Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: ലവ് യു ലൂക്കാ!!! കപ്പില്ലെങ്കിലും ഹീറോ; ക്രൊയേഷ്യ മിസ്സ് ചെയ്യും, ലോകവും

We will miss you Luka

ക്രൈഫിന് ലോകകപ്പ് കിട്ടിയിട്ടില്ല, ഡി സ്റ്റെഫാനോക്കോ, പുഷ്‌കാസിനോ കിട്ടിയിട്ടില്ല. ലോകം എന്നിട്ടും അവരെ മഹാന്‍മാരായ കളിക്കാരെന്നു വിളിച്ചു. അവര്‍ ഇതിഹാസങ്ങളായി ചരിത്രത്തില്‍ ഇടംപിടിച്ചു. ആ പട്ടികയിലെ പുതിയ പേരുകാരനാണ് ലൂക്കാ മോഡ്രിച്ച്.

കിട്ടാത്ത കപ്പല്ല, മൈതാനത്ത് നിറഞ്ഞ് കളിച്ച് ഫുട്‌ബോള്‍ എത്ര സുന്ദരമാണ് എന്ന് കാണിച്ച് തന്ന്, ഒപ്പമുള്ളവരെ എങ്ങനെ കൂടെ നിര്‍ത്തണമെന്നും ഉഷാറാക്കണമെന്നും കാട്ടിത്തന്ന്, എന്താണ് പോരാട്ടവീര്യമെന്ന് തെളിയിച്ച് തന്നാണ് ലൂക്ക മോഡ്രിച്ച് മഹാനാകുന്നത്. ഇതിഹാസമാകുന്നത്.

LUKA MODIC

2018ല്‍ ലൂക്ക മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ ഏറ്റുവാങ്ങുമ്പോള്‍ വഴിമാറി നിന്നത് ആധുനിക ഫുട്‌ബോളിലെ രണ്ട് കിരീടം വെക്കാത്ത രാജാക്കന്‍മാരായിരുന്നു. വര്‍ഷങ്ങളായി ബാലണ്‍ ഡി ഓര്‍ പങ്കിട്ടെടുത്തു കൊണ്ടിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും.

അന്ന് ലൂക്ക കിരീടം കൈവിട്ട കപ്പിത്താനായിരുന്നു. തൊട്ടുമുമ്പുള്ള മത്സരങ്ങളിലെ പെനല്‍റ്റി ഷൂട്ടൗട്ടുകളുടെ ക്ഷീണം മാറും മുമ്പെത്തിയ കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന് എതിരെ നിറഞ്ഞ് കളിച്ച ക്രൊയേഷ്യ പൊരുതിത്തോറ്റു.

രണ്ടാംസ്ഥാനക്കാരുടെ നായകനായിരുന്നു ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍. അലസമായിട്ടിരിക്കുന്ന മുടിയും നിരാശ തിളക്കം അല്‍പം കുറച്ച കണ്ണുകളുമായി ലൂക്ക അത് വാങ്ങിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ മനസ്സില്‍ ഒരു പുതിയ കിരീടധാരണം നടക്കുകയായിരുന്നു.

യുദ്ധവം പലായനവും അഭയാര്‍ത്ഥി ക്യാമ്പും പട്ടിണിയും എല്ലാം ജീവിതാന്ത്യം വരെയുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ സമ്മാനിച്ച ബാല്യകാലത്ത് ആശ്വാസവും പ്രതീക്ഷയും ആയിരുന്നു ലൂക്കയ്ക്ക് ഫുട്‌ബോള്‍. കളിക്കോപ്പുകള്‍ ഏറെയൊന്നും വേണ്ടാത്തത് കൊണ്ട് കെടുതിക്കാലത്ത് ഏത് കുട്ടിക്കും പറ്റുമായിരുന്ന ഒരേ ഒരു കളി.

LUKA MODIC RONALDO

ലീഗ് ഫുട്‌ബോള്‍ കാലത്തേക്ക് എത്തുക എളുപ്പമായിരുന്നില്ല. മെലിഞ്ഞ ശരീരം, വേണ്ട കായികശേഷിയുണ്ടോ എന്ന സംശയം. എന്തായാലും യുദ്ധം മനസ്സില്‍ ഏല്‍പിച്ച മുറിപ്പാടുകളേക്കാള്‍ വലുതായിരുന്നില്ല ആ നിരാസങ്ങള്‍ ലൂക്ക മറികടന്നു. പതുക്കെ മൈതാനങ്ങളിലെത്തി. പതുക്കെ പതുക്കെ പന്ത് തട്ടിക്കളിച്ച് തട്ടിക്കളിച്ച് റയല്‍ മാഡ്രിഡ് വരെയെത്തി.

