FIFA WC 2026: ബ്രസീല്‍ സന്തോഷിക്കാന്‍ വരട്ടെ!! നോക്കൗട്ടിലെത്താന്‍ വേണ്ടതെന്ത്? അറിയാം
ഫിലാഡെല്‍ഫിയ: ഫിഫ ലോകകപ്പില്‍ നിരാശാജനകമായ സമനിലയോടെ തുടങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ബ്രസീല്‍. ഗ്രൂപ്പ് സിയിലെ ഏകപക്ഷീയമായ രണ്ടാം റൗണ്ട് പോരില്‍ കുഞ്ഞന്മാരായ ഹെയ്ത്തിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് മഞ്ഞപ്പട മുക്കിയത്. മുഴുവന്‍ ഗോളുകളും ആദ്യ പകുതിയിലായിരുന്നു.
ഇരട്ടഗോളുകള്‍ നേടിയ മാത്യൂസ് ക്യൂനയാണ് മഞ്ഞപ്പടയുടെ ഹീറോ. 23, 36 മിനിറ്റുകളിലായിരുന്നു അദ്ദേഹത്തിന്റെ ഗോളുകള്‍. ശേഷിച്ച ഗോള്‍ ഇഞ്ചുറി ടൈമില്‍ വിനീഷ്യസ് ജൂനിയറിന്റെ ബൂട്ടുകളില്‍ നിന്നായിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ മാച്ചിലാണ് കാനറികള്‍ക്കായി അദ്ദേഹം വലകുലുക്കിയത്.

ആദ്യപകുതിയില്‍ ബ്രസീലിന്റെ ആധിപത്യമാണ് കണ്ടതെങ്കില്‍ രണ്ടാം പകുതിയില്‍ ഹെയ്ത്തി ശക്തമായി തിരിച്ചുവന്നു. പക്ഷെ ഗോള്‍ മാത്രം മടക്കാന്‍ അവര്‍ക്കായില്ല. നേരത്തേ ആദ്യ മാച്ചില്‍ മൊറോക്കോയുമായി 1-1ന്റെ സമനില വഴങ്ങിയ ശേഷമാണ് ജയവുമായി ബ്രസീല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കിയത്. ഹെയ്ത്തിക്കെതിരായ മിന്നുന്ന ജയത്തിനു ശേഷം റൗണ്ട് 32ലേക്കു ടിക്കറ്റെടുക്കാന്‍ അവര്‍ക്കു എന്താണ് വേണ്ടതെന്നു നോക്കാം.
നോക്കൗട്ടിലെത്താന്‍ എന്തു വേണം?
ഹെയ്ത്തിയെ തകര്‍ത്തെറിഞ്ഞതോടെ ലോകകപ്പിന്റെ ഗ്രൂപ്പ് സിയില്‍ ബ്രസീല്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ്. രണ്ടു കളിയില്‍ നിന്നും ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റാണ് ബ്രസീലിനുള്ളത്. ഇതേ പോയനിന്റുള്ള മൊറോക്കോയാണ് രണ്ടാംസ്ഥാനത്ത്.
രണ്ടു മാച്ചില്‍ നിന്നും ഓരോ ജയവും തോല്‍വിയുമടക്കം മൂന്നു പോയിന്റുള്ള സ്‌കോട്ട്‌ലാന്‍ഡിനാണ് മൂന്നാസ്ഥാനം. കളിച്ച രണ്ടു കളിയിലും തോറ്റ ഹെയ്ത്തി പുറത്തായിക്കഴിഞ്ഞു. നേരത്തേ രണ്ടാം റൗണ്ടിലെ മറ്റൊരു മാച്ചില്‍ മൊറോക്കോ 1-0നു സ്‌കോട്ട്‌ലാന്‍ഡിനെ വീഴ്ത്തിയിരുന്നു.
