FIFA WC 2026: 40ന്റെ 'ചെറുപ്പം', കാബോ വെര്‍ഡെയെ കൈയ്ക്കുള്ളില്‍ കാത്ത ഹീറോ!! ആരാണ് വൊസീഞ്ഞ?
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിന്റെ ആദ്യത്തെ ആഴ്ചയില്‍ തന്നെ പുതിയൊരു ഹീറോയുടെ പിറവിക്കു ഫുട്‌ബോള്‍ ലോകം സാക്ഷിയായിരിക്കുകയാണ്. 40 കാരനായ കാബോ വെര്‍ഡെ (കേപ് വെര്‍ഡെ) ഗോള്‍കീപ്പര്‍ വൊസീഞ്ഞയാണ് അമാനുഷിക പ്രകടനങ്ങളിലൂടെ കാല്‍പന്തു കളി ആരാധകരുടെ മനസിലേക്കു ഡൈവ് ചെയ്തിറങ്ങിയത്.
മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്‌പെയിനിനെ കാബോ വെര്‍ഡെയന്ന കുഞ്ഞന്‍ രാജ്യം അരങ്ങേറ്റ ലോകകപ്പിലിനെ കന്നി മല്‍സരത്തില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെയാണ് വൊസീഞ്ഞയും ഹീറോയായി മാറിയത്.
താര സമ്പന്നമായ സ്‌പെയിനിന്റെ തിരമാല കണക്കെയുള്ള ആക്രമണങ്ങളെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലും രണ്ടാം പകുതിയിലുമെല്ലാം ചില കണ്ണഞ്ചിപ്പിക്കുന്ന സേവുകളിലൂടെ അദ്ദേഹം നിര്‍വീര്യമാക്കി.

കാബോ വെര്‍ഡെയുടെ പ്രതിരോധം തന്നെ കടുകട്ടിയായിരുന്നു. ഇനി എങ്ങനെയെങ്കിലും അതു കടന്നു കിട്ടിയാലാവട്ടെ അവിടെ പാറപോലെ എല്ലാം തടുത്തിട്ട വൊസീഞ്ഞ.
ഇത്രയും വലിയൊരു അഗ്നിപരീക്ഷ അവരില്‍ നിന്നും സ്‌പെയിനോ, ആരാധകരോ, ഫുട്‌ബോള്‍ പണ്ഡിതരോ ആരും തന്നെ പ്രതീക്ഷിച്ചതുമില്ല. ഒറ്റ മല്‍സരത്തിലൂടെ തന്നെ തരംഗമായി മാറിയ വൊസീഞ്ഞ ആരാണ്? അടുത്തറിയാം.
വൈകിയെത്തിയ വസന്തം
ലോക ഫുട്‌ബോളിലെ വൈകിയെത്തിയ വസന്തമെന്നു തന്നെ കാബോ വെര്‍ഡെ ഗോള്‍കീപ്പര്‍ വൊസീഞ്ഞയെ നമുക്കു വിളിക്കാം. കാരണം അദ്ദേഹത്തിനു 40 വയസ്സായി കഴിഞ്ഞു. ഒരു ഫുട്‌ബോളറെ സംബന്ധിച്ച് ഇതു വിശ്രമിക്കാനുള്ള സമയം. പക്ഷെ പ്രായമെന്നത് വെറുമൊരു നമ്പറാണെന്ന് സ്‌പെയിനിന്റെ യുവ രക്തത്തിനെതിരേ ഈ വെറ്ററന്‍ ഗോള്‍ കീപ്പര്‍ കാണിച്ചു തന്നു.
വൊസീഞ്ഞയെന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നതെങ്കിലും യഥാര്‍ഥ പേര് ഇതല്ലെന്നതാണ് രസകരമായ കാര്യം. ജോസിമര്‍ ജോസ് എവോറ ഡയസെന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥപേര്. എങ്കിലും വിളിപ്പേരായ വൊസീഞ്ഞയെന്ന പേരിലാണ് കരിയറിലൂടനീളം താരം അറിയപ്പെട്ടത്.
