FIFA WC 2026: മെസ്സി മഹാനായ താരം, പക്ഷെ ഞങ്ങള്‍ക്ക് ആരെയും ഭയമില്ല!! കോച്ചിന്റെ മുന്നറിയിപ്പ്
ഫിഫ ലോകകപ്പില്‍ ഇത്തവണത്തെ അദ്ഭുത ടീമായി മാറിയിരിക്കുകയാണ് കാബോ വെര്‍ദെയെന്ന (കേപ് വെര്‍ദെ) കുഞ്ഞന്‍ രാജ്യം. ചരിത്രത്തിലാദ്യമായി കാല്‍പന്തിന്റെ മഹാവേദിയില്‍ ഹരിശ്രീ കുറിക്കാനെത്തിയ അവരെ ആരും വിലയ്‌ക്കെടുത്തിരുന്നില്ല. പക്ഷെ പെരുമയിലല്ല, കളിയിലാണ് കാര്യമെന്ന് വെറും മൂന്നു മാച്ചുകള്‍ കൊണ്ട് അവര്‍ തെളിയിച്ചു.
പക്ഷെ കളിച്ച മൂന്നു മല്‍സരങ്ങളിലും തോല്‍ക്കാതെ നോക്കൗട്ട് റൗണ്ടിലേക്കു കുതിച്ച കാബോ വെര്‍ദെ തങ്ങള്‍ 'വെര്‍തെയങ്ങ്' പോവാന്‍ വന്നവരല്ലെന്നു വമ്പന്‍മാര്‍ക്കെല്ലാം മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്.

ഇനി റൗണ്ട് 32ല്‍ കാബോ വെര്‍ദെയ്ക്കു മുന്നിലുള്ളത് നിലവിലെ ചാംപ്യന്മാര്‍ കൂടിയായ സാക്ഷാല്‍ അര്‍ജന്റീന!! ഇതിഹാസ താരം ലയണല്‍ മെസ്സിയുള്‍പ്പെടുന്ന ലാറ്റിന്‍ വമ്പന്‍മാരെ നേരിടാന്‍ എല്ലാവര്‍ക്കും ഭയമാണെങ്കിലും തങ്ങള്‍ക്കു തെല്ലുഭയമില്ലെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കാബോ വെര്‍ദെ കോച്ച് ബുബിസ്റ്റ.
ആരെയും ഭയമില്ല
സൗദി അറേബ്യയുമായുള്ള അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ ഗോള്‍ രഹിത സമനില പിടിച്ചതോടെയാണ് സ്‌പെയിനിനു പിന്നില്‍ രണ്ടാംസ്ഥാനക്കാരായി കാബോ വെര്‍ദെ നോക്കൗട്ടിലക്കു ടിക്കറ്റ് ബുക്ക് ചെയ്തത്. നേരത്തേ ആദ്യ രണ്ടു കളിയില്‍ സ്‌പെയിന്‍ (0-0), ഉറുഗ്വേ (2-2) എന്നീ രണ്ടു മുന്‍ ചാംപ്യന്‍മാരെയും അവര്‍ മൂക്കുകയറിട്ടിരുന്നു.
റൗണ്ട് 32ല്‍ ഇനി താര നിബിഢമായ അര്‍ജന്റീനയെയാണ് എതിരാളികളായി ലഭിച്ചതെങ്കിലും ഫിയര്‍ലെസ് ഫുട്‌ബോള്‍ തന്നെ കളിക്കാന്‍ ശ്രമിക്കുമെന്നും കാബോ വെര്‍ദെ കോച്ച് ബുബിസ്റ്റ പ്രതികരിച്ചു.
'അര്‍ജന്റീനയെ നേരിടാനുള്ള ഞങ്ങളുടെ കഴിവില്‍ അഭിമാനമുണ്ട്. അവര്‍ക്കു ലയണല്‍ മെസ്സിയുണ്ട്, ചരിത്രത്തിലെ ഏറ്റവും മഹാനായ ഫുട്‌ബോളറായി പലരും പരിഗണിക്കുന്നയാളാണ് അദ്ദേഹം.
വെല്ലുവിളികളെ നിങ്ങള്‍ ഭയക്കാന്‍ പാടില്ല. ഞങ്ങള്‍ക്കു ആരെയും ഭയമില്ല. ലോകത്തിലെ ഏറ്റവും ശക്തരായ ടീമുകള്‍ക്കെതിരേ കളിക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ രഹസ്യവും അതാണ്'- ബുബിസ്റ്റ മനസ്സ് തുറന്നു. അടുത്ത ശനിയാഴ്ച (ജൂലൈ 4) ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് അര്‍ജന്റീനയും കാബോ വെര്‍ദെയും തമ്മിലുള്ള റൗണ്ട് 32 പോരാട്ടം.
മെസ്സി കളിക്കില്ല
ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് ഇതിനകം നോക്കൗട്ടില്‍ ഇടം നേടിയതിനാല്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയില്ലാതെയാണ് അര്‍ജന്റീന അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇറങ്ങുക.
നാളെ (ഞായര്‍) രാവിലെ 7.30ന് ജോര്‍ദാനുമായിട്ടാണ് ഗ്രൂപ്പ് ജെയില്‍ അര്‍ന്റീനയുടെ അവസാന മല്‍സരം. ഹാട്രിക്ക് ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിന് തയ്യാറെടുക്കുകയാവും അര്‍ജന്റീനയുടെ ലക്ഷ്യം.

ജോര്‍ദാനെതിരേ പ്ലെയിങ് ഇലവനിലുണ്ടാവില്ലെങ്കിലും രണ്ടാം പകുതിയില്‍ അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹം പകരക്കാരനായി ഗ്രൗണ്ടിലെത്തിയേക്കും. കോച്ച് ലയണല്‍ സ്‌കലോനി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'ലിയോ (ലയണല്‍ മെസ്സി) ബെഞ്ചിലേക്കു പോവും. അവസാന സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ നിന്നും അദ്ദേഹം മാറി നില്‍ക്കും. പക്ഷെ ലിയോ പിന്നീട് ഗ്രൗണ്ടിലേക്കു എത്തും'-സ്‌കലോനി പറഞ്ഞു.
കരിയറിലെ അവസാനത്തെ ലോകകപ്പില്‍ കളിക്കാനെത്തിയ 39 കാരനായ മെസ്സി അവിശ്വസനീയ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ടു കളിയിലായി അദ്ദേഹം അടിച്ചെടുത്തത് അഞ്ചു ഗോളുകളാണ്. ഇതോടെ 16 ലോകകപ്പ് ഗോളുകളെന്ന ജര്‍മനിയുടെ മുന്‍ ഗോളടിവീരന്‍ മിറോസ്ലാവ് ക്ലോസയുടെ ഓള്‍ടൈം റെക്കോര്‍ഡും മെസ്സി പഴങ്കഥയാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications