തൃശൂര്‍: ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒരുങ്ങി. ലോകകപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാന്‍ വിജ്ഞാന പ്രദമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് വിദ്യാലയം. ബുധനാഴ്ച സ്‌കൂള്‍ യൂണിഫോമിന് വിട നല്‍കി. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ ജഴ്‌സണിയഞ്ഞാണ് കുട്ടികള്‍ വിദ്യാലയത്തിലേക്കെത്തിയത്. രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് ജഴ്‌സിയണിഞ്ഞെത്തിയത്. അര്‍ജന്റീനയും ബ്രസീലുമാണ് കുട്ടി ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ടീമുകള്‍. ജര്‍മനിയ്ക്കും സ്‌പെയിനിനുമാണ് രണ്ടാംസ്ഥാനം.
ലോകകപ്പ് കളിച്ച മലയാളി താരവും തൃശൂരിന്റെ അഭിമാനവുമായ കെ.പി. രാഹുല്‍ 12 ഓടെ സ്‌കൂള്‍ അസംബ്ലിയില്‍ ഔദ്യോഗികമായി പതാക ഉയര്‍ത്തിയതോടെ കാല്‍പ്പന്തുകളിയുടെ ആവേശപൂരത്തിന് തുടക്കംകുറിച്ചു. അസംബ്ലിയില്‍വച്ചുതന്നെ വിവിധ മത്സരങ്ങള്‍ അരങ്ങേറി. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും പതാകകളുടെയും പിന്നിലാണ് കുട്ടികള്‍ അണിനിരന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളും പ്രവചന മത്സരവും തല്‍സമയം തന്നെ നടന്നു. ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ഫൈനല്‍ ജേതാക്കളെ പ്രവചിക്കുന്നവര്‍ക്കായി പ്രത്യേകം പാരിതോഷികങ്ങളും സജ്ജമാക്കിയിരുന്നു. ലോകകപ്പിലെ ചില ടീമുകളുടെ ജഴ്‌സികള്‍ അപൂര്‍വമായി മാത്രം ലഭിക്കുന്നവയാണ്. അവ ധരിച്ച് വരുന്നവര്‍ക്ക് സമ്മാനം ലഭിച്ചു. ഉച്ചയ്ക്കുശേഷം വേള്‍ഡ് ഇലവനും കാല്‍ഡിയന്‍ ഇലവനും തമ്മില്‍ നടക്കുന്ന സൗഹൃദമത്സരം ഉണ്ടായിരുന്നു. കാല്‍ഡിയന്‍ ഇലവന്‍ ജേതാക്കളായി.

ഫുട്‌ബോളിലെ അതികായന്മാരായ പെലെയുടെ കൈയൊപ്പ് പതിഞ്ഞ ജഴ്‌സിയും മറഡോണ കൈയൊപ്പു ചാര്‍ത്തിയ ഫുട്‌ബോളും കാല്‍ഡിയന്‍ സ്‌കൂളിന്റെ സ്വകാര്യ അഹങ്കാരമാണ്. ഇന്ത്യയിലെ മറ്റൊരു വിദ്യാലയത്തിനും ലഭിക്കാത്ത ഈ അമൂല്യനിധികള്‍ ലോകകപ്പ് നടക്കുന്ന ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ വിദേശത്തുനിന്നു സമ്പാദിച്ച ലോകകപ്പിന്റെ അപൂര്‍വ മാതൃകയും കുട്ടികളെ പരിചയപ്പെടുത്തും. ലോകകപ്പ് മത്സരത്തില്‍നിന്ന് പുറത്താകുന്ന ക്രമത്തില്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന പതാകകള്‍ നീക്കം ചെയ്യും.

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം പുറ്റേക്കര സെന്റ്‌ജോര്‍ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരവമായി മാറി. ലോകകപ്പ് ഫുട്‌ബോള്‍ വരവേല്‍പ്പിന്റെ ഭാഗമായി പ്രതീകാത്മക ബ്രസീല്‍ അര്‍ജന്റീന ടീമുകളുടെ മത്സരം നടത്തി.
മത്സരങ്ങളുടെ ഉദ്ഘാടനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജയലത കെ. ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജിന്‍സണ്‍ കെ.എല്‍., ധന്യ. ടി.യു, മാനേജ്‌മെന്റ് പ്രതിനിധികളായ ബിജു ജോര്‍ജ്, സാജോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റുകൊണ്ട് തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോകകപ്പ് വിജയപ്രവചന മത്സരം നടക്കുന്നു. ലോകകപ്പിലെ വിജയ ടീം ആരാകും, ഫൈനലില്‍ ഏറ്റുമുട്ടുക ഏതു ടീമുകള്‍ ആകും, എത്ര ഗോള്‍ വര്‍ഷിക്കും, ആരായിരിക്കും ലോകകപ്പിലെ താരം എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ പ്രവചിക്കുന്നു. കമലാ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളിലെ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളില്‍ ആവേശവും കളിയാരവവും നല്‍കിക്കൊണ്ട് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ ക്ലാസിലെയും വിദ്യാര്‍ഥികള്‍ നിറഞ്ഞ ആരവത്തോടെ തങ്ങളുടെ ഇഷ്ട ടീം വിജയിയായി പ്രഖ്യാപിച്ചു പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചു കഴിഞ്ഞു. ലോകകപ്പ് മത്സരശേഷം പ്രവചന വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് കായിക അധ്യാപകന്‍ മെറിന്‍ സി. ചിന്നന്‍ അറിയിച്ചു.