ദില്ലി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. പൊരുതി കളിച്ച ഇന്ത്യ 2-1ന് കൊളംബിയയോട് തോല്‍വി സമ്മതിക്കുകയായിരുന്നു. ആദ്യമത്സരത്തില്‍ അമേരിക്കയോട് തോറ്റതിനാല്‍ ഇന്ത്യയുടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതകള്‍ ഇതോടെ അസ്തമിച്ചിരിക്കുകയാണ്. മറ്റൊരു മത്സരത്തില്‍ പരാഗ്വേ 4-2ന് ന്യൂസിലാന്‍ഡിനെ കീഴടക്കി.
49ാം മിനിറ്റിലാണ് ഇന്ത്യ-കൊളംബിയ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ഇടത് കോര്‍ണറില്‍ നിന്നും യുവാന്‍ പെനാലോസയാണ് ഗോളി ധീരജിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ വല കുലുക്കിയത്.

എന്നാല്‍ കളിയുടെ 82ാം മിനിറ്റില്‍ ആ ചരിത്രമുഹൂര്‍ത്തം പിറന്നു. ഫിഫ ലോകകപ്പ് ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യത്തെ ഗോള്‍. ജീക്‌സണ്‍ തൗനജമാണ് ആ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
വലതുമൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്കിനെ മനോഹരമായ ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിലേക്ക് ചെത്തിയിടുകയായിരുന്നു. എന്നാല്‍ ഈ സന്തോഷത്തിന് ഒരു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പെനോലസയിലൂടെ കൊളംബിയ തിരിച്ചടിച്ചു.
ന്യൂസിലാന്‍ഡ്-പരാഗ്വേ മത്സരം ഏറെ രസകരമായിരുന്നു. ആദ്യ പകുതിയില്‍ ന്യൂസിലാന്‍ഡായിരുന്നു മുന്നിട്ട് നിന്നത്. രണ്ട് സെല്‍ഫ് ഗോളുകളാണ് വിജയികള്‍ വഴങ്ങിയത്. എന്നിട്ടും 4-2ന്‍രെ ആധികാരിക വിജയം സ്വന്തമാക്കാന്‍ പരാഗ്വേയ്ക്ക് സാധിച്ചു. രണ്ടു കളികളില്‍ നിന്നും ആറുപോയിന്റ് നേടിയ പരാഗ്വേ ഇതിനകം പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ട്.