
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന എഫ്‌സി ഗോവയും രണ്ടു തവണ ചാംപ്യന്‍മാരായ എടിക്കെയും തമ്മിലുള്ള പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ അറ്റാക്കിങ് ഫുട്‌ബോള്‍ കളിച്ച ഗോവയെ എടിക്കെ സമര്‍ഥമായി പൂട്ടുകയായിരുന്നു. കളിയില്‍ ഗോവയ്ക്കായിരുന്നു മേല്‍ക്കൈ. 74 ശതമാനലും പന്ത് കൈവശം വച്ച ഗോവ പരീക്ഷിച്ച ഒമ്പത് ഷോട്ടുകളില്‍ അഞ്ചും ഓണ്‍ ടാര്‍ഗറ്റായിരുന്നു.
സൂപ്പര്‍ താരം ഫെറാന്‍ കൊറാമിനോസിനെ തളയ്ക്കാന്‍ എടിക്കെ ചുമതലപ്പെടുത്തിയത് ആന്ദ്രെ ബിക്കെയെയും ജോണ്‍ ജോണണ്‍സനെയുമായിരുന്നു. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തതോടെ ഗോവയുടെ മുന്നേറ്റങ്ങളുടെ മുനയൊടിയുകയും ചെയ്തു. മറുഭാഗത്ത് എടിക്കെയ്ക്കു ഗോള്‍ നേടി മല്‍സരം വരുതിയിലാക്കാന്‍ ചില അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ എവേര്‍ട്ടന്‍ സാന്റോസിന്റെ ഫിനിഷിങിലെ പിഴവുകള്‍ അവര്‍ക്കു വിനയാവുകയായിരുന്നു.
ആധിപത്യം പുലര്‍ത്തിയ മല്‍സരം ജയിക്കാനായില്ലെങ്കിലും സമനിലയോടെ പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്താന്‍ ഗോവയ്ക്കു കഴിഞ്ഞു. എടിക്കെയ്‌ക്കെതിരേ നേടിയ ഒരു പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ മറികടന്ന് ഗോവ ലീഗില്‍ രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു. ഇരുടീമിനും 17 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ശരാശരി ഗോവയെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ 12 പോയിന്റോടെ എടിക്കെ ലീഗില്‍ ആറാംസ്ഥാനത്തു തന്നെ തുടരുകയാണ്.