FIFA WC 2026: ചാംപ്യന്‍സ് ഡാ!! ഒന്നടിച്ച ഇംഗ്ലണ്ടിനെ രണ്ടടിക്ക് തീര്‍ത്ത് അര്‍ജന്റീന, ഇനി ഫൈനല്‍
അറ്റ്‌ലാന്റ: എന്തുകൊണ്ടാണ് കാല്‍പന്തുകളിയിലെ രാജാക്കന്‍മാരായതെന്നു അര്‍ജന്റീന തെളിയിച്ച മല്‍സരം, ലോകത്ത് തന്നെ വെല്ലാന്‍ ആരുമില്ലെന്നു ലയണല്‍ മെസ്സിയും അടിവരയിട്ട മല്‍സരം. വീണ്ടുമൊരു ത്രില്ലറില്‍ കൂടി ജയിച്ച് തുടര്‍ച്ചയായ രണ്ടം ലോക കിരീടമെന്ന ആ സ്വപ്നത്തിന് തൊട്ടരികെ അര്‍ജന്റീന.
വിരസമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതി പൊടിപാറിയപ്പോള്‍ ഇംഗ്ലണ്ടിനെ 2-1ന് അര്‍ജന്റീന തീര്‍ത്തു. ഇനി ഞായറാഴ്ച ഫൈനലില്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കുമിടയില്‍ സ്‌പെയിന്‍ മാത്രം. മുന്‍ മല്‍സരങ്ങളിലേതു പോലെ ഈ കളിയിലും ആദ്യം ലീഡ് വഴങ്ങിയ ശേഷമാണ് അര്‍ജന്റീന വിജയക്കൊടി പാറിച്ചത്.

55ാം മിനിറ്റില്‍ ആന്റണി ഗോര്‍ഡന്റെ ഗോളില്‍ ഇംഗ്ലണ്ട് മുന്നിലെത്തിയിരുന്നു. പക്ഷെ അര്‍ജന്റീന വിട്ടുകൊടുത്തില്ല. എ ന്‍സോ ഫെര്‍ണാണ്ടസ് (85), ലൊറ്റാറോ മാര്‍ട്ടിനസ് (90+2) എന്നിവരുടെ ഗോളുകളിലേറി അര്‍ജന്റീന ത്രസിപ്പിക്കുന്ന ജയം കൈക്കലാക്കി.
പരുക്കന്‍ കളി
ഇംഗ്ലണ്ടും അര്‍ജന്റീനയും തുടക്കം മുതല്‍ പരുക്കന്‍ കളിയാണ് പുറത്തെടുത്തത്. ഇതോടെ രണ്ടു ടീമിലെയും താരങ്ങള്‍ ഇടയ്ക്കിടെ താഴെ വീഴുന്നതും സ്ഥിരം കാഴ്ചയായി മാറി. ചില ഫൗളുകള്‍ക്കു ശേഷം രണ്ടു ടീമിലെയും കളിക്കാര്‍ ഉരസുകയും ഉന്തും തള്ളും നടത്തുകയും ചെയ്തതോടെ റഫറിക്കു പലപ്പോഴും മധ്യത്തില്‍ കയറി ഇവരെ ശാന്തരാക്കേണ്ടിയും വന്നു.
ആദ്യത്തെ 20 മിനിറ്റില്‍ രണ്ടു ടീമുകളും തുറന്ന ഗോളവസരങ്ങളൊന്നും സൃഷ്ടിച്ചില്ല. കൂടുതല്‍ സമയവും പന്ത് മധ്യനിരയില്‍ തന്നെ കറങ്ങിനടന്നപ്പോള്‍ കളി വിരസവുമായി തീര്‍ന്നു. എങ്കിലും ഇംഗ്ലണ്ടായിരുന്നു അല്‍പ്പം ഭേദപ്പെട്ട ടീമെന്നു പറയാം.
കൂടുതല്‍ അഗ്രസീവായി, ഹൈ പ്രസിങ് കൡക്കാന്‍ ശ്രമിച്ചത് അവരായിരുന്നു. അര്‍ജന്റീനയാവട്ടെ ആക്രമണത്തേക്കാള്‍ ശ്രദ്ധിച്ചത് പ്രതിരോധത്തിലുമായിരുന്നു. ആദ്യത്തെ ഹൈഡ്രേഷന്‍ ബ്രേക്കിനു പിരിയുമ്പോള്‍ രണ്ടു ടീമുകളും കൂടി വഴങ്ങിയത് 11 ഫൗളുകളാണ്.
ഇംഗ്ലണ്ടിന് അവസരം
32ാം മിനിറ്റില്‍ സെറ്റ് പീസില്‍ നിന്നും ഇംഗ്ലണ്ടിനു അക്കൗണ്ട് തുറക്കാന്‍ നല്ലൊരു അവസരം. ഇടതു വിങിലൂടെ പന്തെടുത്ത് ബോക്‌സിനു അരികിലൂടെ മുന്നേറാന്‍ ശ്രമിച്ച ജൂഡ് ബെല്ലിങ്ഹാമിനെ അര്‍ജന്റീനയുടെ രണ്ടു പേര്‍ ചെയ്തു ഫൗള്‍ ചെയ്തിട്ടതോടെ ഇംഗ്ലണ്ടിനു അനുകൂലമായി മികച്ചൊരു പൊസിഷനില്‍ നിന്നും ഫ്രീകിക്ക്.
ഇടതു വിങില്‍ നിന്നും സെക്കന്റ് പോസ്റ്റിനു അരികിലേക്കു താഴ്ന്നിറങ്ങിയ റൈസിന്റെ ഫ്രീകിക്ക്. ഇംഗ്ലീഷ് ഡിഫന്‍ഡര്‍ ജോണ്‍ സ്റ്റോണ്‍സ് ഹെഡ്ഡറിലൂടെ അതു വലയിലേക്കു വഴി തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ഗോളിക്കു യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ അതു പുറത്തേക്കാണ് പോയത്.
35 മിനിറ്റില്‍ ബോക്‌സിനു അരികില്‍ വച്ച് ഇംഗ്ലണ്ടിനു അനുകൂലമായി വീണ്ടുമൊരു ഫ്രീകിക്ക്. പക്ഷെ അതും വേണ്ട രീതിയില്‍ മുതലാക്കാനോ ഗോളിലേക്കു ഒരു ശ്രമം നടത്താനോ ഇംഗ്ലണ്ടിനായില്ല. അര്‍ജന്റീന വളരെ സമര്‍ഥമായി അതു ക്ലിയര്‍ ചെയ്യുകയായിരുന്നു.
ആദ്യ അവസരം
39ാ മിനിറ്റിലാണ് അര്‍ജന്റീനയുടെ ഭാഗത്തു നിന്നും ഗോളിലേക്കായി ഒരു ശ്രമം കണ്ടത്. പക്ഷെ അതു വെറുമൊരു അര്‍ധ ഗോളവസരവുമായിരുന്നു. ഒരു ഷോര്‍ട്ട് ഫ്രീകിക്കിനൊടുവില്‍ ബോക്‌സിന്റെ എഡ്ജില്‍ നിന്നും എന്‍സോ ഫെര്‍ണാണ്ടസ് ഒരു ലോങ്‌റേഞ്ചര്‍ പരീക്ഷിക്കുകയായിരുന്നു.
വളരെ നല്ലൊരു ശ്രമം തന്നെയായിരുന്നു അത്. പക്ഷെ പക്ഷെ പക്ഷെ ഫസ്റ്റ് പോസ്റ്റിനു തൊട്ടരികിലൂടെ മൂളിപ്പാറി, നെറ്റ്‌സിലും തട്ടി ഇതു പുറത്തേക്ക്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ രണ്ടു ടീമും ഓണ്‍ ടാര്‍ഗറ്റിലേക്കു ഒരു ഷോട്ട് പോലും തൊടുത്തില്ലെന്നത് വിചിത്രമാണ്. പക്ഷെ ഫൗളുകള്‍ക്കു പഞ്ഞമില്ലായിരുന്നു. 12 ഫൗളുകളുമായി അര്‍ജന്റീനയാണ് മുന്നിട്ടു നിന്നത്. ഇംഗ്ലണ്ട് ഏഴു ഫൗളുകള്‍ വരുത്തുകയും ചെയ്തു.

ഗോള്‍!! ഇംഗ്ലണ്ട് മുന്നില്‍
55ാം മിനിറ്റില്‍ അര്‍ജന്റീനയെ സ്തബ്ധാരാക്കി ആന്റണി ഗോര്‍ഡനിലൂടെ ഇംഗ്ലണ്ട് അക്കൗണ്ട് തുറന്നു. അതിവേഗ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഗോളിന്റെ വരവ്. വലതു വിങിലൂടെയുള്ള മോര്‍ഗന്‍ റോജേഴ്‌സിന്റെ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍.
അര്‍ജന്റീനയ്ക്കു അതു പ്രതീക്ഷിച്ചതു പോലെ ക്ലിയര്‍ ചെയ്യാനുമായില്ല. ബോള്‍ വീണ്ടെടുത്ത റോജേഴ്‌സ് വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ നീട്ടി നല്‍കിയ മനോഹരായ ക്രോസ് സെക്കന്റ് പോസ്റ്റിലേക്കു ഓടിയെത്തിയെ ഗോര്‍ഡന്‍ വലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു (1-0).
