നിയോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ഏഴു തവണ യൂറോപ്യന്‍ ചാംപ്യന്‍മാരായ ഇറ്റാലിയന്‍ അതികായന്‍മാരായ എസി മിലാന്‍ ഇംഗ്ലണ്ടിലെ സൂപ്പര്‍ ടീം ആഴ്സനലുമായി കൊമ്പുകോര്‍ക്കും. ഇത്തവണത്തെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പിലെ പ്രധാന ആകര്‍ഷണം കൂടിയാണ് മിലാന്‍-ആഴ്‌സനല്‍ ത്രില്ലര്‍.

2012ലെ യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലിനു ശേഷം ഇതാദ്യമായാണ് ആഴ്‌സനലും മിലാനും നേര്‍ക്കുനേര്‍ വരുന്നത്. അന്നു ഇരുപാദങ്ങളിലുമായി മിലാനെ 4-3ന് പരാജയപ്പെടുത്തി ആഴ്‌സനല്‍ അവസാന എട്ടിലേക്ക് മുന്നേറിയിരുന്നു.

ഇത്തവണത്തെ യൂറോപ്പ ലീഗിലെ മറ്റു പ്രീക്വാര്‍ട്ടറുകളില്‍ അത്‌ലറ്റികോ മാഡ്രിഡ് ലോക്കോമോട്ടീവ് മോസ്‌കോയെയും ലാസിയോ ഡയനാമോ കീവിനെയും ബൊറൂസ്യ ഡോട്മുണ്ട് എഫ്‌സി സാല്‍സ്ബര്‍ഗിനെയും ഒളിംപിക് ലിയോണ്‍ സിഎസ്‌കെഎ മോസ്‌കോയെയും മാഴ്‌സെ അത്‌ലറ്റിക് ബില്‍ബാവോയെയും സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ലെയ്പ്ഷിഗിനെയും സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ വിക്‌ടോറിയ പ്ലെസനെയും നേരിടും.