സൂറിച്ച്: 2016ലെ ഫിഫയുടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്കെന്ന് റിപ്പോര്‍ട്ട്. ഫിഫയുടെ ഔദ്യോഗക വെബ്‌സൈറ്റിലൂടെ അബദ്ധത്തില്‍ ഈ വിവരം പുറത്താകുകയായിരുന്നെന്ന് ഡച്ച് മാധ്യമ പ്രവര്‍ത്തകനായ മൈക്കല്‍ അബിങ്ക് ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയെ 5 കിരീടങ്ങളിലേക്ക് നയിച്ചത് മെസ്സിയുടെ മികവാണ്. അതുകൊണ്ടുതന്നെ മെസ്സിക്കു തന്നെയാകും ഇത്തവണത്തെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം എന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. എങ്കിലും പുരക്‌സാരം പ്രഖ്യാപിക്കുന്നതുവരെ ഫിഫ അക്കാര്യം രഹസ്യമാക്കിവെക്കുകയായിരുന്നു പതിവ്.

എന്നാല്‍, വെബ്‌സൈറ്റിലെ ചില സാങ്കേതികപ്പിഴവുമൂലം അബദ്ധത്തില്‍ പുരസ്‌കാര ജേതാവിന്റെ പേര് പുറത്താവുകയായിരുന്നെന്ന് മൈക്കല്‍ പറയുന്നു. ഫിഫയുടെ പേജിന്റെ സ്‌ക്രീന്‍ ഷോട്ടും മൈക്കല്‍ ട്വിറ്റര്‍വഴി പുറത്തുവിട്ടിട്ടുണ്ട്. റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാമതും, ബാഴ്‌സലോണ താരം നെയ്മര്‍ മൂന്നാമതും എത്തുമെന്നാണ് സൂചന.
അതേസമയം, പ്രചരിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് ഫിഫ പറയുന്നത്. ഈ മാസം 11ന് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും. അതിനിടയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് പതിവാണ്. വെബ്‌സൈറ്റ് വഴി മെസ്സിയുടെ പേര് പുറത്തായെന്നത് അടിസ്ഥാനമില്ലാത്തതാണെന്നും ഫിഫ അധികൃതര്‍ വ്യക്തമാക്കി.