അര്‍ജന്റൈന്‍ ആക്രമണം
ലീഡ് വഴങ്ങിയതോടെയാണ് യഥാര്‍ഥ അര്‍ജന്റീന ഉണര്‍ന്നത്. തിരമാല കണക്കെ ഇരുവിങുകളിലൂടെയും അവര്‍ ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ത്തതോടെ ഇംഗ്ലണ്ട് ശരിക്കു പ്രതിരോധത്തിലായി. 57ാം മിനിറ്റില്‍ ബോക്‌സിന്റെ വലതു ലിങിലൂടെ കുതിച്ചുകയറിയ സിമിയോണിയെ ഒരു ഗംഭീര ടാക്ലിങിലൂടെ സ്‌പെന്‍സ് തടഞ്ഞതോടെ ഇംഗ്ലണ്ട് രക്ഷപ്പെട്ടു.
തുടര്‍ന്നും അര്‍ജന്റീന സമനിലയ്ക്കായി ഇടതടവില്ലാതെ ആക്രമിച്ചുകൊണ്ടേയിരുന്നു. 69ാം മിനിറ്റില്‍ ടാഗ്ലിയാഫിക്കോയിലൂടെ അര്‍ജന്റീന സമനില ഉറപ്പിച്ചതായിരുന്നു.
പക്ഷെ വലതു വിങില്‍ നിന്നുള്ള മെസ്സിയുടെ ക്രോസില്‍ നിന്നും ടാഗ്ലിയാഫിക്കോയുടെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നുള്ള കിടിലന്‍ ഹെഡ്ഡര്‍ വലതു വശത്തേക്കു ഡൈവ് ചെയ്ത് ഗോളി പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റി.
75ാം മിനിറ്റില്‍ ഗോള്‍ പോസ്റ്റ് ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. മക്കലിസ്റ്ററിന്റെ ഇടതു വിങില്‍ നിന്നുള്ള ഹെഡ്ഡര്‍ സെക്കന്റ് പോസ്റ്റില്‍ ഇടിച്ച് തെറിക്കുകയായിന്നു.
എന്‍സോ!!! അര്‍ജന്റീന
നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഇംഗ്ലണ്ടിന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് എന്‍സോ ഫെര്‍ണാണ്ടസിലൂടെ അര്‍ജന്റീന സമനിലയും പിടിച്ചുവാങ്ങി.
വലതുമൂലയില്‍ നിന്നുള്ള ഷോര്‍ട്ട് കോര്‍ണര്‍ കിക്കിനൊടുവില്‍ ബോള്‍ നേരെ എന്‍സോയിലേക്ക്. ബോക്‌സിന്റെ എഡ്ജില്‍ നിന്നും അദ്ദേഹം തൊടുത്ത ലോങ്‌റേഞ്ചര്‍ ഗോളി പിക്‌ഫോര്‍ഡിനെ കബളിപ്പിച്ച് ഇടതു മൂലയില്‍ തുളഞ്ഞുകയറുകയും ചെയ്തു.

ഗോള്‍!! അര്‍ജന്റീന നേടി
അവസാന മിനിറ്റുകളില്‍ വിജയ ഗോള്‍ നേടി എതിരാളുകളുടെ കഥ കഴിക്കുന്ന പതിവ് ഇത്തവണയും അര്‍ജന്റീന തെറ്റിച്ചില്ല. പകരക്കാരനായി ഇറങ്ങിയ ലൊറ്റാറോ മാര്‍ട്ടിനസിലൂടെ ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റില്‍ അര്‍ജന്റീന വിജയവും ഫൈനലുമുറപ്പിച്ച ഗോള്‍ കണ്ടെത്തി. ഇടതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ മെസ്സി നീട്ടിനല്‍കിയ ക്രോസ് ഉയര്‍ന്നു ചാടിയ മാര്‍ട്ടിനസ് വലയ്ക്കുള്ളിലാക്കുകയായിരുന്നു.
അര്‍ജന്റീന 11 (4-4-2)
എമിലിയാനോ മാര്‍ട്ടിനെസ് (ഗോള്‍കീപ്പര്‍), നഹ്വല്‍ മോളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിയാന്‍ഡ്രോ പരേഡെസ്, ജിയുലിയാനോ സിമിയോണി, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, ലയണല്‍ മെസ്സി (ക്യാപ്റ്റന്‍), ജൂലിയന്‍ അല്‍വാരസ്.
ഇംഗ്ലണ്ട് 11 (4-2-3-1)
ജോര്‍ഡന്‍ പിക്ക്‌ഫോര്‍ഡ് (ഗോള്‍കീപ്പര്‍), റീസ് ജെയിംസ്, മാര്‍ക്ക് ഗുഹി, ജോണ്‍ സ്റ്റോണ്‍സ്, ഡിജെഡ് സ്‌പെന്‍സ്, ഡെക്ലാന്‍ റൈസ്, എലിയറ്റ് ആന്‍ഡേഴ്‌സണ്‍, ആന്റണി ഗോര്‍ഡന്‍, ജൂഡ് ബെല്ലിംഗ്ഹാം, മോര്‍ഗന്‍ റോജേഴ്‌സ്, ഹാരി കെയ്ന്‍ (ക്യാപ്റ്റന്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications