Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ചാംപ്യന്‍മാര്‍ക്ക് രക്ഷയില്ല, രണ്ടാം തോല്‍വി... ചെന്നൈയെ തകര്‍ത്ത് ഗോവ (3-1)

ചെന്നൈ: ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ നിലവിലെ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയുടെ കഷ്ടകാലം തുടരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ചെന്നൈ തോല്‍വിയേറ്റുവാങ്ങി. ഹോംഗ്രൗണ്ടില്‍ നടന്ന സീസണിലെ ആദ്യ കളിയില്‍ എഫ്‌സി ഗോവ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ചെന്നൈയെ തകര്‍ത്തുവിടുകയായിരുന്നു. നേരത്തേ ആദ്യറൗണ്ടില്‍ ബെംഗളൂരു എഫ്‌സിയോടും ചെന്നൈ എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങിയിരുന്നു.

1

സ്പാനിഷ് താരം എഡു ബേഡിയ (12ാം മിനിറ്റ്), ഫെറാന്‍ കൊറോമിനോസ് (53), മൊര്‍ത്താദ ഫാള്‍ (80) എന്നിവര്‍ നേടിയ ഗോളുകളാണ് ഗോവയ്ക്കു ജയവും വിലപ്പെട്ട മൂന്നു പോയിന്റും നേടിക്കൊടുത്തത്. ഇഞ്ചുറിടൈമില്‍ എലി സാബിയയാണ് ചെന്നൈയുടെ ആശ്വാസ ഗോള്‍ മടക്കിയത്. സീസണില്‍ ഗോവയുടെ ആദ്യ ജയം കൂടിയാണിത്. കഴിഞ്ഞ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി ഗോവ 2-2ന്റെ സമനില വഴങ്ങിയിരുന്നു. സ്‌കോര്‍ സൂചിപ്പിക്കുന്നതുപോലെ ദയനീയമായിരുന്നില്ല ചെന്നൈയുടെ പ്രകടനം. ഗോള്‍ നേടാന്‍ ചില സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും എല്ലാം ചെന്നൈ കളഞ്ഞുകുളിക്കുകയായിരുന്നു. ആദ്യപകുതിയില്‍ അനിരുദ്ധ് ഥാപ്പ രണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ രണ്ടാംപകുതിയില്‍ റാഫേല്‍ അഗസ്റ്റോയും നല്ല അവസരങ്ങള്‍ പാഴാക്കി.

12ാം മിനിറ്റില്‍ സ്പാനിഷ് താരം എഡു ബേഡിയ നേടിയ ഗോളിലാണ് ഗോവ അക്കൗണ്ട് തുറക്കുന്നത്. ത്രോയ്‌ക്കൊടുവില്‍ വലതു മൂലയില്‍ നിന്നും ലെന്നി റോഡ്രിഗസ് ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ചെന്നൈക്കു പിഴച്ചപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന എഡു ഗ്രൗണ്ട് ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവരികയെന്ന ചെന്നൈയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചാണ് 53ാം മിനിറ്റില്‍ കോറോയിലൂടെ ഗോവ രണ്ടാം ഗോളും അടിച്ചുകയറ്റിയത്. ആദ്യഗോളിനെ ഏറക്കുറെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ ഗോളും. വലതു മൂലയില്‍ നിന്നും ബൗമോ ബോക്‌സിനു കുറുകെ ചെത്തിയിട്ട ക്രോസ് ക്ലിയര്‍ ചെയ്യാതെ ചെന്നൈയുടെ മൂന്നു പേര്‍ നോക്കി നിന്നപ്പോള്‍ തക്കംപാര്‍ത്തു നിന്ന കോറോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പന്ത് വലയിലേക്കു അടിച്ചുകയറ്റുകയായിരുന്നു.

80ാം മിനിറ്റില്‍ മൊര്‍ത്താദ ഗോവയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. കോര്‍ണറിനൊടുവില്‍ ജാഹു ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസ് തല കൊണ്ട് മൊര്‍ത്താദ വലയിലേക്ക് വഴി തിരിച്ചുവിട്ടപ്പോള്‍ ഗോളി നിസ്സഹായനായി. ഇ‍ഞ്ചുറിടൈമില്‍ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് സാബിയയാണ് ചെന്നൈയെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്.

Story first published: Saturday, October 6, 2018, 21:34 [IST]
Other articles published on Oct 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+