ഇനി ഓരോ മല്‍സരമാണ് ഗ്രൂപ്പിലെ നാലു ടീമുകള്‍ക്കും ശേഷിക്കുന്നത്. ബ്രസീല്‍ സ്‌കോട്ട്‌ലാന്‍ഡിനെയും മൊറോക്കോ ഹെയ്ത്തിയെയും നേരിടും. ഇവയില്‍ ജയിക്കാനായാല്‍ ബ്രസീലിനും മൊറോക്കോയ്ക്കും റൗണ്ട് 32ലേക്കു ടിക്കറ്റ് വാങ്ങാം. ഇനി സ്‌കോട്ടിഷ് ടീമുമായി സമനില വഴങ്ങേണ്ടി വന്നാലും ബ്രസീല്‍ നോക്കൗട്ടില്‍ കടക്കും.
പക്ഷെ സ്‌കോട്ട്‌ലാന്‍ഡിനോടു അട്ടിമറി തോല്‍വിയേറ്റു വാങ്ങേണ്ടി വന്നാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. മറ്റൊരു മാച്ചില്‍ മൊറോക്കോ ഹെയ്ത്തിയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ബ്രസീല്‍ ഗ്രൂപ്പില്‍ മൂന്നംസ്ഥാനത്തേക്കും വീഴും.
ഏഴു പോയിന്റോടെ മൊറോക്കോയാവും ഗ്രൂപ്പ് ചാംപ്യന്‍മാരാവുക. ആറു പോയിന്റ് സ്‌കോട്ട്‌ലാന്‍ഡ് രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്യും. ബ്രസീലിന്റെ അക്കൗണ്ടിലുണ്ടാവുക. നാലു പോയിന്റുമായിരിക്കും.
പിന്നീട് ബ്രസീലിന് മൂന്നിലുള്ള ഏക നോക്കൗട്ട് റൗണ്ട് സാധ്യത ഗ്രൂപ്പുഘട്ടത്തിലെ മൂന്നാംസ്ഥാനക്കാരില്‍ ഏറ്റവും മികച്ച എട്ടു ടീമുകളിലൊന്നാവുകയാണ്. ഗ്രൂപ്പുഘട്ടത്തിലെ മുഴുവന്‍ മല്‍സരങ്ങളും പൂര്‍ത്തിയായാല്‍ മാത്രമേ ഈ എട്ടു മികച്ച മൂന്നാംസ്ഥാനക്കാരെ കുറിച്ച ചിത്രം തെളിയുകയുള്ളൂ.

ഇത്തരമൊരു ഭാഗ്യപരീക്ഷണത്തിന്റെ നൂല്‍പ്പാലത്തിലൂടെ പോവാന്‍ ബ്രസീല്‍ തീര്‍ച്ചയായും ആഗ്രഹിക്കില്ല. സ്‌കോട്ട്‌ലന്‍ഡിനെതിരേ മിന്നുന്ന ജയത്തോടെ രാജകീയമായി തന്നെ റൗണ്ട് 32ലേക്കു കുതിക്കാനായാരിക്കും മഞ്ഞപ്പയുടെ ശ്രമം.
ബ്രസീലിന്റെ അടുത്ത മല്‍സരം
ഗ്രൂപ്പുഘട്ടത്തില്‍ ബ്രസീലിന്റെ അവസാനത്തെ മല്‍സരം വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ന് സ്‌കോട്ട്‌ലാന്‍ഡുമായാണ്. ഫ്‌ളോറിഡയിലെ മയാമി ഗാര്‍ഡന്‍സിലാണ് മല്‍സരം. പൂര്‍ണ ഫിറ്റല്ലാത്തതു കാരണം ആദ്യത്തെ രണ്ടു മല്‍സരങ്ങളും നഷ്ടമായ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ നെയ്മര്‍ ഈ കളിയില്‍ തിരിച്ചെത്തുമെന്നാണ് വിവരം.
ഹെയ്ത്തിയുായുള്ള മല്‍സരത്തിലെ വിജയത്തിനു ശേഷം കോച്ച് കാര്‍ലോ ആന്‍സലോട്ടിയാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത്. നെയ്മര്‍ വരുന്നതോടെ ബ്രസീല്‍ ടീം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അതേസമയം, ബ്രസീലും സ്‌കോട്ട്‌ലാന്‍ഡും തമ്മില്‍ 10 തവണയാണ് മുഖമുഖം വന്നിട്ടുള്ളത്. ഇതില്‍ എട്ടിലും ജയം മഞ്ഞപ്പടയ്ക്കാണ്. ശേഷിച്ച രണ്ടു കളികള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications