മെസ്സിപ്പടയിറങ്ങുന്നു!! ഇനി കളി കളറാവും; മെസ്സിയുടെ ഗോളുകളും റെക്കോര്‍ഡുകളുമിങ്ങനെ
ആധുനിക ഫുട്ബോളിലെ ഇതിഹാസമായ ലയണൽ മെസ്സി എതന്റെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പ് ജെയിൽ അൾജീരിയയ്ക്ക് എതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആദ്യ അങ്കത്തിന് കച്ച മുറുക്കുന്നത്.
2022 ഖത്തർ ലോകകപ്പിൽ തന്റെ രാജ്യത്തിന് കിരീടം നേടിക്കൊടുത്ത മെസ്സി, ഇത്തവണ കൂടുതൽ വലിയ വെല്ലുവിളികളെ നേരിടുന്നതിനായി തയ്യാറെടുത്തു കഴിഞ്ഞു. 48 ടീമുകൾ മത്സരിക്കുന്ന വിപുലീകരിച്ച ടൂർണമെന്റിൽ അർജന്റീനയെ നയിക്കുന്നത് ഈ ഇതിഹാസ താരം തന്നെയാണ്.
20 വർഷം മുൻപ്, 2006-ൽ ഒരു കൗമാരക്കാരനായി ലോകകപ്പ് വേദിയിൽ അരങ്ങേറ്റം കുറിച്ച മെസ്സിയുടെ പ്രയാണം ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും സുവർണ്ണ അധ്യായമാണ്. അന്ന് മുതൽ ഇതുവരെയുള്ള അഞ്ച് ലോകകപ്പുകളിൽ മെസ്സി സ്ഥാപിച്ച റെക്കോർഡുകൾ കായിക ലോകത്തെ അത്ഭുതപ്പെടുത്തുന്നു.
രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ഈ അസാധാരണമായ കരിയറിലെ കണക്കുകൾ അദ്ദേഹത്തിന്റെ കളിമിടുക്കിലേക്കും അർപ്പണബോധത്തിലേക്കും വിരൽ ചൂണ്ടുന്നു. ഖത്തറിൽ കനകകിരീടം ഉയർത്തിയപ്പോൾ പലരും കരുതിയത് അത് മെസ്സിയുടെ അവസാന ലോകകപ്പ് ആയിരിക്കും എന്നായിരുന്നു.
എന്നാൽ ആരാധക ലക്ഷങ്ങളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ലോകകപ്പിൽ കളിക്കാൻ അദ്ദേഹം തയ്യാറാകുകയായിരുന്നു. ഇത്തവണ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ കിരീടം നിലനിർത്തുക എന്നത് അർജന്റീനയ്ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല.

മെസ്സിയുടെ ലോകകപ്പ് കണക്കുകൾ (2006 - 2022)
അഞ്ച് ലോകകപ്പുകളിൽ നിന്നായി മെസ്സി കളിച്ച മത്സരങ്ങളുടെ എണ്ണവും അതിൽ അദ്ദേഹം അർജന്റീനയ്ക്കായി സൃഷ്ടിച്ച സ്വാധീനവും ഫുട്‌ബോളിൽ സമാനതകളില്ലാത്തതാണ്. ജർമ്മനിയിൽ വെച്ച് നടന്ന 2006 ലെ ടൂർണമെന്റ് മുതൽ കഴിഞ്ഞ ഖത്തർ ലോകകപ്പ് വരെയുള്ള മത്സരങ്ങളിൽ അദ്ദേഹം തന്റെ പേരിൽ നിരവധി സുപ്രധാന നാഴികക്കല്ലുകൾ എഴുതിച്ചേർത്തു.
കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ കളിച്ച മത്സരങ്ങളിൽ നിന്ന് നേടിയ ഗോളുകളും നിർണ്ണായക അസിസ്റ്റുകളും അദ്ദേഹത്തിന്റെ അസാമാന്യ പ്രതിഭയുടെ നേർക്കാഴ്ചകളാണ്. ഈ കാലയളവിലെ അദ്ദേഹത്തിന്റെ പ്രധാന സ്ഥിതിവിവരക്കണക്കുകൾ താഴെ നൽകുന്നു.
ഓരോ ടൂർണമെന്റിലും മെസ്സി തന്റെ കളിശൈലി മെച്ചപ്പെടുത്തുകയും ടീമിന്റെ നെടുംതൂണായി മാറുകയും ചെയ്തു. 2006 ലോകകപ്പിൽ സെർബിയ ആൻഡ് മോണ്ടിനെഗ്രോയ്ക്ക് എതിരെ പകരക്കാരനായി ഇറങ്ങി നേടിയ ആദ്യ ഗോൾ മുതൽ ഖത്തറിൽ ഫ്രാൻസിനെതിരായ ഫൈനലിൽ നേടിയ ഇരട്ട ഗോളുകൾ വരെയുള്ള കഥ ആവേശഭരിതമാണ്.
2010 ലോകകപ്പിൽ ഗോളൊന്നും നേടാൻ സാധിച്ചില്ലെങ്കിലും മെസ്സി ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. 2014 ബ്രസീൽ ലോകകപ്പിൽ നാല് ഗോളുകൾ നേടിയ മെസ്സി അർജന്റീനയെ റണ്ണേഴ്‌സ് അപ്പ് പദവിയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കും വഹിച്ചു.
ഗ്രൂപ്പ് ഘട്ടത്തിൽ ബോസ്‌നിയ, ഇറാൻ, നൈജീരിയ എന്നീ ടീമുകൾക്കെതിരെ മെസ്സി നേടിയ ഗോളുകൾ ടീമിന്റെ കുതിപ്പിന് കരുത്ത് പകർന്നു. ഫ്രീകിക്കിലൂടെയും ബോക്സിന് വെളിയിൽ നിന്നുള്ള മനോഹരമായ ഷോട്ടുകളിലൂടെയും അദ്ദേഹം ഗോളുകൾ കണ്ടെത്തി.
പിന്നീട് 2018 റഷ്യ ലോകകപ്പിൽ ഒരു ഗോളിൽ ഒതുങ്ങിയെങ്കിലും, 2022ൽ ഖത്തറിൽ ഏഴ് ഗോളുകളുമായി മെസ്സി കളം നിറഞ്ഞാടി. ഖത്തറിലെ ലോകകപ്പിൽ മെസ്സി അക്ഷരാർഥത്തിൽ പടനയിക്കുക തന്നെയായിരുന്നു. സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അർജന്റീനയെ പിന്നീട് മെക്സിക്കോയ്ക്കെതിരായ നിർണായക ഗോളത്തിലൂടെയാണ് മെസ്സി തിരികെ മത്സരരംഗത്തേക്ക് കൊണ്ടുവന്നത്.
തുടർന്ന് നോക്കൗട്ട് ഘട്ടങ്ങളിലും ഫൈനലിലും ഗോളുകൾ നേടി അർജന്റീനയുടെ 36 വർഷത്തെ കാത്തിരിപ്പ് അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. ആ ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരവും ലോകകപ്പ് ട്രോഫിയും ഒരേസമയം നെഞ്ചോട് ചേർക്കാൻ മെസ്സിക്ക് സാധിച്ചു.

സുവർണ്ണ റെക്കോർഡുകൾ
കേവലം കിരീടവിജയങ്ങളിൽ മാത്രമല്ല, വ്യക്തിഗത റെക്കോർഡുകളുടെ കാര്യത്തിലും മെസ്സി ലോകകപ്പിലെ രാജാവ് തന്നെയാണ്. ജർമ്മനിയുടെ ലോതർ മത്തേവൂസിനെ (25) മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26) കളിച്ച താരമായി മെസ്സി മാറി.
കൂടാതെ ഇറ്റലിയുടെ പൗലോ മാൾഡിനിയുടെ പേരിൽ ഉണ്ടായിരുന്ന കളിക്കളത്തിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചതിന്റെ റെക്കോർഡും (2,314 മിനിറ്റ്) മെസ്സി പേരിലാക്കി.
2022 ഖത്തർ ലോകകപ്പിലെ മെസ്സിയുടെ പ്രകടനം ചരിത്രത്തിലെ തന്നെ ഏറ്റവും സവിശേഷമായ ഒന്നാണ്. ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ ടൂർണമെന്റിലെ എല്ലാ ഘട്ടങ്ങളിലും ഗോളടിക്കുന്ന ആദ്യ താരമെന്ന അതുല്യ നേട്ടം മെസ്സി സ്വന്തമാക്കി.
അർജന്റീനയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോൾവേട്ടക്കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ പിന്നിലാക്കിയാണ് മെസ്സി 13 ഗോളുകളോടെ അർജന്റീനയുടെ ഏറ്റവും വലിയ വേട്ടക്കാരനായി മാറിയത്.
അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ അസിസ്റ്റ് നൽകിയ ഏക താരമെന്ന സവിശേഷതയും മെസ്സിയ്ക്ക് സ്വന്തം. ഇതിഹാസങ്ങളായ പെലെ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം എന്നിവർക്ക് മൂന്ന് ലോകകപ്പുകളിൽ മാത്രമേ അസിസ്റ്റ് നൽകാൻ സാധിച്ചിട്ടുള്ളൂ.
ഇതിനുപുറമേ, ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം (10 തവണ) നേടിയ താരവും രണ്ടുതവണ ഗോൾഡൻ ബോൾ (2014, 2022) നേടിയ ഏക കളിക്കാരനും ലിയോണൽ മെസ്സിയാണ്.

ഈ ലോകകപ്പും ആദ്യ പോരാട്ടവും
ഈ ലോകകപ്പിൽ അർജന്റീന ഗ്രൂപ്പ് ജെയിലാണുള്ളത്. ഈ ഗ്രൂപ്പിൽ അവർക്കൊപ്പം അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നീ രാജ്യങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ കളം നിറയാൻ ടാക്റ്റിക്കൽ കോച്ച് ലയണൽ സ്‌കലോണിയുടെ ആയുധപ്പുര സജ്ജമാണ്.
അർജന്റീനയുടെ വിശ്വസ്തനായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പരിക്ക് മാറി തിരിച്ചെത്തിയത് ടീമിന് വലിയൊരു ആശ്വാസമേകുന്നുണ്ട്. മെസ്സിക്കൊപ്പം ലൊറ്റാറോ മാർട്ടിനെസ് മുന്നേറ്റ നിരയിൽ അണിനിരക്കുമ്പോൾ റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ എന്നിവർ മധ്യനിരയ്ക്ക് ചലനാത്മകത നൽകും.
നിലവിൽ ഇന്റർ മയാമിക്ക് വേണ്ടി തകർപ്പൻ ഫോമിൽ കളിക്കുന്ന ഇതിഹാസം ഇപ്പോഴും കളിക്കളത്തിലെ വേഗതയിലും കളി നിർണ്ണയിക്കുന്നതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം ടീമിലെ യുവ താരങ്ങൾക്ക് വലിയ പ്രചോദനമാണ്. =
ഈ 38 കാരൻ തന്റെ അവസാന ലോകകപ്പ് വേദിയിൽ അർജന്റീനിയൻ ജനതയ്ക്ക് ഒരിക്കൽ കൂടി മറക്കാനാവാത്ത സുവർണ്ണ നിമിഷങ്ങൾ സമ്മാനിക്കുമോ എന്നാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications