ഫറ്റോര്‍ഡ: ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലെത്താനുള്ള സുവര്‍ണാവസരം മുന്‍ റണ്ണറപ്പായ എഫ്‌സി ഗോവ പാഴാക്കി. ഹോം മാച്ചില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായാണ് ഗോവ 2-2നു സമനില കൊണ്ടു തൃപ്തിപ്പെട്ടത്. ജയിക്കാമായിരുന്ന മല്‍സരത്തില്‍ രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ഗോവ സമനിലയിലേക്കു വീണത്.

ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടം പുറത്തെടുത്തതോടെ മല്‍സരം ആവേശകരമായി മാറി. 42ാം മിനിറ്റില്‍ മന്ദര്‍ റാവു ദേശായിയിലൂടെ ഗോവ അക്കൗണ്ട് തുറന്നെങ്കിലും ലീഡിന് മൂന്നു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ഒന്നാംപകുതി തീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെ മാര്‍സീഞ്ഞോ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു.

രണ്ടാംപകുതിയിലും ഇരുടീമും ഗോളിനായി കിണഞ്ഞു പരിശ്രമിച്ചു. 53ാം മിനിറ്റില്‍ ഫെറന്‍ കൊറോമിനാസിലൂടെ ഗോവ ലീഡ് തിരിച്ചുപിടിക്കുകയും ചെയ്തു. ഈ ലീഡും നിലനിര്‍ത്താന്‍ ഗോവയ്ക്കായില്ല. 71ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഒരിക്കല്‍ക്കൂടി ഗോവയെ ഞെട്ടിച്ച് ഗോള്‍ മടക്കി. ജോണ്‍ മൊസ്‌ക്വേറയുടെ വകയായിരുന്നു ഗോള്‍.

മല്‍സരം സമനിലയില്‍ കലാശിച്ചെങ്കിലും ലീഗില്‍ ഒരുസ്ഥാനം മെച്ചപ്പെടുത്താന്‍ ഗോവയ്ക്കു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ഗോവ പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി. നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ലീഗില്‍ നാലാമതെത്താന്‍ ഗോവയ്ക്കാവുമായിരുന്നു. 12 മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റ് മാത്രമാണ് ഒമ്പതാംസ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന്റെ അക്കൗണ്ടിലുള്ളത്.