
ദോഹ: ഫിഫ ലോകകപ്പില്‍ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അര്‍ജന്റീന ഇപ്പോള്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കുന്ന പ്രകടനമാണ് അര്‍ജന്റീന ഖത്തറില്‍ കാഴ്ചവെക്കുന്നത്.
ലയണല്‍ മെസിയെന്ന ഇതിഹാസം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ഒപ്പമുള്ളവരും ഒത്തിണക്കത്തോടെ കളിക്കുന്നു. മെസിയുടെ അവസാന ലോകകപ്പാണ് ഖത്തറിലേത്. അതുകൊണ്ട് തന്നെ ഇതിഹാസ താരം കപ്പോടുകൂടി മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണേറെയും.
ഫൈനലില്‍ കരുത്തരായ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ എതിരാളികള്‍. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന മോഹത്തോടെ ഇറങ്ങുമ്പോള്‍ അര്‍ജന്റീനക്ക് എളുപ്പമാവില്ല. ഫൈനല്‍ വരെയുള്ള കുതിപ്പില്‍ അര്‍ജന്റീനക്ക് ഊര്‍ജ്ജം പകര്‍ന്ന താരങ്ങള്‍ നിരവധിയാണ്.
എന്നാല്‍ ഇവരുടെയെല്ലാം പ്രകടനം മെസിക്ക് കീഴിലൊതുങ്ങുന്നു. ഇത്തവണത്തെ അര്‍ജന്റീനയുടെ വാഴ്ത്തപ്പെടാത്ത മൂന്ന് ഹീറോകള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
അലെക്‌സിസ് മാക് അലിസ്റ്റര്‍
ഇത്തവണ അര്‍ജന്റീന മധ്യനിരയില്‍ കരുതിവെച്ച വജ്രായുധമാണ് അലെക്‌സിസ് മാക് അലിസ്റ്റര്‍. 23കാരനായ താരം ഇത്തവണത്തെ അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനത്തിന് കരുത്ത് പകര്‍ന്ന താരമാണ്. സൗദി അറേബ്യക്കെതിരായ മത്സരശേഷമാണ് അലിസ്റ്ററിനെ കളത്തിലിറക്കുന്നത്.
മധ്യനിരയില്‍ തകര്‍ത്ത് കളിക്കുന്ന താരം വലിയ പ്രശംസയും കൈയടിയും അര്‍ഹിക്കുന്നു. പോളണ്ടിനും നെതര്‍ലന്‍ഡ്‌സിനും ക്രൊയേഷ്യക്കുമെതിരായ താരത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ലെഫ്റ്റ് ബാക്ക് മാര്‍ക്കോസ് അക്ക്യുനയോടൊപ്പം മികച്ച ധാരണയോടെ മുന്നോട്ട് പോകാന്‍ അലിസ്റ്ററിന് സാധിക്കുന്നു.
പോളണ്ടിനെതിരേ ഒരു ഗോളാണ് അലിസ്റ്റര്‍ നേടിയത്. ഇത് നിര്‍ണ്ണായകമായി മാറുകയും ചെയ്തു. ഫൈനലിലിറങ്ങുമ്പോഴും അര്‍ജന്റീനയുടെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനം കല്‍പ്പിക്കുന്ന താരമാണ് അലിസ്റ്റര്‍. എന്നാല്‍ അര്‍ഹിച്ച പ്രശംസ താരത്തിന് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

ജുലിയന്‍ അല്‍വാരസ്
ഇത്തവണ മെസിക്കൊപ്പം പ്രകടനമികവ് കാഴ്ചവെച്ച താരമാണ് ജുലിയന്‍ അല്‍വാരസ്. യുവതാരമായ അല്‍വാരസിന് അനുഭവസമ്പത്ത് കുറവാണ്. എങ്കിലും അര്‍ജന്റീനയുടെ ആക്രമണത്തിന്റെ കുന്തമുനയാവുന്നത് അല്‍വാരസാണ്.
22കാരനായ താരം അവസരത്തിനൊത്ത് ഇത്തവണ ഉയര്‍ന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലാണ് അര്‍ജന്റീന അല്‍വാരസിനെ കളത്തിലിറക്കുന്നത്. ഇത് നിര്‍ണ്ണായക നീക്കമായി മാറി. നാല് ഗോളുകള്‍ അല്‍വാരസ് ഇതിനോടകം നേടി. അഞ്ച് ഗോളുമായി മെസിയാണ് മുന്നില്‍.
പോളണ്ടിനും ഓസ്‌ട്രേലിയക്കുമെതിരേ വലകുലുക്കിയ അല്‍വാരസ് ക്രൊയേഷ്യക്കെതിരേ ഇരട്ട ഗോളുമായാണ് മിന്നിച്ചത്. ഗോള്‍ഡന്‍ ബൂട്ടിനായി താരം സജീവമായി രംഗത്തുണ്ട്. എന്നാല്‍ അര്‍ഹതക്കൊത്ത പ്രശംസ അല്‍വാരസിന് ലഭിക്കുന്നില്ലെന്ന് പറയാം.

ലയണല്‍ സ്‌കലോണി
ഇത്തവണത്തെ അര്‍ജന്റീനയുടെ കുതിപ്പിന് പിന്നില്‍ ഏറ്റവും കൈയടി അര്‍ഹിക്കുന്നത് പരിശീലകന്‍ ലയണല്‍ സ്‌കലോണിയാണ്. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ഇത്തവണ ക്ലിക്കായെന്ന് തന്നെ പറയാം. തോല്‍വിയോടെ തുടങ്ങിയ ടീമിനെ ഫൈനലിലേക്കെത്തിക്കാന്‍ സ്‌കലോണിക്കായി.
മെസിക്കൊപ്പം നില്‍ക്കുന്ന കോച്ചാണ് സ്‌കലോണി. ടീമിന്റെ ആത്മവിശ്വാസം താഴോട്ട് പോകാതെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിനായി. വൈകാരികമായി ടീമിനെ കാണുന്ന പരിശീലകനാണ് സ്‌കലോണി. ഈ വൈകാരികയാണ് ടീമിന്റെ ശക്തിയെന്നും പറയാം.
അര്‍ജന്റീന ഫൈനലിലെത്തിയപ്പോള്‍ പലരും പ്രശംസിക്കാന്‍ മറക്കുന്ന പേരാണ് സ്‌കലോണിയുടേത്. എന്നാല്‍ ഇത്തവണത്തെ അര്‍ജന്റീനയുടെ കുതിപ്പിന് പിന്നിലെ ബുദ്ധി കേന്ദ്രമായ സ്‌കലോണി കൈയടികള്‍ അര്‍ഹിക്കുന്നു.