത്സര ഫലം
ലക്‌സംബര്‍ഗ് 1-3 ഹോളണ്ട്
പോര്‍ച്ചുഗല്‍ 4-1 ലാറ്റ്‌വിയ
ബെല്‍ജിയം 8-1 എസ്‌തോണിയ
ബള്‍ഗേറിയ 1-0 ബെലാറസ്
ഹംഗറി 4-0 അന്‍ഡോറ
സ്വിറ്റ്‌സര്‍ലന്‍ഡ് 2-0 ഫറോ ഐലന്‍ഡ്
സൈപ്രസ് 3-1 ജിബ്രാള്‍ട്ടര്‍
ഗ്രീസ് 1-1 ബോസ്‌നിയ-ഹെര്‍സെഗൊവിന