പോര്‍ച്ചുഗീസ് ഭാഷയില്‍ ഈ പേരിന്റെയര്‍ഥം ചെറിയ മുത്തശ്ശിയെന്നാണ്. വൊസീഞ്ഞയെന്ന വിളിപ്പേര് അദ്ദേഹത്തിനു നല്‍കിയതാവട്ടെ രക്ഷിതാക്കളോ, ആരാധകരോയല്ല, മറിച്ച് സ്വന്തം മുത്തശ്ശനും മുത്തശ്ശിയും തന്നെയാണ്. പിതാവ് സൈനിക ഉദ്യോഗസ്ഥാനായതിനാലും അമ്മ ജോലിക്കു പോയിരുന്നതിനാലും മുത്തശ്ശിയുടെയും മുത്തശ്ശന്റെയും സംരക്ഷണത്തിലാണ് വൊസീഞ്ഞ വളര്‍ന്നത്.
ലാളനയോടെ അവര്‍ വിളിച്ചിരുന്ന വൊസീഞ്ഞയെന്ന വിളിപ്പേര് തന്നെ പിന്നീട് അദ്ദേഹം സ്വീകരിക്കുകയായിരുന്നു. പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ തുടരുന്നതായി കാബോ വെര്‍ഡെ വിട്ടപ്പോള്‍ തന്റെ കുപ്പായത്തിനു പിന്നില്‍ വൊസീഞ്ഞയെന്ന വിളിപ്പേരിനെയും അദ്ദേഹം ഒപ്പം കൂട്ടി. എന്തുകൊണ്ടാണ് ഈ പേര് താന്‍ തിരഞ്ഞെടുത്തതെന്നു ഈ വര്‍ഷമാദ്യം ഫിഫയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
'ജോസമിര്‍ എന്ന പേരില്‍ അപ്പോള്‍ മറ്റൊരു ഗോള്‍ കീപ്പറുണ്ടായിരുന്നു. ജോസിമര്‍ സെക്കന്റായി മാറായാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എല്ലാവരും എന്നെ അറിയുന്നത് വൊസീഞ്ഞയെന്ന പേരിലാണ്. അതിനാല്‍ ഞാന്‍ അങ്ങനെ തന്നെ തുടരുകയും ചെയ്തു'- വൊസീഞ്ഞ മനസ്സ് തുറന്നു.

ഫുട്‌ബോള്‍ കരിയര്‍
ആധുനിക ഫുട്‌ബോളിലെ പല ലോകകപ്പ് സ്റ്റാറുകളെയും പൊലെ വലിയ വേദിയിലേക്കുള്ള വൊസീഞ്ഞയുടെ പാത നേരെയുള്ളതായിരുന്നില്ല. ഹോം ടീമായ ബറൂക്കെ എഫ്‌സിക്കൊപ്പമായിരുന്നു അദ്ദേഹം ഫുട്‌ബോളിലേക്കു ചുവടുവച്ചത്. തുടര്‍ന്ന് സിഎസ് മിന്‍ഡെലെന്‍സിലേക്കു ചേക്കേറുന്നു. കാബോ വെര്‍ഡെയിലെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നാണിത്.
അവിടെ നിന്നാണ് ഫുട്‌ബോളിലെ അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ശരിക്കുള്ള തുടക്കമെന്നു പറയാം. പിന്നീട് അംഗോളയിലെ പ്രോഗ്രെസോ, മോള്‍ഡോവയിലെ സിബ്രു ചിസിനൗ, പോര്‍ച്ചുഗലിലെ ഗില്‍ വിസെന്റെ, സൈപ്രസിലെ എആഎല്‍ ലിമാസോള്‍, സ്ലൊവാക്യയിലെ എഎസ് ട്രെന്‍സിന്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കു വേണ്ടിയെല്ലാം വൊസീഞ്ഞ ഗോള്‍വല കാത്തു.
നിലവില്‍ പോര്‍ച്ചുഗലിനെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഷാവേസിന്റെ താരമാണ് അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗുകളിലെ ക്ലബ്ബുകളില്‍ മാറി മാറി കളിച്ചതിന്റെ വലിയ അനുഭവ സമ്പത്ത് തന്നൊയാവാം സ്‌പെയിനിനെതിരേ ലോകോത്തര പ്രകടനം നടത്താന്‍ വൊസീഞ്ഞയെ സഹായിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications