FIFA WC 2026: ജനസംഖ്യ വെറും 5 ലക്ഷത്തിലേറെ!! ആരാണ് സ്പെയിനെ വിറപ്പിച്ച കാബോ വെര്‍ഡെ?
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മുന്‍ ലോക, യൂറോപ്യന്‍ ചാംപ്യന്മാരായ സ്പെയിനിനെ ഗോള്‍ രഹിത സമനിലയില്‍ പൂട്ടിയതോടെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് കാബോ വെര്‍ഡെയെന്ന (കേപ് വെര്‍ഡെ) കുഞ്ഞന്‍ രാജ്യം.
നേരത്തേ യൂറോപ്യന്‍ വമ്പന്‍മാരായ ജര്‍മനിക്കു മുന്നില്‍ മറ്റൊരു ചെറു രാജ്യമായ കുറസാവോ 1-7ന് മുങ്ങിയത് നമ്മള്‍ കണ്ടതാണ്. ഇതിനു പിന്നിലെയാണ് മറ്റൊരു ചെറിയ ടീമായ കാബോ വെര്‍ഡെ സ്‌പെയിനിനു മൂക്കുകയറിട്ട് കൈയടി നേടിയത്. ഏതാണ് ഈ പുതിയ രാജ്യം? കാബോ വെര്‍ഡെയ കുറിച്ച് അടുത്തറിയാം.

പശ്ചിമാഫ്രിക്കൻ തീരത്തു നിന്നും ഏകദേശം 570 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പത്ത് അഗ്നിപർവ്വത ദ്വീപുകളുടെ കൂട്ടമാണ് കേപ് വേർഡെ. വെറും അഞ്ച് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു രാജ്യം ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലേക്ക് പന്തുതട്ടാൻ കടന്നുവന്ന ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ്.
ബ്ലൂ ഷാർക്‌സിന്റെ വിസ്മയ കുതിപ്പ്
'ബ്ലൂ ഷാർക്സ്' എന്ന് വിളിക്കപ്പെടുന്ന കേപ് വെർഡെയുടെ ലോകകപ്പ് യോഗ്യതാ യാത്ര ലോകത്തെ കായികപ്രേമികൾക്ക് ഒന്നടങ്കം വിസ്മയജനകവും ആവേശഭരിതവുമായിരുന്നു. ആഫ്രിക്കൻ വൻശക്തികളായ കാമറൂൺ ഉൾപ്പെട്ട കടുത്ത യോഗ്യതാ ഗ്രൂപ്പിൽ നിന്ന് കേപ് വേർഡെ മുന്നേറുമെന്ന് ലോകത്ത് ആരും തന്നെ പ്രവചിച്ചിരുന്നില്ല.
കാമറൂണിനോട് ആദ്യ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടപ്പോൾ പലരും അവരുടെ സാധ്യതകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. എന്നാൽ കടുത്ത വെല്ലുവിളികളെ അതിജീവിച്ചുള്ള അവിശ്വസനീയമായ ഒരു തിരിച്ചുവരവാണ് അവരുടെ ഭാഗത്ത് നിന്നും പിന്നീട് സംഭവിച്ചത്. സ്വന്തം തട്ടകമായ പ്രയയിൽ നടന്ന പോരാട്ടത്തിൽ കരുത്തരായ കാമറൂണിനെ 1-0നു അട്ടിമറിച്ചതോടെയാണ് പ്രത്യാശകൾ വീണ്ടും തളിർത്തത്.
തുടർന്ന് ഗ്രൂപ്പിലെ മറ്റ് എതിരാളികൾക്കെതിരെ കൃത്യതയാർന്ന ജയങ്ങൾ സ്വന്തമാക്കിയ ഇവർ 10 യോഗ്യതാ മത്സരങ്ങളിൽ ഏഴ് വിജയങ്ങളും രണ്ട് സമനിലയും ഒരു പരാജയവുമായി 23 പോയിന്റോടെ ഗ്രൂപ്പ് ഡിയിൽ ഒന്നാമന്മാരായാണ് ലോകകപ്പ് ടിക്കറ്റെടുത്തത്. അവസാന യോഗ്യതാ മത്സരത്തിൽ ഈസ്വതിനിക്കെതിരെ നേടിയ മൂന്ന് ഗോളിൻ്റെ ആധികാരിക ജയം അവരുടെ തകർപ്പൻ കുതിപ്പിൻ്റെ നേർസാക്ഷ്യമാണ്.
പരിമിതമായ പ്രാദേശിക സൗകര്യങ്ങൾക്കുള്ളിൽ മാത്രം നല്ല കളിക്കാരെ കണ്ടെത്താൻ ശ്രമിക്കാതെ, പോർച്ചുഗൽ, ഫ്രാൻസ്, നെതർലൻഡ്സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന തങ്ങളുടെ പ്രവാസികളായ മികച്ച കളിക്കാരെ കണ്ടെത്തി ടീമിലേക്ക് എത്തിക്കാൻ പരിശീലകൻ ബുബിസ്റ്റയ്ക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ലാ ലിഗയിൽ കളിക്കുന്ന യുവ പ്രതിരോധ താരം ലോഗൻ കോസ്റ്റ ഡിഫൻസിനും മിഡ്ഫീൽഡിൽ മികച്ച രീതിയിൽ കളി നിയന്ത്രിക്കുന്ന ജോവാനെ കബ്രാളും കേപ് വേർഡിൻ്റെ കുന്തമുനകളാണ്. ഒപ്പം വിദേശ ലീഗുകളിൽ തിളങ്ങുന്ന പ്രവാസി താരങ്ങളും സ്വന്തം നാട്ടിൽ മികച്ച രീതിയിൽ പന്തുതട്ടി വളർന്നവരും തമ്മിലുള്ള അപൂർവ്വമായ കെട്ടുറപ്പാണ് കേപ് വേർഡെയെ ഈ വലിയ വേദിയിൽ വ്യത്യസ്തമാക്കുന്നത്.
വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഇതിഹാസ ഗോൾകീപ്പർ വോസിഞ്ഞ, പ്രമുഖ ഫോർവേഡ് റയാൻ മെൻഡസ് എന്നിവരുടെ സാന്നിധ്യം യുവ താരങ്ങൾക്ക് ആവശ്യമായ മാനസിക ധൈര്യവും നേതൃത്വ പാടവവും പകർന്നു നൽകുന്നു.

കളിശൈലി
പരമ്പരാഗതമായി ചെറിയ ആഫ്രിക്കൻ ടീമുകൾ വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ സ്വീകരിക്കുന്ന അമിതമായ പ്രതിരോധ ശൈലിക്ക് പകരം അഗ്രസീവ് മൈൻഡുള്ള ആധുനികവും മികച്ചതുമായ ഫുട്ബോൾ ശൈലിയാണ് കേപ് വേർഡെ മൈതാനത്ത് കാഴ്ചവെക്കാറുള്ളത്.
സാധാരണയായി 4-5-1 അല്ലെങ്കിൽ 4-3-3 ഫോർമേഷനിൽ കളിക്കുന്ന ബുബിസ്റ്റയുടെ സംഘം മികച്ച കളി അച്ചടക്കത്തോടെയാണ് ഓരോ മത്സരത്തെയും കൈകാര്യം ചെയ്യുന്നത്. കടുത്ത ഡിഫെൻസീവ് സോണൽ ബ്ലോക്ക് തീർക്കുന്നതിനൊപ്പം അതിവേഗ പ്രത്യാക്രമണങ്ങളിലൂടെയും (Counter-attacks) ഇവർ എതിരാളികൾക്ക് കനത്ത ഭീഷണിയാവുന്നു.
മധ്യനിരയിൽ കെവിൻ പിനയും ലാരോസ് ഡ്യുവാർട്ടെയും പന്ത് വേഗത്തിൽ തിരിച്ചുപിടിക്കുന്നതിലും അത് മുന്നേറ്റ നിരയിലേക്ക് കൃത്യതയോടെ മുൻകൂട്ടി എത്തിക്കുന്നതിലും ഏറെ മിടുക്കരാണ്.
റയാൻ മെൻഡസിന്റെ തന്ത്രപരമായ അനുഭവസമ്പത്തും വിങ്ങുകളിലൂടെ അതിവേഗത്തിൽ ഓടിക്കയറുന്ന യുവ ഫോർവേഡ് താരം ഡെയ്‌ലോൺ ലിവ്‌റാമെന്റോയുടെ മുന്നേറ്റങ്ങളും എതിരാളികളുടെ വലയെ വിറപ്പിക്കാൻ പോന്നവയാണ്. പ്രതിരോധവും കൗണ്ടർ അറ്റാക്കിങ്ങും കൃത്യമായി സമന്വയിപ്പിച്ചാണ് ഈ കൊച്ചു ദ്വീപ് രാജ്യത്തിന്റെ ഫുട്ബോൾ മുന്നേറ്റം ശാസ്ത്രീയമായി രൂപകൽപ്പന ചെയ്തിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications