FIFA WC 2026: അര്‍ജന്റീനയും പോര്‍ച്ചുഗലുമല്ല, കപ്പ് ഫ്രാന്‍സ് തൂക്കും!! കാരണം ടെറി പറയും
ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിലെ പോരാട്ടങ്ങള്‍ പുരോഗമിക്കവെ ഇത്തവണ കിരീടം ആര്‍ക്കാവുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും സൂപ്പര്‍ ഡിഫന്‍ഡറുമായ ജോണ്‍ ടെറി.
തന്റെ ടീമായ ഇംഗ്ലണ്ടോ, നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയോ അല്ല ഫ്രാന്‍സാവും ഇത്തവണ കിരീടം ചൂടുകയെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഇതിന്റെ കാരണവും ടെറി ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഫൈനലിലെത്തിയ ഏക ടീമാണ് ഫ്രഞ്ച് പട. 2018ലെ ടൂര്‍ണമെന്റില്‍ ക്രൊയേഷ്യയെ 4-2നു കെട്ടിച്ച് അവര്‍ ലോക ചാംപ്യന്‍മാരായിരുന്നു. 2022ലെ ഖത്തര്‍ ലോകകപ്പിലാവട്ടെ ഫൈനലില്‍ അര്‍ജന്റീനയോടു പെനല്‍റ്റി ഷൂട്ടൗട്ടിലും കീഴടങ്ങുകയായിരുന്നു. ഹാട്രിക് ഫൈനല്‍ മോഹിച്ചാണ് കിലിയന്‍ എംബാപ്പെയും സംഘവും ഇത്തവണയിറങ്ങുക.

ഫ്രാന്‍സ് തന്നെ
മെട്രോ.കോ.യുകെയുമായി (Metro.Co.Uk) സംസാരിക്കവെയാണ്് ഈ ഫിഫ ലോകകപ്പിലെ കിരീട ഫേവറിറ്റുകളായി ഫ്രാന്‍സിനെ ജോണ്‍ ടെറി പ്രവചിച്ചത്. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
'ഞാന്‍ ഈ ലോകകപ്പില്‍ ഫേവറിറ്റുകളായി ഫ്രാന്‍സിന്റെ പേരായിരിക്കും പറയുക. അവരുടെ കരുത്തും ആഴവും അതോടൊപ്പം അറ്റാക്കിങിലെ ഓപ്ഷനുകളുമെല്ലാം എടുത്തു പറയേണ്ടതാണ്. ഡെസയര്‍ ഡൗ, മൈക്കല്‍ ഒലീസെ, കിലിയന്‍ എംബാപ്പെ, ഒസ്മാനെ ഡെംബലെ, റയാന്‍ ചെക്രി തുടങ്ങി നിരവധി പേര്‍ ഫ്രഞ്ച് സംഘത്തിലുണ്ട്.
അവരുടെ ഡിഫന്‍സീവ് കരുത്തും കേമം തന്നെ. മിഡ് ഫീല്‍ഡാവട്ടെ വളരെ മികച്ചതുമാണ്. വളരെ മികച്ച സ്‌ക്വാഡുമായാണ് ഫ്രാന്‍സ് ഈ ലോകകപ്പിനെത്തിയതെന്നാണ് ഞാന്‍ കരുതുന്നത്. മാത്രമല്ല, ഈയൊരു സമയത്ത് അവര്‍ വളരെയധികം ആത്മവിശ്വാസത്തിലുമാണ്.
പിഎസ്ജി ടീമിലെ ഒരുപിടി കളിക്കാര്‍ ഫ്രഞ്ച് സംഘത്തിലുണ്ട്. അടുത്തിടെ വലിയൊരു യൂറോപ്യന്‍ ജയവും (യുവേഫ ചാംപ്യന്‍സ് ലീഗ്) നേടിയ പിഎസ്ജി സംഘത്തിലുള്ളവരാണ് അവര്‍.
ഫ്രാന്‍സ് ലോക ചാംപ്യന്‍മാരാവുമെന്ന എന്റെ പ്രവചനം തെറ്റാവണമെന്ന് പ്രതീക്ഷിക്കുന്നു. പകരം ഇംഗ്ലണ്ടിനു കിരീടം ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. പക്ഷെ ഫ്രാന്‍സിനും സ്‌പെയിനിനും ഈ ലോകകപ്പില്‍ വളരെ നല്ല സാധ്യതയുണ്ടെന്നു ഞാന്‍ കരുതുന്നു'- ടെറി വിശദമാക്കി.
60 വര്‍ഷത്തെ കിരീട ദാദ്രിദ്യം അവസാനിപ്പിച്ച് രണ്ടാം ലോകകപ്പുമായി നാട്ടിലേക്കു മടങ്ങാനുറച്ചാണ് ഇംഗ്ലണ്ട് ഇത്തവണയെത്തിയത്. ഗ്രൂപ്പ് എല്ലാണ് അവര്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കരുത്തരായ ക്രൊയേഷ്യ, ഘാന എന്നിവര്‍ക്കൊപ്പമാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം.

ഈ ഗ്രൂപ്പ് കടക്കുകയെന്നതായിരിക്കും ഇംഗ്ലണ്ടിനു മുന്നിലുള്ള ആദ്യത്ത പ്രധാന ചാലഞ്ച്. 2018ലെ ലോകകപ്പില്‍ നാലാംസ്ഥാനക്കാരായിരുന്നു അവര്‍. കഴിഞ്ഞ തവണയാവട്ടെ ക്വാര്‍ട്ടര്‍ ഫൈനലിലും വീഴുകയായിരുന്നു.
തോമസ് ടുക്കെലാണ് ഇത്തവണ ഇംഗ്ലണ്ടിനു തന്ത്രങ്ങളോതുന്നത്. ലോക കിരീടത്തിനായുള്ള ഇംഗ്ലണ്ടിന്റെ നീക്ക കാത്തിരിപ്പിന് അന്ത്യം കുറിക്കുകയെന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. 2014ലെ ടൂര്‍ണമെന്റിലെ നടുക്കുന്ന ഒാര്‍മകള്‍ ഇംഗ്ലണ്ടിനെ വേട്ടയാടുന്നുണ്ടാവും.
ബ്രസീലില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇറ്റലി, ഉറുഗ്വേ, കോസ്റ്ററിക്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു അവര്‍. ഒരു മല്‍സരം പോലും ജയിക്കാനാവാതെ വെറും ഒരു പോയിന്റ് മാത്രം നേടി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി നാണംകെട്ടാണ് ഇംഗ്ലണ്ടിന്റെ മടക്കം. ഗ്രൂപ്പിലെ മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണം തോറ്റ അവര്‍ ഒന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു,
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications