മഡ്ഗാവ്: ഐഎസ്എല്ലിന്റെ ഈ സീസണണില്‍ മികച്ച ഫോമില്‍ കളിക്കുന്ന രണ്ടു ടീമുകള്‍ തമ്മിലുള്ള പോരില്‍ എഫ്‌സി ഗോവയും ജംഷഡ്പൂര്‍ എഫ്‌സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗോവയില്‍ നടന്ന പോരില്‍ ഇരുടീമും ജയത്തിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കളി ഗോള്‍ഡരഹിതമായി കലാശിച്ചതോടെ പോയിന്റ് പട്ടികയില്‍ ഇരുടീമുകളുടെയും സ്ഥാനത്തിനും മാറ്റമില്ല. 21 പോയിന്റോടെ ഗോവ നാലാംസ്ഥാനത്തും 20 പോയിന്റുമായി ജംഷഡ്പൂര്‍ അഞ്ചാംസ്ഥാനത്തും നില്‍ക്കുന്നു.

ബോള്‍ പൊസെഷനില്‍ ഇരുടീമുകളും ഇഞ്ചോഞ്ച് തന്നെ പിടിച്ചുനിന്നെങ്കിലും ഗോള്‍ ഷോട്ടുകളിലും ഓണ്‍ ടാര്‍ജറ്റിലുമെല്ലാം ഗോവ എറെ മുന്നിലായിരുന്നു. എട്ടു ഷോട്ടുകളില്‍ ഗോവയുടെ അഞ്ചും ഓണ്‍ ടാര്‍ജറ്റായിരുന്നു. എന്നാല്‍ ജംഷഡ്പൂരിന്റെ അഞ്ചു ഷോട്ടുകളില്‍ ഒന്നു മാത്രമാണ് ഗോളാവേണ്ടിയിരുന്നത്. ജംഷഡ്പൂര്‍ ഗോളി സുബ്രതാ പോളിന്റെ ചില മിന്നുന്ന സേവുകളാണ് ഗോവയ്ക്കു ഗോള്‍ നിഷേധിച്ചത്.
കളിയുടെ ആദ്യ പകുതി തീര്‍ത്തും വിരസമായിരുന്നു. ഗോളിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. രണ്ടാംപകുതിയില്‍ കുറേക്കൂടി തുറന്ന പോരായിരുന്നു. 84ാം മിനിറ്റില്‍ സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസിലൂടെ ഗോവ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. എന്നാല്‍ രണ്ടു ജംഷഡ്പൂര്‍ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് ബോക്‌സിനുള്ളില്‍ വച്ച് കോറോ തൊടുത്ത ഷോട്ട് ജംഷഡ്പൂര്‍ ഗോളി സുബ്രത ബ്ലോക്ക് ചെയ്യുകയായിരുന്നു.