
ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചിടിപ്പ് പരകോടിയിലെത്തിയ 120 മിനിറ്റ്, ഒടുവില്‍ എന്തും സംഭവിക്കാവുന്ന പെനല്‍റ്റി ഷൂട്ടൗട്ട്, കടമ്പകളെല്ലാം താണ്ടി ആ സ്വര്‍ണക്കപ്പ് ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കൈകളിലേക്കു തന്നെ വന്നു. കാല്‍പന്തുകളിയിലെ പുതിയ രാജാക്കന്‍മാരായി അര്‍ജന്‍റീന മാറിയിരിക്കുകയാണ്. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു അര്‍ജന്റൈന്‍ വിജയം. നാലു കിക്കുകളും അര്‍ജന്റീന ഗോളാക്കിയപ്പോള്‍ ഫ്രാന്‍സിന്റെ ഒരു കിക്ക് ഗോളി എമിലിയാനോ മാര്‍ട്ടിനസ് തടുത്തിട്ടു. ഒരു ഷോട്ട് പുറത്തേക്കു പോവുകയും ചെയ്തു.
നിശ്ചിതസമയത്ത് 2-2നും അധികസമയത്തു 3-3നു കളി പിരിഞ്ഞതോടെ കണകളുടെ പിരിമുറുക്കം നിയന്ത്രണാതീതമായിരുന്നു. പക്ഷെ ഷൂട്ടൗട്ടില്‍ അര്‍ജന്റീന തങ്ങള്‍ അര്‍ഹിച്ച കിരീടം നേടിയെടുക്കുക തന്നെ ചെയ്തു. മെസ്സി അര്‍ജന്റീനയ്ക്കായി ഇരട്ട ഗോള്‍ (23, 108) കുറിച്ചപ്പോള്‍ മറ്റൊരു ഗോള്‍ എയ്ഞ്ചല്‍ ഡി മരിയയുടെ വകയായിരുന്നു. ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഹാട്രിക്ക് നേടി. 80, 81, 118 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 80ാം മിനിറ്റ് വരെ ഫ്രാന്‍സ് ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നു. ആദ്യ ഗോള്‍ വീണ ശേഷമാണ് അവര്‍ സടകുടഞ്ഞെഴുന്നേറ്റത്. പിന്നീട് തീപ്പൊരി കളി തന്നെയാണ് കണ്ടത്.

അര്‍ജന്റീനയുടെ മൂന്നാമത്തെ ലോകകപ്പ് നേട്ടമാണിത്. ഇതിനു മുമ്പ് 1986ല്‍ സാക്ഷാല്‍ ഡീഗോ മറഡോണയുടെ മാജിക്കല്‍ പ്രകടനത്തിന്റെ മികവിലായിരുന്നു അര്‍ജന്റീന വിശ്വ കിരീടത്തില്‍ മുത്തമിട്ടത്. ഇത്തവണ മറഡോണയുടെ പിന്‍ഗാമിയായ മെസ്സിയുടെ ഊഴമായിരുന്നു. ഗോളടിച്ചും അടിപ്പിച്ചും അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു കിരീടത്തിലേക്കു നയിക്കുകയായിരുന്നു.
നന്നായി തുടങ്ങി അര്‍ജന്റീന
വളരെ പോസിറ്റീവ് തുടക്കമായിരുന്നു അര്‍ജന്റീനയുടേത്. മറുഭാഗത്ത് ഫ്രഞ്ച് പട സമമ്മര്‍ദ്ദത്തിലാണ് കാണപ്പെട്ടത്. സ്വന്തം പെനല്‍റ്റി ബോക്‌സിനു പുറത്തു വച്ച് ഒരുപാട് മിസ് പാസുകള്‍ അവരുടെ ഭാഗത്തു നിന്നും കണ്ടു. ആദ്യത്തെ അഞ്ചു മിനിറ്റില്‍ അര്‍ജന്റീനയായിരുന്നു മികച്ച ടീം. ഡി മരിയ പ്ലെയിങ് ഇലവനിലേക്കു വന്നതോടെ കൂടുതല്‍ അഗ്രസീവായ അര്‍ജന്റീനയെയാണ് കണ്ടത്.
നല്ല ഒഴുക്കോടെ പാസ് ചെയ്്തു കളിക്കാന്‍ അര്‍ജന്റീനയ്്ക്കു കഴിഞ്ഞു. രണ്ടു ഗോളവസരങ്ങളും അവര്‍ക്കു ലഭിച്ചു. ആദ്യത്തേത് മൂന്നാം മിനിറ്റില്‍ അല്‍വാരസിന്റെ വകയായിരുന്നു. ഡി പോള്‍ ചിപ്പ് ചെയ്ത് ബോളില്‍ വോളിയായിരുന്നു താരം തൊടുത്തത്. പക്ഷെ അതു ഓഫ്‌സൈഡ് വിളിക്കപ്പെട്ടു. പിന്നാലെ മക്കലിസ്റ്റര്‍ ബോ്ക്‌സിനു പുറത്തു നിന്നും ഒരു ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചെങ്കിലും നേരെ ലോറിസിന്റെ കൈകളിലേക്കാണ് വന്നത്.

ഫ്രഞ്ച് മുന്നേറ്റം
ആദ്യത്തെ മുന്നേറ്റം നടത്താന്‍ ഫ്രാന്‍സിന്് 15ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടതായി വന്നു. ഇടതു വിങിലൂടെയായിരുന്നു ഇത്. റാബിയറ്റിനൊപ്പം വണ്‍ ടച്ച് പാസ് നല്‍കിയ എംബാപ്പെ ബോക്‌സിലേക്കു കുതിച്ചുകയറിയെങ്കിലും താരം ബോളിലേക്കു എത്തും മുമ്പ് ഗോള്‍കീപ്പര്‍ മാര്‍ട്ടിനസ് അതു പിടിയിലൊതുക്കി.
അവസരം തുലച്ച് ഡിമരിയ
17ാം മിനിറ്റില്‍ കളിയില്‍ മുന്നിലെത്താനുള്ള അവസരം അര്‍ജന്റന്‍ താരം എയഞ്ചല്‍ ഡി മരിയ നഷ്്ടപ്പെടുത്തി. വലതു വിങിലൂടെ മെസ്സിയും ഡിപോളും ചേര്‍ന്ന് നടത്തിയ മികച്ചൊരു നീക്കം. ഡി പോള്‍ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് നേരെ ഡിമരിയയിലേക്ക്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡി മരിയ പക്ഷെ അതു ക്രോസ് ബാറിനു മുകളിലൂടെ പുറത്തേകടിച്ചു പാഴാക്കുകയായിരുന്നു.
ജിറുഡിന്റെ ഡൈവിങ് ഹെഡ്ഡര്‍
രണ്ടു മിനിറ്റിനകം ഫ്രാന്‍സിന്റെ മറുപടി വന്നു. ഇടതു വിങിലൂടെ ഫ്രഞ്ച് ഡിഫന്‍ഡര്‍ ഹെര്‍ണാണ്ടസിന്റെ മിന്നല്‍ നീക്കം. പക്ഷെ ഇടതുവിങില്‍ വച്ച് താരം ഫൗള്‍ ചെയ്യപ്പെട്ടു. തുടര്‍ന്നു ഫ്രാന്‍സിന് ഫ്രീകിക്ക്. ഗ്രീസിന്റെ അളന്നുമുറിച്ചു നല്‍കിയ ഫ്രീകിക്കില്‍ ജിറൂഡ് ഡൈവിങ് ഹെഡ്ഡര്‍ പരീക്ഷിച്ചെങ്കിലും ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പുറത്തക്ക്.

ഗോള്‍!! മെസ്സി...
23ാ മിനിറ്റില്‍ അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. ഈ ഗോളിലേക്കുള്ള വഴി തുറന്നത് ഡിമരിയയയിരുന്നു. അല്‍വാരസ് നല്‍കിയ ബോളുമായി ഡി മരിയ നൃത്തച്ചുവടുകളുമായി ഇടതു വിങിലൂടെ ബോക്‌സിനകത്തേക്കു കയറി. എന്നാല്‍ ഡെംബെംല പിന്നില്‍ ഡി മരിയയെ വീഴ്ത്തിയതോടെ അര്‍ജന്റീനയ്ക്കു പെനല്‍റ്റി. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ എതിര്‍ ദിശയിലേക്കു വീഴ്ത്തി മെസ്സിയുടെ സുന്ദരമായ പെനല്‍റ്റി ഗോള്‍ (1-0).
വീണ്ടും ഗോള്‍!! ഡിമരിയ
36ാം മിനിറ്റില്‍ ആധിപത്യമുറപ്പിച്ചുകൊണ്ട് അര്‍ജന്റീന അടുത്ത വെടിയും പൊട്ടിച്ചു. ഇത്തവണ മനോഹരമായ ഒരു ടീം വര്‍ക്കില്‍ നിന്നായിരുന്നു ഈ കിടിലന്‍ ഗോള്‍. ഒരു അതിവേഗ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോളിന്റെ വരവ്. മെസ്സി ബൂട്ടിന്റെ പിറകു വശം കൊണ്ട് മറിച്ചു നല്‍കിയ ബോളുമായി മൈതാന മധ്യത്തു നിന്നു മക്കലിസ്റ്ററുടെ അതിവേഗ മുന്നേറ്റം. ഫ്രഞ്ച് പ്രതിരോധത്തെ ഛിന്നഭിന്നമാക്കി അദ്ദേഹം അതു ബോക്‌സിനു കുറുകെ നല്‍കിയപ്പോള്‍ ഇടതുഭാഗത്തു കൂടി പറന്നെത്തിയ ഡി മരിയ മനോഹരമായി അതു വലയിലേക്കു പ്ലേസ് ചെയ്തു (2-0)

താളം കിട്ടാതെ ഫ്രാന്‍സ്
തുടര്‍ന്നും അര്‍ജന്റീനയായിരുന്നു കളിക്കളത്തിലെ മികച്ച ടീം. മറുഭാഗത്ത് ടൂര്‍ണമെന്റില്‍ ഇതുവരെ കണ്ട ഫ്രാന്‍സിന്റെ നിഴല്‍ മാത്രമായിരുന്നു ഫ്രഞ്ച് ടീം. ആദ്യ പകുതിയില്‍ മികച്ച ഒരു ഗോള്‍ നീക്കമോ, ഗോളിലേക്കു ഷോട്ടോ ഫ്രാന്‍സിന്റെ ഭാഗത്തു നിന്നു കണ്ടില്ല. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പന്ത് പോലും കിട്ടാതെ വലയുന്നത് ദയനീയ കാഴ്ചയായിരുന്നു.
ലോറിസിന്റെ സേവ്
രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനകം അര്‍ജന്റീനയ്ക്കു ലീഡുയര്‍ത്താനുള്ള അവസരം. റൊമേരോ നല്‍കിയ ബോള്‍ ഡിമരിയക്ക്. ഇടതുവിങിലൂടെ പന്തുമായി ഡി മരിയയുടെ കുതിപ്പ്. സെക്കന്റ് പോസ്റ്റിനരികില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡി പോളിന് മരിയയുടെ ക്രോസ്. തകര്‍പ്പനൊരു വോളിയാണ് ഡി പോള്‍ തൊടുത്തത്. പക്ഷെ അതു നേരെ ലോറിസിന്റെ് കൈകളിലൊതുങ്ങുകയായിരുന്നു.

എംബാപ്പെയുടെ ഇരട്ട പ്രഹരം
അര്‍ജന്റീന വിജയാഘോഷം തുടങ്ങാനിരിക്കെയായിരുന്നു അത് സംഭവിച്ചത്. ഒരു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ മടക്കി ഫ്രഞ്ച് പട അര്‍ജന്റീനയെ സ്തബ്ധരാക്കി. 80, 81 മിനിറ്റുകളിലായിരുന്നു എംബാപ്പെയിലൂടെ ഫ്രാന്‍സിന്റെ ഇരട്ട പ്രഹരം. ഇടതു വിങിലൂടെ ബോളുമായി ബോക്‌സിലേക്കു പറന്നെത്തിയ കോളോ മുവാനിയെ ഒട്ടാമെന്‍ഡി ബോക്‌സിനുള്ളില്‍ പിടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി
തകര്‍പ്പനൊരു കിക്കിലൂടെ എംബാപ്പെ വയ്ക്കുള്ളിലാക്കി. തൊട്ടടുത്ത മിനിറ്റില്‍ തന്നെ എംബാപ്പെയിലൂടെ ഫ്രാന്‍സിന്റെ സമനില ഗോള്‍. ഹാഫ് ലൈനില്‍ നിന്നും ബോള്‍ പിടിച്ചെടുത്ത കോമാന്‍ അത് എംബാപ്പെയ്ക്കു നല്‍കി. എംബാപ്പെ തുറാമിന്. പിന്നാലെ തുറാം മറിച്ചു നല്‍കിയ ബോള്‍ ബോക്‌സിനുള്ളില്‍ നിന്നും താഴ്ന്ന വോളിയിലൂടെ ംഎംബാപ്പെ വലയിലേക്കു അടിച്ചുകയറ്റിയപ്പോള്‍ ഗോളി മാര്‍ട്ടിനസിന് ഒരിക്കല്‍ക്കൂടി മറുപടി ഇല്ലായിരുന്നു. പിന്നീട് അങ്ങോട്ട് ഫ്രഞ്ച് ആക്രമണമാണ് കണ്ടത്. ഇരട്ടഗോള്‍ പ്രഹരം അര്‍ജന്റീനയെ തളര്‍ത്തിയിരുന്നു.