വാഷിങ്ടണ്‍: അമേരിക്കയുള്‍പ്പടെ മൂന്നു രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഗ്രൂപ്പുകളും മല്‍സരക്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. 2026 ജൂണ്‍ 11 നാണ് കാല്‍പന്തുകളി പൂരത്തിനു കൊടിയേറുന്നത്. സംയുക്ത ആതിഥേയ രാജ്യങ്ങളിലൊന്നായ മെക്‌സിക്കോയാണ് ഉദ്ഘാടന മല്‍സരത്തിനു വേദിയാവുക.
മെക്‌സിക്കോയും സൗത്താഫ്രിക്കയും തമ്മില്‍ മെക്‌സിക്കോ സിറ്റിയിലാണ് ആദ്യ അങ്കത്തില്‍ കൊമ്പുകോര്‍ക്കുന്നത്. 48 ടീമുകളാണ് ലോക കിരീടത്തിനായി ഒരു മാസത്തിലേറെ നീളുന്ന ടൂര്‍ണമെന്റില്‍ പോര്‍ക്കളത്തിലെത്തുക. 12 ഗ്രൂപ്പുകളിലായിട്ടാണ് നാലു ടീമുകളെ വീതം ടൂര്‍ണമെന്റില്‍ വേര്‍തിരിച്ചത്.

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കൊപ്പം വിവിധ ഗ്രൂപ്പുകളിലായി ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന എട്ടു ടീമുകളും റൗണ്ട് 32ലേക്കു യോഗ്യത നേടും. ഇതോടെയാവും കളി കാര്യമാവുക. ടൂര്‍ണമെന്റിന്റെ പ്രീക്വാട്ടര്‍ട്ടറിലും ക്വാര്‍ട്ടറിലും ആരൊക്കെയാവും മുഖാമുഖം വരികയെന്നു നമുക്കു നോക്കാം.
പ്രീക്വാര്‍ട്ടര്‍ സാധ്യതയിങ്ങനെ
ലോകകപ്പിന്റെ 32ാം റൗണ്ട് പോരാട്ടങ്ങള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ മൂന്നു വരെയാണ്. ഇതു കഴിയുന്നതോടെ അവസാനത്തെ 16 ടീമുകള്‍ ആരൊക്കെയാവുമെന്ന ചിത്രവും വ്യക്തമാവും. കിടിലന്‍ പോരാട്ടങ്ങളാണ് പ്രീക്വാര്‍ട്ടറില്‍ ഫുട്‌ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത്.
വലിയ അട്ടിമറികളോ, അദ്ഭുതങ്ങളോയില്ലാതെ ഗ്രൂപ്പുഘട്ടവും 32ാം റൗണ്ടും അവസാനിച്ചെന്നു കരുതുക.
അങ്ങനെ വന്നാല്‍ പ്രീക്വാര്‍ട്ടറില്‍ ജര്‍മനി ഫ്രാന്‍സുമായും നെതര്‍ലാന്‍ഡ്‌സ് മെക്‌സിക്കോയുമായും സ്‌പെയിന്‍ ക്രൊയേഷ്യയുമായും ബെല്‍ജിയം തുര്‍ക്കിയുമായും ബ്രസീല്‍ നോര്‍വെയുമായും ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കുമായും അര്‍ജന്റീന പരാഗ്വേയുമായും പോര്‍ച്ചുഗല്‍ ഇറ്റലിയുമായും കൊമ്പുകോര്‍ക്കും.
ക്വാര്‍ട്ടറില്‍ തീപാറും
ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാലു ക്ലാസിക്ക് ത്രില്ലറുകള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു തീര്‍ച്ചയായും പ്രതീക്ഷിക്കാം. ഏതാണ് ബെസ്‌റ്റെന്നു വേര്‍തിരിച്ചു പറയാന്‍ കഴിയാത്ത വിധത്തിലുള്ള നാലു തീപാറും മല്‍സരങ്ങളാണ് ക്വാര്‍ട്ടറിലുള്ളത്.
ഇതില്‍ എടുത്തുപറയേണ്ടത് ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള എല്‍ ക്ലാസിക്കോയാണ്. എല്ലാം പ്രതീക്ഷിച്ചതു പോലെ സംഭവിച്ചാല്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും തമ്മിലുള്ള സ്വപ്‌ന ക്വാര്‍ട്ടര്‍ ഫൈനല്‍ നമുക്കു കാണാന്‍ സാധിക്കും.
മറ്റു മൂന്നു ക്വാര്‍ട്ടര്‍ ഫൈനലുകളും നിങ്ങളെ നിരാശരാക്കില്ല. അഞ്ചു തവണ ലോക ചാംപ്യന്മാരായി റെക്കോര്‍ഡിട്ട ബ്രസീലിന്റെ എതിരാളികള്‍ യൂറോപ്യന്‍ പവര്‍ഹൗസുകളായ ഇംഗ്ലണ്ടായിരിക്കും.
മറ്റു രണ്ടു ക്വാര്‍ട്ടറുകളില്‍ ഫ്രാന്‍സ് നെതര്‍ലാന്‍ഡ്‌സിനെയും സ്‌പെയിന്‍ ബെല്‍ജിയത്തെയും നേരിടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇതു സംഭവിക്കണമെങ്കില്‍ ഈ എട്ടു ടീമുകളും അവരുടെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടതും പ്രധാനമാണ്.
ജൂലൈ 9, 10, 11 തിയ്യതികളിലായിട്ടാണ് ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍. സെമി ഫൈനല്‍ ജൂലൈ 14, 15 തിയ്യതികളിലായിട്ടാണ്. ലോക ഫുട്‌ബോളിലെ പുതിയ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം ജൂലൈ 19ന് അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലും നടക്കും.
ലോകകപ്പിലെ ഗ്രൂപ്പുകളറിയാം
ഗ്രൂപ്പ് എ: മെക്സിക്കോ, സൗത്താഫ്രിക്ക, സൗത്ത് കൊറിയ, യുവേഫ പ്ലേ ഓഫ് ഡി വിജയി
ഗ്രൂപ്പ് ബി: സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ, യുവേഫ പ്ലേഓഫ് എ വിജയി, ഖത്തര്‍
ഗ്രൂപ്പ് സി: ബ്രസീല്‍, മൊറോക്കോ, സ്‌കോട്ട്ലന്‍ഡ്, ഹെയ്തി
ഗ്രൂപ്പ് ഡി: യുഎസ്എ, ഓസ്ട്രേലിയ, പരാഗ്വേ, യുവേഫ പ്ലേഓഫ് സി വിജയി
ഗ്രൂപ്പ് ഇ: ജര്‍മനി, ഐവറികോസ്റ്റ്, ഇക്വഡോര്‍, കുറാക്കാവോ
ഗ്രൂപ്പ് എഫ്: നെതര്‍ലാന്‍ഡ്സ്, ജപ്പാന്‍, ടുണീഷ്യ, യുവേഫ പ്ലേഓഫ് ബി വിജയി
ഗ്രൂപ്പ് ജി: ബെല്‍ജിയം,ഇറാന്‍, ഈജിപ്ത്,ന്യൂസിലാന്‍ഡ്
ഗ്രൂപ്പ് എച്ച്: സ്പെയിന്‍, ഉറുഗ്വേ, സൗദി അറേബ്യ, കാബോ വെര്‍ഡെ,
ഗ്രൂപ്പ് ഐ: ഫ്രാന്‍സ്, സെനഗല്‍, നോര്‍വേ, ഫിഫ പ്ലേഓഫ് 2 വിജയി
ഗ്രൂപ്പ് ജെ: അര്‍ജന്റീന, ഓസ്ട്രിയ, അള്‍ജീരിയ, ജോര്‍ദാന്‍
ഗ്രൂപ്പ് കെ: പോര്‍ച്ചുഗല്‍, കൊളംബിയ, ഉസ്ബെക്കിസ്ഥാന്‍, ഫിഫ പ്ലേഓഫ് 1 വിജയി
ഗ്രൂപ്പ് എല്‍: ഇംഗ്ലണ്ട്, ക്രൊയേഷ്യ, പാനമ, ഘാന.