
ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ പോരാട്ടച്ചൂടിലേക്ക് കടക്കാനിരിക്കവെ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി അര്‍ജന്റീന. സൗഹൃദ മത്സരത്തില്‍ യുഎഇയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ഏഞ്ചല്‍ ഡി മരിയ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തില്‍ ലയണല്‍ മെസിയും വലകുലുക്കി. കരുത്ത് വ്യക്തമാക്കിത്തന്നെയുള്ള ജയമാണ് അര്‍ജന്റീന നേടിയെടുത്തിരിക്കുന്നത്.
യുഎഇക്കെതിരേ തുടക്കം മുതല്‍ അര്‍ജന്റീനയുടെ സര്‍വാധിപത്യമായിരുന്നു. 35 മത്സത്തില്‍ തോല്‍വി അറിയാതെ എത്തിയ അര്‍ജന്റീന എല്ലാ എതിരാളികള്‍ക്കുമുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ലയണല്‍ മെസിയുടെ അസിസ്റ്റില്‍ ജുലിയന്‍ അല്‍വാരസാണ് അര്‍ജന്റീനയുടെ അക്കൗണ്ട് തുറന്നത്. അല്‍വാരസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ലക്ഷ്യം പിഴക്കാതെ വലയില്‍. 25ാം മിനുട്ടില്‍ മാര്‍ക്കോസ് അക്കുനയുടെ അസിസ്റ്റില്‍ ഏഞ്ചല്‍ ഡി മരിയ രണ്ടാം നിറയൊഴിച്ചു. ബോക്‌സിനകത്ത് വെച്ച് വോളിയിലൂടെയാണ് ഡി മരിയയുടെ ഗോള്‍.

36ാം മിനുട്ടില്‍ വീണ്ടും ഡി മരിയ വലകുലുക്കി. അലക്‌സിസ് മാക് അലിസ്റ്ററിന്റെ പാസിലൂടെ ലഭിച്ച പന്തിനെ അനായസമായി ഡി മരിയ വലയിലാക്കി. 44ാം മിനുട്ടില്‍ മെസിയിലൂടെ അര്‍ജന്റീനക്ക് നാലാം ഗോള്‍. ഡി മരിയയുടെ മെസിയെ ലക്ഷ്യമാക്കിയുള്ള പാസ് കൃത്യം. ഫസ്റ്റ് ടൈം ഷോട്ടിലൂടെ പന്ത് പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു. ആദ്യ പകുതിയില്‍ എതിരില്ലാത്ത നാല് ഗോളിന്റെ ലീഡോഡെയാണ് അര്‍ജന്റീന കളം വിട്ടത്.
രണ്ടാം പകുതിയില്‍ ഡി മരിയയെ പിന്‍വലിച്ചാണ് അര്‍ജന്റീന ഇറങ്ങിയത്. 60ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ ജോക്വിന്‍ കോറിയ അര്‍ജന്റീനക്കായി അഞ്ചാംഗോള്‍ നേടി. റോഡ്രിഗോ ഡി പോളിന്റെ മികച്ച അസിസ്റ്റാണ് കോറിയ വലയിലെത്തിച്ചത്. ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ 5-0ന്റെ ഗംഭീര ജയത്തോടെയാണ് അര്‍ജന്റീനയാണ് കളം വിട്ടത്.

മറ്റൊരു സൗഹൃദ മത്സരത്തില്‍ ക്രൊയേഷ്യ ഏക പക്ഷീയമായ ഒരു ഗോളിന് സൗദി അറേബ്യയെ തോല്‍പ്പിച്ചു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 83ാം മിനുട്ടിലാണ് ക്രൊയേഷ്യ വിജയ ഗോള്‍ നേടിയത്. ആന്‍ഡ്രിജ് ക്രമാറിച്ചിന്റെ ഗോളിലാണ് ക്രൊയേഷ്യ വിജയം നേടിയത്. രണ്ട് ഗോളുകള്‍ ഓഫ് സൈഡ് വിധിക്കപ്പെട്ടത് ക്രൊയേഷ്യക്ക് തിരിച്ചടിയായി.
4-2-3-1 ഫോര്‍മേഷനിലിറങ്ങിയ സൗദി അറേബ്യയെ 4-3-3 ഫോര്‍മേഷനിലാണ് ക്രൊയേഷ്യ നേരിട്ടത്. ആദ്യ പകുതിയില്‍ 57 ശതമാനം പന്തടക്കത്തില്‍ ക്രൊയേഷ്യ മുന്നിട്ട് നിന്നെങ്കിലും 1നെതിരേ 9 ഗോള്‍ശ്രമമാണ് സൗദി അറേബ്യ നടത്തിയത്. എന്നാല്‍ ഒന്ന് പോലും ലക്ഷ്യത്തിലെത്തിയില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ പന്തടക്കത്തിലും ഗോള്‍ശ്രമത്തിലുമെല്ലാം ക്രൊയേഷ്യ സര്‍വാധിപത്യം പുലര്‍ത്തി. 73ാം മിനുട്ടില്‍ ക്രമാറിച്ച് വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡ് വിധിച്ചു. 87ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചും വലകുലുക്കിയെങ്കിലും അതും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡായി.