ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു, നവംബര്‍ 21ന് കിക്കോഫ്
ദോഹ: 2022ലെ ഖത്തര്‍ ലോകകപ്പിന്റെ മത്സര ക്രമം പ്രഖ്യാപിച്ച് ഫിഫ. നവംബര്‍ 21ന് അല്‍ ഖോരിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഡിസംബര്‍ 18ന് ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലാവും ഫൈനല്‍ അരങ്ങേറുക. ഖത്തറില്‍ സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ദൂരം അടുത്തായതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ദിവസം നാല് മത്സരങ്ങള്‍ വീതമാകും നടക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാവും ആദ്യമത്സരം നടക്കുക. പിന്നീട് 6.30,9.30,രാത്രി 12.30 എന്നീ സമയങ്ങളിലാവും ഇന്ത്യയില്‍ മത്സരം സംപ്രേഷണം ചെയ്യുക. നേരത്തെ ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ ചിലപ്പോള്‍ വര്‍ധനവുണ്ടായേക്കുമെന്ന അഭ്യൂഹം നിലനിന്നിരുന്നെങ്കിലും 32 ടീമുകള്‍തന്നെയാവും ഖത്തര്‍ ലോകകപ്പിലും പങ്കെടുക്കുക. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 8.30,12.30 ആയിരിക്കും നടക്കുക.സെമി ഫൈനല്‍ ഇന്ത്യന്‍ സമയം രാത്രി 12.30നും ലൂസേഴ്‌സ് ഫൈനലും ഫൈനലും ഇന്ത്യന്‍ സമയം രാത്രി 8.30നുമാവും നടക്കുക.
നേരത്തെ മുതല്‍ ലോകകപ്പിനായുള്ള മുന്നൊരുക്കം ഖത്തര്‍ ആരംഭിച്ചിരുന്നു. പുതിയ സ്റ്റേഡിയങ്ങളുള്‍പ്പെടെ വിപുലമായ സജീകരണത്തോടെ ഫുട്‌ബോള്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ തയ്യാറെടുത്ത് കഴിഞ്ഞു.ക്രിസ്തുമസിന് ഒരാഴ്ച മുമ്പാവും ലോകകപ്പ് അവസാനിക്കുക. 12 ദിവസമാവും ഗ്രൂപ്പ് മത്സരങ്ങള്‍ നീണ്ടുനില്‍ക്കുക. ഗ്രൂപ്പുഘട്ട മത്സരങ്ങളുടെ വേദികള്‍ ഏതൊക്കെയെന്ന് തീരുമാനിച്ചിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,ലയണല്‍ മെസ്സി എന്നീ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ അവസാന ഫുട്‌ബോള്‍ ലോകകപ്പാവും ഖത്തറില്‍ അരങ്ങേറുക. ഇതിന് ശേഷം ഇരുവരും ലോകകപ്പ് കളിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. ക്ലബ്ബ് ഫുട്‌ബോളില്‍ നേട്ടങ്ങള്‍ ഒരുപാട് സ്വന്തമാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ടെങ്കിലും വിശ്വകിരീടം നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

റഷ്യയില്‍ നടന്ന അവസാന ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചെങ്കിലും മെസ്സി നിരാശപ്പെടുത്തിയിരുന്നു. സ്‌പെയിനെതിരേ ഹാട്രിക്ക് നേടി റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമനില സമ്മാനിച്ചത് ഇന്നും ആരാധക മനസില്‍ മറക്കാതെ അവശേഷിക്കുന്നു. റഷ്യന്‍ ലോകകപ്പിലെ തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ ടീമുകള്‍ സ്വീകരിച്ച് കഴിഞ്ഞു. റഷ്യയില്‍ നിരാശപ്പെടുത്തിയ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിക്ക് ഖത്തറില്‍ തിരിച്ചുവരവ് നടത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. സൗത്ത്‌ഗേറ്റിന് ഇംഗ്ലണ്ട് നിരയെ ചാമ്പ്യന്മാരാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഖത്തറിലുള്ളത്. ഇത്തവണ മികച്ച ടീം തന്നെ ഇംഗ്ലണ്ടിനുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും കരുത്തരാണ്. റഷ്യയില്‍ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിലുണ്ടായിരുന്ന പോഗ്ബ, ഗ്രിസ്മാന്‍, കാന്റെ, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിയവരെല്ലാം ഖത്തര്‍ ലോകകപ്പിലും ഫ്രഞ്ച് നിരയിലുണ്ടാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications