Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: സൗദിയുടെ 'തീ' അണച്ച് പോളണ്ട്, അര്‍ജന്റീന ചെയ്യാത്ത തന്ത്രം പയറ്റി

1

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സിയില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് പോളണ്ട്. അര്‍ജന്റീനയെ വിറപ്പിച്ച സൗദിയുടെ തന്ത്രം പോളണ്ടിനെതിരേ ഫലം കണ്ടില്ല. 39ാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ പിയോറ്റര്‍ സിയെലെന്‍സ്‌കിയിലൂടെ പോളണ്ട് ലീഡെടുത്തപ്പോള്‍ 82ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് പോളണ്ടിന് രണ്ടാം ഗോള്‍ സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് ഗോള്‍രഹിത സമനില വഴങ്ങിയ പോളണ്ട് സൗദിയെ വീഴ്ത്തിയതോടെ നാല് പോയിന്റുമായി ഗ്രൂപ്പില്‍ തലപ്പത്തെത്തി.

പോളണ്ട് വിജയിച്ച തന്ത്രം ഇതാണ്

സൗദി അറേബ്യക്കെതിരേ പോളണ്ടിനെ വിജയിപ്പിച്ച തന്ത്രം പരുക്കന്‍ കളിയെന്ന് പറയാം. തുടക്കം മുതലേ പരുക്കന്‍ കളി പുറത്തെടുത്ത് പോളണ്ട് സൗദിക്ക് മുകളില്‍ മാനസിക മുന്‍തൂക്കം നേടി. പോളണ്ടിന്റെ തുടക്കത്തിലേയുള്ള ആക്രമണത്തിന്റെ ഫലമാണ് ആദ്യ 19 മിനുട്ടിനുള്ളില്‍ പിറന്ന മൂന്ന് മഞ്ഞക്കാര്‍ഡുകള്‍. അര്‍ജന്റീന മറന്ന പരുക്കന്‍ കളി തന്ത്രമാണ് പോളണ്ട് വിജയായുധമാക്കിയത്. 64 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിക്കാനും 8നെതിരേ 16 ഗോള്‍ശ്രമം നടത്താനും സൗദിക്കായെങ്കിലും ലക്ഷ്യം ബോധമില്ലാതെ പോയി.

സൗദി 'തീ' തന്നെ പക്ഷെ

അര്‍ജന്റീനയെ വിറപ്പിച്ച സൗദി അറേബ്യ തുടക്കം മുതല്‍ ഇതേ പോരാട്ടവീര്യമാണ് പോളണ്ടിനെതിരേയും കാഴ്ചവെച്ചത്. 13ാം മിനുട്ടില്‍ പോളണ്ട് വിറച്ചു. സൗദിയുടെ മുഹമ്മദ് കന്നോയുടെ ബോക്‌സിനുള്ളില്‍ നിന്നുള്ള മനോഹര ഷോട്ട് ഗോളെന്നുറപ്പിച്ചെങ്കിലും പോളണ്ട് ഗോളി സെസ്‌നി മനോഹരമായി തട്ടിയകറ്റി. 17ാം മിനുട്ടില്‍ സൗദിയുടെ മുഹമ്മദ് അല്‍ ബ്രേക്ക് ഗോള്‍പോസ്റ്റിലേക്ക് തൊടുത്ത ഷോട്ടും അപകടം ഉണ്ടാവും മുമ്പെ സെസ്‌നി ഇടപെട്ടു. 26ാം മിനുട്ടില്‍ പോളണ്ടിന്റെ ക്രിസ്റ്റിയന്‍ ബിലിക്കിന്റെ കോര്‍ണര്‍ കിക്ക് പ്രതിരോധം തട്ടിയകറ്റി. 35ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഫൗളില്‍ അലി അല്‍ ബുലൈഹിക്ക് പരിക്ക്. തുടക്കത്തിലേ ആക്രമണോത്സകത പിന്നീട് കാട്ടാന്‍ സൗദിക്കായില്ല.

1

ലീഡെടുത്ത് പോളണ്ട്

39ാം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ പിയോറ്റര്‍ സിയെലെന്‍സ്‌കിയാണ് പോളണ്ടിനെ മുന്നിലെത്തിച്ചത്. സൂപ്പര്‍ താരവും പോളണ്ട് നായകനുമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പാസ് സ്വീകരിച്ച സിയെലെന്‍സ്‌കി പന്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു. സൗദി അറേബ്യ കരുത്തരായതിനാല്‍ത്തന്നെ പരുക്കന്‍ കളിയാണ് പോളണ്ട് കാഴ്ചവെച്ചത്. 19 മിനുട്ടിനുള്ളില്‍ത്തന്നെ മൂന്ന് മഞ്ഞക്കാര്‍ഡ് പോളണ്ട് താരങ്ങള്‍ വാങ്ങി. സൗദിയെ ആദ്യ പകുതിയില്‍ സമ്മര്‍ദ്ദത്തിലാക്കിയത് പോളണ്ടിന്റെ ഈ പരുക്കന്‍ കളി തന്നെ.

പെനാല്‍റ്റി അവസരം തുലച്ചു

ഒപ്പമെത്താന്‍ ലഭിച്ച പെനാല്‍റ്റി അവസരം സൗദിക്ക് മുതലാക്കാനായില്ല. 44ാം മിനുട്ടില്‍ അല്‍ ഷെഹ് രിയെ ബിയാലെക്ക് വീഴ്ത്തിയതിന് വാര്‍ പരിശോധനയിലൂടെ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. സൗദിയുടെ വിശ്വസ്തനും നായകനുമായ സാലി അല്‍ ഷെഹ് രിയുടെ കിക്ക് പോളണ്ട് ഗോള്‍കീപ്പര്‍ സെസ്‌നി തകര്‍പ്പന്‍ സേവിലൂടെ തട്ടിയകറ്റി. പന്ത് റീബൗണ്ടായി സൗദി താരം അല്‍ ബുറൈക്കിന്റെ കാലിലേക്ക്. ഒഴിഞ്ഞ പോസ്റ്റിലേക്ക് ബുറൈക്കി തൊടുത്ത ഷോട്ടും സെസ്‌നി തട്ടിയകറ്റി. ആദ്യ പകുതിയില്‍ സെസ്‌നിയുടെ മികവ് സൗദിക്ക് വലിയ തിരിച്ചടിയായി.

സെസ്‌നിയുടെ ചോരാത്ത കൈകള്‍

സൗദി അറേബ്യയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്തത് പോളണ്ട് ഗോളി സെസ്‌നിയുടെ മികവാണ്. 55ാം മിനുട്ടില്‍ സൗദിയുടെ ഗോളെന്നുറപ്പിച്ച അവസരവും സെസ്‌നിയുടെ മികവിന് മുന്നില്‍ നിഷ്പ്രഭമായി. റീബൗണ്ട് പന്തില്‍ സലീമിന്റെ ഷോട്ട് ഗംഭീരമായാണ് സെസ്‌നി തടുത്തത്. വിസ്മയിപ്പിക്കുന്ന സേവുകളാണ് മത്സരത്തില്‍ സെസ്‌നി നടത്തിയതെന്ന് പറയാം. 63ാം മിനുട്ടില്‍ പോളണ്ടിന്റെ ക്യാഷിന്റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ ക്രോസ്ബാറിലടിച്ച് തെറിച്ചു. 65ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയുടെ ഷോട്ടും പോസ്റ്റിലടിച്ച് പുറത്തേക്ക്.

ലെവന്‍ഡോസ്‌കിയിലൂടെ രണ്ടാം ഗോള്‍

82ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയിലൂടെ പോളണ്ട് രണ്ടാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. സൗദി പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് പന്ത് ലഭിച്ചപ്പോള്‍ അനായാസം ലെവന്‍ഡോസ്‌കി പന്ത് പോസ്റ്റിലാക്കി. 90ാം മിനുട്ടില്‍ വലകുലുക്കാനുള്ള സുവര്‍ണ്ണാവസരം ലെവന്‍ഡോസ്‌കി പാഴാക്കുകയും ചെയ്തു. പ്രതിരോധ പിഴവില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണ്ണാവസരം ലക്ഷ്യത്തിലെത്തിക്കാന്‍ പോളണ്ട് നായകനായില്ല.

1

പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്ത് ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഡിയില്‍ ടുണീഷ്യയെ 1-0ന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് 4-1ന് തോറ്റ ഓസ്‌ട്രേലിയ ടുണീഷ്യയോട് നിര്‍ണ്ണായക ജയമാണ് നേടിയെടുത്തത്. പ്രതിരോധത്തിലെ മിടുക്കന്മാരോടാണ് ഓസ്‌ട്രേലിയ നന്ദി പറയേണ്ടത്. 23ാം മിനുട്ടില്‍ മിച്ച് ഡ്യൂക്ക് ഹെഡ്ഡറിലൂടെ ഓസീസിന്റെ വിജയഗോള്‍ നേടുകയായിരുന്നു. ടുണീഷ്യക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാനായില്ല. 58 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ടുണീഷ്യ 5നെതിരേ 12 ഗോള്‍ശ്രമവും നടത്തിയെങ്കിലും ഭാഗ്യം തുണക്കാതിരുന്നതോടെ തലകുനിക്കേണ്ടി വന്നു. ആദ്യ മത്സരത്തില്‍ ഡെന്മാര്‍ക്കിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ടുണീഷ്യ രണ്ടാം മത്സരത്തിലെ തോല്‍വിയോടെ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയും ചെയ്തു.

Story first published: Saturday, November 26, 2022, 20:45 [IST]
Other articles published on Nov 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+