കിരീടങ്ങള്‍ ഏറ്റുവാങ്ങി ഗോളടിച്ചവര്‍ ഉള്‍പെടെയുള്ളവര്‍ ആര്‍ത്തുല്ലസിക്കുന്ന ഗ്രൂപ്പ് ഫോട്ടോകളില്‍ ഒരു മൂലയ്ക്ക് വലിയ ഭാവഹവാദികളില്ലാതെ ചെറിയ ചിരിയുമായി ലൂക്കയുണ്ടാകും. ഗോളടിക്കാന്‍ പാകത്തില്‍ പന്തെത്തിച്ചു കൊടുത്തതിന്റെ ഒരു തലക്കനവും ഇല്ലാതെ.

പന്തിനെ വേഗത്തില്‍ വേണമെങ്കില്‍ അതല്ല പതുക്കെ മതിയെങ്കില്‍ അങ്ങനെ. അതല്ല കുറിയ പാസാണോ, അതോ പിന്നോട്ടടിക്കണോ. അതോ ഡ്രിബിള്‍ ചെയ്ത് ചെയ്ത് മാറ്റിയെടുത്ത് തരണോ, ലൂക്ക തയ്യാര്‍. മധ്യനിരയില്‍ അയാള്‍ അത്ഭുതം തീര്‍ത്തു. കവിത മെനഞ്ഞു. അതല്ലെങ്കില്‍ മനോഹരമായ ചിത്രം വരച്ചു. ക്ലീഷേകള്‍ ഒന്നും പോരാതെ വരും മധ്യനിരയിലെ ലൂക്കയുടെ പ്രകടനം വിവരിക്കാന്‍.

സ്വന്തം നാടിന് വേണ്ടി കളിക്കുമ്പോള്‍ ലൂക്കയുടെ കാലുകളില്‍ ചിറകുകള്‍ മുളയ്ക്കും. അയാള്‍ മൈതാനത്ത് പാറിപ്പാറി നടക്കും. കൂടെ കളിക്കുന്നവരെ ഉത്തേജിപ്പിക്കും, ആശ്വസിപ്പിക്കും. ആദ്യാവസാനം കൂടെ നില്‍ക്കും. കലണ്ടറുകള്‍ പലത് മാറിയപ്പോഴും ഇനിയും ലൂക്ക കളിക്കുമോ എന്ന ചോദ്യം ഉയര്‍ന്നപ്പോഴും ചെറുചിരിയോടെ അയാള്‍ കളിച്ചുകൊണ്ടേയിരുന്നു.

LUKA MODIC

ഫുട്‌ബോള്‍ ഭൂപടത്തില്‍ ഒരു മൂലയിലായിരുന്ന രാജ്യത്തെ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരാക്കി. മൂന്നാം സ്ഥാനക്കാരാക്കി. ഇംഗ്ലണ്ടിനെയും അര്‍ജന്റീനയെയും ബ്രസീലിനെയും പോലുള്ള വമ്പന്‍മാരെ തോല്‍പിച്ച് ഞെട്ടിച്ചു. ക്രൊയേഷ്യയെ ലോക ഫുട്‌ബോളില്‍ സംസാരവിഷയമാക്കി.

മത്സരങ്ങളുടെ കണക്കില്‍, ഗോളുകളുടെ കണക്കില്‍, ക്ലബ് കിരീടങ്ങളുടെ കണക്കില്‍ അങ്ങനെ പലതിലും പേര് രേഖപ്പെടുത്തിയിട്ടുണ്ട് ലൂക്ക മോഡ്രിച്ച്. മധ്യനിരയിലെ എക്കാലത്തെയും പെരുമയാര്‍ന്ന താരങ്ങളില്‍ ഒരാള്‍ എന്ന കാര്യത്തിലും സംശയമില്ല.

പോര്‍ച്ചുഗലിന് എതിരെ ആദ്യ നോക്കൗട്ടില്‍ കീഴടങ്ങി വിചാരിച്ചതിലും നേരത്തെ അമേരിക്കയില്‍ നിന്ന് ലൂക്കയും ടീമും മടങ്ങുമ്പോള്‍, ഇനിയൊരു ലോകകപ്പിന് ലൂക്ക വരില്ല എന്നറിയുമ്പോള്‍ ഫുട്‌ബോള്‍ ആരാധകരും ഫുട്‌ബോള്‍ ലോകവും എഴുന്നേറ്റ് കയ്യടിക്കുന്നത് ആ നേട്ടങ്ങളുടെ പേരില്‍ അല്ല എന്നതാണ് ലൂക്കയുടെ മാഹാത്മ്യം. ലൂക്ക ഫുട്‌ബോളിനെ അത്രമേല്‍ മനോഹരമാക്കി എന്നതു കൊണ്ടാണ്. ഫുട്‌ബോള്‍ ലൂക്കയ്ക്ക് ഒരു കലയായിരുന്നു. ജീവശ്വാസമായിരുന്നു. ഫുട്‌ബോളിന് ലൂക്കയും.

We Will Miss You...LUKA..you are great, simply GREAT

Story first published: Friday, July 3, 2026, 19:58 [IST]
Other articles published on Jul 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+