FIFA WC 2026: എംബാപ്പെയല്ല, എന്റെ റെക്കോര്‍ഡ് മെസ്സി തിരുത്തണം!! ആഗ്രഹം പഞ്ഞ് ക്ലോസെ, ഈ കാരണം
കാല്‍പന്തുകളിയിലെ മഹോല്‍സവമായ ഫിഫ ലോകകപ്പിന് നോര്‍ത്ത്് അമേരിക്കയില്‍ തുടക്കമായിരിക്കുകയാണ്. ഫുട്‌ബോള്‍ പ്രേമികളെ ത്രില്ലടിപ്പിക്കുന്ന ചില പോരാട്ടങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു. എന്നാല്‍ ശരിക്കുള്ള തീപാറും മല്‍സരങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. പല റെക്കോഡുകളും ഈ ടൂര്‍ണമെന്റില്‍ തകര്‍ക്കപ്പെടാനിടയുണ്ട്.
ഇക്കൂട്ടത്തില്‍ ജര്‍മനിയുടെ മുന്‍ ഗോള്‍മെഷീന്‍ മിറോസ്ലാവ് ക്ലോസെയുടെ ലോക റെക്കോര്‍ഡുമുണ്ട്. ലോകകപ്പ് ചരിത്രത്തിലെ ഓള്‍ടൈം ഗോള്‍വേട്ടക്കാരനെന്ന അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഇത്തവണ തിരുത്തപ്പെട്ടേക്കും. പ്രധാനമായും രണ്ടു താരങ്ങളാണ് ഈ റെക്കോര്‍ഡ് തിരുത്താനിടയുള്ളവരായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒരാള്‍ അര്‍ജന്റൈന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ ലയണല്‍ മെസ്സിയാണെങ്കില്‍ മറ്റൊരാള്‍ ഫ്രാന്‍സിന്റെ യുവ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമാണ്. ഇവരില്‍ തന്റെ റെക്കോര്‍ഡ് മെസ്സി തകര്‍ക്കണമെന്നാണ് ആഗ്രഹമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ക്ലോസെ. ഇതിനുള്ള കാരണവും അദ്ദേഹം തുറന്നു പറയുകയും ചെയ്തു.
ക്ലോസെയുടെ റെക്കോര്‍ഡ്
എതിര്‍ ടീം പ്രതിരോധ നിരയുടെയും ഗോള്‍ കീപ്പര്‍മാരുടെയെല്ലാം ഒരു കാലത്തെ പേടിസ്വപ്‌നമായിരുന്നു ജര്‍മനിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെ. ലോകകപ്പുകളിലാണ് അദ്ദേഹം ഏറ്റവുമധികം അപകടകാരിയായി മാറിയിരുന്നത്.
അര്‍ധാവസരങ്ങള്‍ പോലും ഗോളുകളാക്കി മാറ്റാനുള്ള അസാധാരണ സ്കോറിങ് പാടവം ക്ലോസെയ്ക്കുണ്ടായിരുന്നു. ലോകകപ്പില്‍ 24 മല്‍സരങ്ങളിലായി അദ്ദേഹം വാരിക്കൂട്ടിയത് 16 ഗോളുകളായിരുന്നു.
ഈ ഗോളുകളെല്ലാം പെനല്‍റ്റി ബോക്‌സിനുള്ളില്‍ വച്ച് തന്നെയാണ് ക്ലോസെ നേടിയത്. 16 ഗോളുകളില്‍ ഏഴെണ്ണവും ഹെഡ്ഡറിലൂടെയാണെന്നതാണ് കൗതുകകരമായ കാര്യം. നോക്കൗട്ടില്‍ അഞ്ചു തവണ അദ്ദേഹം വല കുലുക്കിയപ്പോള്‍ അവസാന ഗോള്‍ പിറന്നത് 2014ലെ ലോകകപ്പ് സെമിയില്‍ ബ്രസീലിനെ ജര്‍മനി 7-1ന് മുക്കിയ കളിയിലുമാണ്.
ലയണല്‍ മെസ്സിയാണ് ക്ലോസെയുടെ റെക്കോര്‍ഡിന് ഏറ്റവും അരികില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. അഞ്ചു ലോകകപ്പുകളിലായി 26 മല്‍സരങ്ങളില്‍ അര്‍ജന്റൈന്‍ കുപ്പായമണിഞ്ഞ അദ്ദേഹത്തിന്റെ സമ്പാദ്യം 13 ഗോളുകളാണ്.
2022ലെ അവസാന ലോകകപ്പില്‍ ഏഴു ഗോളുകള്‍ നേടുന്നതിനൊപ്പം മൂന്ന് അസിസ്റ്റുകളും നല്‍കിയ മെസ്സി അര്‍ജന്റീനയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.
കിലിയന്‍ എംബാപ്പെയാവട്ടെ 12 ഗോളുകളുമായി മെസ്സിക്കു തൊട്ടുപിറകെയുണ്ട്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലായാണ് അദ്ദേഹം 12 ഗോളുകള്‍ വാരിക്കൂട്ടിയത്. കഴിഞ്ഞ എഡിഷനില്‍ അര്‍ജന്റീനയുമായുള്ള ഫൈനലില്‍ ഹാട്രിക്കും എംബാപ്പെ കുറിച്ചിരുന്നു.
മെസ്സി തകര്‍ക്കണം
ഈ ലോകകപ്പില്‍ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും തന്റെ റെക്കോര്‍ഡുകള്‍ക്കു ഭീഷണിയാണെങ്കിലും അതില്‍ തനിക്കു വിഷമമല്ല, സന്തോഷമേയുള്ളൂവെന്നും മിറോസ്ലാവ് ക്ലോസെ വ്യക്തമാക്കി.
'എന്റെ ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് ഈ ലോകകപ്പില്‍ തകര്‍ക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഇതു കുറേക്കൂടി വിപുലീകരിക്കപ്പെട്ട ലോകകപ്പാണ്. ഇത്തവണ കൂടുതല്‍ മല്‍സരങ്ങളുണ്ട്, അതുകൊണ്ടു തന്നെ ഗോളുകള്‍ സ്‌കോര്‍ ചെയ്യാനുള്ള കൂടുതല്‍ അവസരങ്ങളുമുണ്ട്.

ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയും ഈ ലോകകപ്പില്‍ അവരുടെ ടീമുകള്‍ക്കൊപ്പം ഏറെ ദൂരം മുന്നോട്ടു പോവും. അതു വളരെ നല്ലതുമാണ്. റെക്കോര്‍ഡുകള്‍ എല്ലായ്‌പ്പോഴും തിരുത്തപ്പെടേണ്ടവ തന്നെയാണ്.
ഈ ലോകകപ്പില്‍ അതു സംഭവിക്കുകയും, മെസ്സി അതു തിരുത്തുകയും ചെയ്യുകയാണെങ്കില്‍ ഞാന്‍ അതില്‍ സന്തോഷിക്കും. കാരണം ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. മെസ്സി ഒരു ജീനിയസാണ്'-ക്ലോസെ കൂട്ടിച്ചേര്‍ത്തു.
നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഈ ലോകകപ്പില്‍ ഇനിയും ആദ്യ മല്‍സരം കളിച്ചിട്ടില്ല. ജൂണ്‍ 16ന് ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6.30ന് അള്‍ജീരിയക്കെതിരേയാണ് അവരുടെ ആദ്യ പോരാട്ടം. ഫ്രാന്‍സിന്റെ ആദ്യ മല്‍സരമാവട്ടെ 16ന് രാത്രി 12.30നു സെനഗലുമായിട്ടാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
