Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: പെനല്‍റ്റി തുലച്ച് കെയ്ന്‍, ഇംഗ്ലണ്ട് വീണു, ഫ്രഞ്ച് പട സെമിയില്‍

1

ദോഹ: ഫിഫ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 2-1ന് തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് സെമിയിലേക്ക് മുന്നേറുകയായിരുന്നു. ഔറില്ലിയന്‍ ചൗമിന (17ാം മിനുട്ട്), ഒലിവര്‍ ജിറൗഡ് (78ാം മിനുട്ട്) എന്നിവര്‍ ഫ്രാന്‍സിനായി വലകുലുക്കിയപ്പോള്‍ 54ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. 84ാം മിനുട്ടില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി ഹാരി കെയ്ന്‍ നഷ്ടപ്പെടുത്തിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. സെമിയില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തിയെത്തിയ മൊറോക്കോയെയാണ് ഫ്രാന്‍സ് നേരിടുക.

ലൈനപ്പ് ഇങ്ങനെ

ക്വാര്‍ട്ടറില്‍ 4-1-2-3 ഫോര്‍മേഷനില്‍ ബൂട്ടണിഞ്ഞ ഇംഗ്ലണ്ടിനെ ഒലിവര്‍ ജിറൗഡിനെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മേഷനിലാണ് ഫ്രാന്‍സ് നേരിട്ടത്. തുടക്കത്തിലേ തന്നെ ഫ്രാന്‍സിന്റെ മുന്നേറ്റമാണ് കണ്ടത്. അതിവേഗ പാസുകളിലൂടെ ഫ്രാന്‍സ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. എന്നാല്‍ പ്രത്യാക്രമണവുമായി ഇംഗ്ലണ്ടും മികവ് കാട്ടി. മൂന്നാം മിനുട്ടില്‍ ഫ്രാന്‍സിന്റെ ബോക്‌സിലേക്ക് ഹാരി കെയ്ന്‍ പന്തെത്തിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ആറാം മിനുട്ടില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ലൂക്ക് ഷോ ബോക്‌സിലേക്കുയര്‍ത്തി നല്‍കിയെങ്കിലും ഹാരി മഗ്യൂര്‍ ഓഫ്‌സൈഡായി.

അവസരം നഷ്ടപ്പെടുത്തി ജിറൗഡ്

11ാം മിനുട്ടില്‍ അക്കൗണ്ട് തുറക്കാന്‍ ഫ്രാന്‍സിന് ലഭിച്ച അവസരത്തെ ഒലിവര്‍ ജിറൗഡിന് മുതലാക്കാനായില്ല. ബോക്‌സിലേക്കുയര്‍ന്നെത്തിയ ക്രോസില്‍ ജിറൗഡ് തലവെച്ചെങ്കിലും ഇംഗ്ലണ്ട് ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡിനെ മറികടക്കാനായില്ല. 15ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെയുടെ ക്രോസ് ഇംഗ്ലണ്ട് പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. ആദ്യ സമയത്ത് ഇംഗ്ലണ്ടിനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് ഫ്രാന്‍സ് കാഴ്ചവെച്ചത്.

fans

അക്കൗണ്ട് തുറന്ന് ഫ്രാന്‍സ്

17ാം മിനുട്ടില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഫ്രാന്‍സ് ലീഡെടുത്തു. അന്റോണിയോ ഗ്രിസ്മാന്റെ പാസില്‍ നിന്ന് ഔറില്ലിയന്‍ ചൗമിനയുടെ ലോങ് റേഞ്ച് ഷോട്ട് ഇംഗ്ലണ്ട് വലതുളക്കുകയായിരുന്നു. ഇംഗ്ലണ്ട് ഗോളി ഡൈവ് ചെയ്‌തെങ്കിലും പന്ത് പോസ്റ്റിന്റെ ഇടത് മൂലയിലെത്തി. ഫ്രാന്‍സ് 1-0ന് മുന്നില്‍. 20ാം മിനുട്ടില്‍ ബോക്‌സിന് പുറത്തുനിന്ന് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക്. ലൂക്ക് ഷോയുടെ ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് അനായാസമായി തടുത്തു.

22ാം മിനുട്ടില്‍ ഗോള്‍മടക്കാന്‍ ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌ന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. കെയ്ന്‍ ഫ്രഞ്ച് പ്രതിരോധത്തെ മറികടന്നെങ്കിലും ഗോളി ലോറിസ് മുന്നോട്ട് കയറി പന്ത് തട്ടിയകറ്റി. 25ാം മിനുട്ടില്‍ ഹാരി കെയ്‌നെ ബോക്‌സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി അനുവദിക്കാതെ റഫറി. വാര്‍ പരിശോധനക്കൊടുവിലും റഫറി വില്‍ട്ടന്‍ സാംപിയോ പെനാല്‍റ്റി അനുവദിച്ചില്ല. 29ാം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ ഫില്‍ ഫോഡന്റെ കോര്‍ണര്‍ ഫ്രഞ്ച് പ്രതിരോധത്തിന്റെ കൃത്യമായ ഇടപെടലില്‍ ഗോളാവാതെ മടങ്ങി.

1

ആദ്യ പകുതി ഫ്രാന്‍സിന് സ്വന്തം

ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ 1-0ന്റെ ലീഡ് സ്വന്തമാക്കാന്‍ ഫ്രാന്‍സിനായി. 58 ശതമാനം പന്തടക്കത്തിലും മൂന്നിനെതിരേ അഞ്ച് ഗോള്‍ശ്രമത്തിലും ഇംഗ്ലണ്ടാണ് മുന്നിട്ട് നിന്നതെങ്കിലും വലകുലുക്കാനായത് ഫ്രാന്‍സിനാണ്. ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് പല മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും അവയൊന്നും ഗോളാക്കിമാറ്റാനായില്ല. ഫ്രഞ്ച് ഗോളി ലോറിസിന്റെ മികവും ആദ്യ പകുതിയില്‍ ടീമിനെ തുണച്ചു. പ്രതിരോധത്തിലും ഫ്രഞ്ച് നിര മിടുക്കുകാട്ടി.

ആക്രമണം കടുപ്പിച്ച് ഇംഗ്ലണ്ട്

രണ്ടാം പകുതിയില്‍ ആക്രമണം കടുപ്പിച്ച് മുന്നേറുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടതാണ്. 52ാം മിനുട്ടില്‍ ബോക്‌സിനുള്ളില്‍ വില്‍ട്ടണ്‍ സാംപിയോയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനല്‍റ്റി. കിക്കെടുത്ത ഹാരി കെയ്‌ന് പിഴച്ചില്ല. ഫ്രഞ്ച് ഗോളി ലോറിസിന്റെ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പന്തെത്തി. 55ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ അഡ്രിയാന്‍ റാബിയോട്ട് ലോങ് ബോള്‍ പിടിച്ചെടുത്ത് ഷോട്ട് തൊടുത്തെങ്കിലും ഗോള്‍ കീപ്പറെ മറികടക്കാനായില്ല. മത്സരം സമനിലയിലേക്കായതോടെ വിജയഗോളിനായി ഇരു ടീമും പൊരുതി കളിച്ചു. 60ാം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ ബുക്കായോ സാക്കയുടെ മികച്ച ശ്രമം ലോറിസ് സേവ് ചെയ്തു.

അവസരം മുതലാക്കാനാവാതെ മഗ്യൂര്‍

ഫ്രീകിക്കില്‍ നിന്ന് ബോക്‌സിലേക്കെത്തിയ ക്രോസിനെ ഹാരി മഗ്യൂര്‍ ഹെഡ് ചെയ്ത് പോസ്റ്റിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യതയില്ലായിരുന്നു. പന്ത് മഗ്യൂറിന്റെ തലയില്‍കൊണ്ട് പോസ്റ്റിന്റെ ഇടത് മൂലയിലൂടെ പുറത്തേക്ക് പോയി. ഫ്രാന്‍സിനെ വിറപ്പിക്കുന്ന മുന്നേറ്റമാണ് രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് കാഴ്ചവെച്ചത്. 75ാം മിനുട്ടില്‍ ഹെഡറിലൂടെ ഗോള്‍ നേടാനുള്ള അവസരം ഒലിവര്‍ ജിറൗഡും നഷ്ടപ്പെടുത്തി. ജിറൗഡിന്റെ ഹെഡര്‍ പോസ്റ്റിന്റെ പുറത്തേക്ക് പോവുകയായിരുന്നു.

ജിറൗഡിലൂടെ ലീഡെടുത്ത് ഫ്രാന്‍സ്

77ാം മിനുട്ടില്‍ ഹെഡറിലൂടെ ഗോള്‍ നേടാനുള്ള ജിറൗഡിന്റെ ശ്രമം ഇംഗ്ലണ്ട് ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് മനോഹര ഡൈവിലൂടെ തട്ടിയകറ്റി. എന്നാല്‍ ഇതിന് പകരം വീട്ടി 78ാം മിനുട്ടില്‍ ഹെഡറിലൂടെത്തന്നെ ജിറൗഡ് വലകുലുക്കി. അന്റോണിയോ ഗ്രിസ്മാന്‍ ബോക്‌സിലേക്ക് നല്‍കിയ തകര്‍പ്പന്‍ ക്രോസിനെ ജിറൗഡ് തലവെച്ച് പോസ്റ്റിന്റെ ഇടത് മൂലയിലെത്തിക്കുകയായിരുന്നു. 80ാം മിനുട്ടില്‍ ഇംഗ്ലണ്ടിന്റെ മാസന്‍ മൗണ്ടിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനല്‍റ്റി. വാര്‍പരിശോധനയിലൂടെയാണ് ഇംഗ്ലണ്ടിന് പെനല്‍റ്റി അനുവദിച്ചത്.

1

പെനല്‍റ്റി നഷ്ടപ്പെടുത്തി ഹാരി കെയ്ന്‍

ഫ്രാന്‍സിന് ഒപ്പമെത്താന്‍ ലഭിച്ച സുവര്‍ണ്ണാവസരം ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ നഷ്ടപ്പെടുത്തി. ഫ്രഞ്ച് ഗോളി ലോറിസിന് യാതൊരു വെല്ലുവിളിയും ഉയര്‍ത്താതെ ഹാരി കെയ്‌ന്റെ ഷോട്ട് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്നു. അവസാന സമയങ്ങളില്‍ സമനിലയിലേക്കെത്താന്‍ പൊരുതി ഇംഗ്ലണ്ട്. 89ാം മിനുട്ടില്‍ ലോങ് റേഞ്ച് ഷോട്ടിലൂടെ വലകുലുക്കാനുള്ള ഇംഗ്ലണ്ടിന്റെ മാസന്‍ മൗണ്ടിന്റെ ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പോയി. ഇഞ്ചുറി ടൈമില്‍ ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കിനെ വലയിലെത്തിക്കാന്‍ റാഷ്‌ഫോര്‍ഡിനായില്ല. പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇംഗ്ലണ്ടിന് മടക്കടിക്കറ്റ് നല്‍കി ഫ്രാന്‍സ് സെമിയില്‍.

fans 2
Story first published: Sunday, December 11, 2022, 2:40 [IST]
Other articles published on Dec 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+